ജീവിതത്തിൽ ചില ഓർമകൾ കാലം എത്ര കടന്നുപോയാലും മനസ്സിൽ മായാതെ നിലനിൽക്കും. അവ വെറും ഓർമകൾ മാത്രമല്ല; നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ ബാല്യകാല ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അത്തരം ഓർമകളിലൊന്നാണ് ലോകകപ്പ് ഫുട്ബാൾ രാത്രികൾ.
മോറാഴ പാളിയത്തുവളപ്പിലെ കർഷക വായനശാല, ലോകകപ്പ് സീസൺ എത്തുമ്പോൾ ആ ചെറിയ വായനശാല ഒരു ഫുട്ബോൾ സ്റ്റേഡിയമായി മാറുമായിരുന്നു. നാട്ടിലെ കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, പ്രായഭേദമന്യേ എല്ലാവരും ഒത്തുകൂടിയിരുന്ന ഒരിക്കലും തിരിച്ചുകിട്ടാത്ത ആ സുവർണ കാലം. അന്ന് പല വീടുകളിലും ടെലിവിഷൻ ഇല്ലാതിരുന്ന കാലത്ത് ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന മത്സരങ്ങൾ കാണാനുള്ള ജനാലയായിരുന്നു ആ വായനശാല.
ഓരോ മത്സരവും ഞങ്ങൾക്ക് ഒരു ഉത്സവമായിരുന്നു. മത്സരം നടക്കുമ്പോൾ വായനശാലയിൽ മുഴങ്ങുന്ന ആർപ്പുവിളികളും ഗോൾ വീഴുമ്പോഴുള്ള ആഘോഷങ്ങളും കാലമിത്ര കഴിഞ്ഞിട്ടും ഓർമ്മകളുടെ സംഗീതം പോലെ കാതിൽ മുഴങ്ങുന്നു.
എന്റെ ഫുട്ബാൾ പ്രണയത്തിന്റെ കേന്ദ്രം എപ്പോഴും അർജന്റീനയായിരുന്നു. ഓർമ്മവെച്ച കാലം മുതൽ അർജന്റീനയെ ഹൃദയത്തിൽ സ്വീകരിച്ചു. അന്ന് ടീമിലുണ്ടായിരുന്ന റിക്വെൽമെ, ടെവസ്, ആയ്മർ, ക്രെസ്പോ, മഷെറാനോ തുടങ്ങിയ താരങ്ങളെ ആരാധിച്ച ബാല്യം.
അതേ ടീമിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു; ലയണൽ മെസ്സി. പിന്നീട് ലോക ഫുട്ബോളിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച ആ താരത്തിന്റെ ആദ്യ ലോകകപ്പ് കാഴ്ചകൾ അത്ഭുതത്തോടെ കണ്ടിരുന്ന കാലം.
2006-ൽ സ്വപ്നം തകർന്നു. 2010-ലും പ്രതീക്ഷകൾ അവസാനിച്ചു. 2014-ൽ ഫൈനൽ വരെ എത്തിയിട്ടും കിരീടം കൈവിട്ടു. 2018-ലും നിരാശ മാത്രം. എന്നിട്ടും ഞങ്ങൾ അടുത്ത ലോകകപ്പിനായി കാത്തിരുന്നു.
കാലം മാറി. ജീവിതം എന്നെ ഒമാനിലെത്തിച്ചു. എന്നാൽ മനസ്സ് ആ ഗ്രാമത്തിലും ആ വായനശാലയിലും എന്റെ സുഹൃത്തുക്കൾക്കൊപ്പവുമായിരുന്നു.
2022 ഖത്തർ ലോകകപ്പ് ഫൈനൽ ദിവസം ഒമാനിലിരുന്ന് അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ആ ചരിത്ര പോരാട്ടം ഞാൻ കണ്ടു. ഹൃദയം നിമിഷം തോറും ഇടിച്ചു. അർജന്റീനയുടെ സ്വപ്നവും ഞങ്ങളുടെ സ്വപ്നവും ഒരുമിച്ച് ഓടിക്കൊണ്ടിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിന് ശേഷം അർജന്റീന ലോകചാമ്പ്യന്മാരായ നിമിഷം ഞാൻ കണ്ണീരോടെ സ്ക്രീനിലേക്ക് നോക്കി നിന്നു.
വർഷങ്ങളായി കാത്തിരുന്ന കിരീടം നേടിയതിന്റെ സന്തോഷമുണ്ടായിരുന്നു ആ കണ്ണീരിന്. അർജന്റീന ലോകകപ്പ് ഉയർത്തിയതിന്റെ അഭിമാനമുണ്ടായിരുന്നു. പക്ഷേ അതിനേക്കാൾ വലുതായി മനസ്സിലൊരു വേദനയുമുണ്ടായിരുന്നു. ആ നിമിഷം എന്റെ നാട്ടിലെ ആവേശത്തിനൊപ്പം ചേരാൻ കഴിയാത്തതിന്റെ വേദന.
എന്റെ ജീവിതത്തിൽ ഫുട്ബാൾ ഒരു കളി മാത്രമല്ല. അത് സൗഹൃദത്തിന്റെ ഭാഷയാണ്. അത് ഗ്രാമത്തിന്റെ ഓർമയാണ്. അത് കർഷക വായനശാലയുടെ വെളിച്ചമാണ്. അത് അർജന്റീനയുടെ നീല-വെള്ള നിറമാണ്. അതിലുപരി, എന്റെ കൂട്ടുകാരോടൊപ്പം ചെലവഴിച്ച ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളുടെ പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.