മസ്കത്ത്: ഒരു വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ വാണിജ്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെ നിയമിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനായി വിശദമായ സംവിധാനങ്ങൾ തൊഴിൽ മന്ത്രാലയം അവതരിപ്പിച്ചു. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും ദേശീയ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിർദേശം.
വാണിജ്യ വ്യവസായ മന്ത്രാലയവുമായി യോജിച്ച് വികസിപ്പിച്ചെടുത്ത ഈ സംവിധാനം വാണിജ്യ രജിസ്ട്രേഷനുകളുടെ നില (സ്റ്റാറ്റസ്) നിയന്ത്രിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.സ്വകാര്യ മേഖലയിലുടനീളമുള്ള തദ്ദേശവത്ക്കരണത്തിലെ അസമത്വങ്ങൾ പരിഹരിക്കുന്നതിനൊപ്പം ബിസിനസ് സുസ്ഥിരതയെ സന്തുലിതമാക്കുന്നതിനാണ് സ്വദേശിവത്കരണം നയം നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിവിധ തരം സ്ഥാപനങ്ങളിലെ ഒമാനൈസേഷൻ നിരക്കുകളിലെ ഗണ്യമായ അസമത്വം മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഏകദേശം 1,000 വലിയ കമ്പനികൾ 2,45,000 പ്രവാസികൾക്കൊപ്പം ഭൂരിഭാഗം ഒമാനി പൗരന്മാരെയും (ഏകദേശം 200,000) ജോലിക്കെടുക്കുന്നുണ്ട്. ഇത് 44 ശതമാനം വരെ ഒമാനൈസേഷൻ നിരക്ക് കൈവരിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, 19,000 സ്ഥാപനങ്ങളിൽ 300,000 പ്രവാസികൾ ജോലിചെയ്യുന്നുണ്ട്. എന്നാൽ, വെറും 60,000 ഒമാനികൾക്ക് മാത്രമേ ഇവിടെ ജോലി നൽകുന്നുള്ളൂ. 17 ശതമാനത്തോളമാണ് ഇതിലെ സ്വദേശിവത്കരണതോത്. 245,000-ത്തിലധികം സ്ഥാപനങ്ങളിൽ 1.1 ദശലക്ഷത്തിലധികം പ്രവാസികൾ ജോലി ചെയ്യുന്നു. ഒമാനൈസേഷൻ നിരക്ക് ഈ സ്ഥാപനങ്ങളിലേത് പൂജ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.മറഞ്ഞിരിക്കുന്ന (ബിനാമി) വ്യാപാരം പരിമിതപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങളുടെ ന്യായമായ വിതരണം ഉറപ്പാക്കുന്നതിനും, സുസ്ഥിരവും തുല്യവുമായ അടിസ്ഥാനത്തിൽ മത്സരശേഷി വർധിപ്പിക്കുന്നതിനും തൊഴിൽ വിപണിയിൽ ഈ അസന്തുലിതാവസ്ഥ തിരുത്തൽ ആവശ്യമാണെന്ന് മന്ത്രാലയം വാദിച്ചു. ഈ പുനഃസന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് പുതിയ തീരുമാനം.
പൊതുവായ ആവശ്യകതകൾ
- വാണിജ്യ രജിസ്ട്രേഷൻ തീയതി മുതൽ ഒരു വർഷം പൂർത്തിയാക്കിയ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കുന്നതിനുള്ള പ്രവർത്തന പദ്ധതി സമർപ്പിക്കണം
- നേരിട്ടുള്ള നിയമനത്തിലൂടെയോ അല്ലെങ്കിൽ യഥാർഥ നിയമനത്തിലേക്ക് നയിക്കുന്ന വ്യക്തമായ ഒരു തൊഴിൽ പദ്ധതി സമർപ്പിച്ചുകൊണ്ടോ തൊഴിൽ പൂർത്തീകരിക്കാവുന്നതാണ്
- രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണം പരിഗണിക്കാതെ, നിബന്ധനകൾ പാലിക്കാത്ത എല്ലാ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്കും സമഗ്രമായ നിരോധനം ഏർപ്പെടുത്തും
- തീരുമാനത്തിനനുസരിച്ച് സ്ഥാപനങ്ങളുടെ നില (സ്റ്റാറ്റസ്) ശരിയാക്കുന്നതിന് അറിയിപ്പ് തീയതി മുതൽ മൂന്ന് മാസത്തിൽ കൂടാത്ത ഗ്രേസ് പിരീഡ് അനുവദിക്കും
പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ:
- പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കുന്നതിനുള്ള ഒരു തൊഴിൽ പദ്ധതി സമർപ്പിക്കണം. നേരിട്ടുള്ള തൊഴിൽ വഴിയോ യഥാർഥ നിയമനത്തിലേക്ക് നയിക്കുന്ന ഒരു തൊഴിൽ പദ്ധതി സമർപ്പിച്ചുകൊണ്ടോ തീരുമാനം നടപ്പിലാക്കാം.
