കനത്ത ചൂടിനിടെ ഒമാനിൽ വിവിധയിടങ്ങളിൽ മഴ; ചിലയിടങ്ങളിൽ ആലിപ്പഴ വർഷം, ജാഗ്രതാ നിർദേശം

മസ്‌കത്ത്: ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ കനത്ത ചൂട് തുടരുന്നതിനിടെ വിവിധയിടങ്ങളിൽ ആശ്വാസത്തിന്റെ വേനൽ മഴയെത്തി. മഴക്കൊപ്പം കാറ്റും തുടരുന്നതിനാൽ ചില പ്രദേശങ്ങളിൽ കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വാഹനയാത്രികർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത അകലം ഉറപ്പാക്കി മാത്രമേ വാഹനമോടിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മസ്കത്ത് ഗവർണറേറ്റിൽ ഏതാനും ദിവസങ്ങളായി ചൂടിന് ശമനമുണ്ട്. രാവിലെയും വൈകീട്ടും ഇളം തണുപ്പുള്ള കാറ്റ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിന് കിഴക്കുള്ള വാദി അൽ ഐൻ പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു.  രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജബൽ ഷംസ് മേഖലയിലും ശക്തമായ മഴ ലഭിച്ചു. ജബൽ അഖ്ദർ പ്രദേശത്ത്   മഴക്കൊപ്പം ആലിപ്പഴ വർഷവും അനുഭവപ്പെട്ടു.

 

ഈ മേഖലകളിലൂടെ യാത്ര ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദാഹിറ ഗവർണറേറ്റിലെ യാങ്കുൽ വിലായത്തിലും  മഴ ലഭിച്ചു. മുദൈബി വിലായത്തിലെ ബഅ്ദ് ഗ്രാമത്തിലും മഴ ലഭിച്ചു. മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Rain lashes various parts of Oman amidst intense heat; hailstorms reported in some areas, warning issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.