- ജോലിയുടെ ആവശ്യകതയെക്കുറിച്ച് സ്ഥാപനത്തെ ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കും
- തീരുമാനത്തിനനുസരിച്ച് സ്ഥാപനങ്ങളുടെ നില (സ്റ്റാറ്റസ്) ശരിയാക്കുന്നതിന് അറിയിപ്പ് തീയതി മുതൽ മൂന്ന് മാസത്തിൽ കൂടാത്ത ഗ്രേസ് പിരീഡ് അനുവദിക്കും.
പത്തിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ:
- പത്തിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ആറ് മാസത്തിനുള്ളിൽ ഒരു ഒമാനി പൗരനെ നിയമിക്കുന്നതിനുള്ള തൊഴിൽ പദ്ധതി സമർപ്പിക്കണം.
- ലോക്കൽ ആഡഡ് വാല്യൂവിൽ (എൽ.എ.വി) അവരുടെ സംഭാവന വിലയിരുത്തുന്നതിനായി അറിയിപ്പ് തീയതി മുതൽ ആറ് മാസത്തിനുള്ളിൽ അത്തരം എല്ലാ സ്ഥാപനങ്ങളെയും വിലയിരുത്തും.
- നേരിട്ടുള്ള തൊഴിൽ വഴിയോ യഥാർഥ നിയമനത്തിലേക്ക് നയിക്കുന്ന ഒരു തൊഴിൽ പദ്ധതി സമർപ്പിച്ചുകൊണ്ടോ തീരുമാനം നടപ്പിലാക്കാം.
- എൽ.എ.വിയിലേക്ക് സ്ഥാപനത്തിന്റെ സംഭാവന സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, നിയമന ആവശ്യകതയിൽ നിന്ന് താൽക്കാലിക ഇളവ് അനുവദിക്കുന്നതാണ്.
- അറിയിപ്പിനുശേഷം പാലിക്കാത്ത സാഹചര്യത്തിൽ, പുതിയ ലൈസൻസുകൾ നൽകുന്നതിന് സിസ്റ്റം സ്വയമേവ ഒരു നിരോധനം ഏർപ്പെടുത്തും. അത് സിസ്റ്റത്തിന്റെ ഇന്റർഫേസിൽ നേരിട്ട് പ്രതിഫലിക്കും.
സംരംഭകരും മുഴുവൻ സമയ ബിസിനസ് ഉടമകളും
- സംരംഭകരുടെയും മുഴുവൻ സമയ ബിസിനസ് ഉടമകളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് അവരുടെ പദവി ശരിയാക്കുന്നതിനും ഒമാനൈസേഷൻ ആവശ്യകത നിറവേറ്റുന്നതിനുമായി വിജ്ഞാപന തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ ഒരു വർഷത്തെ ഗ്രേസ് പിരീഡ് നൽകും.
- ലോക്കൽ ആഡഡ് വാല്യൂവിൽ (എൽ.എ.വി) സ്ഥാപനത്തിന്റെ സംഭാവന വിലയിരുത്തുന്നതിന് എല്ലാ സ്ഥാപനങ്ങളും വിജ്ഞാപനം ചെയ്ത തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ഒരു കേസ് അവലോകനത്തിന് വിധേയമാക്കും.
- റിയാദ കാർഡ് കൈവശം വെക്കാത്ത ബിസിനസ്സ് ഉടമകൾക്ക് കാർഡ് നേടുന്നതിനും അനുബന്ധ സൗകര്യങ്ങളിൽനിന്നും ഇളവുകളിൽനിന്നും പ്രയോജനം നേടുന്നതിനും ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയിൽ രജിസ്ട്രേഷന് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.