രാജ്യത്തെ പരമ്പരാഗത ഹബ്ത മാർക്കറ്റുകളിലൊന്ന്
മസ്കത്ത്: പൊതു അവധി പ്രഖ്യാപിക്കുകയും ബലിപെരുന്നാൾ പടിവാതിൽക്കലെത്തുകയും ചെയ്തതോടെ പരമ്പരാഗത ഹബ്ത മാർക്കറ്റുകൾ സജീവമായി. പെരുന്നാൾ സമയത്ത് കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ, മറ്റു സാധനങ്ങളും വാങ്ങാൻ നിരവധി ആളുകളാണ് ഹബ്ത ചന്തകളിലെത്തുക. ആടുകൾ, പശുക്കൾ, ഒട്ടകങ്ങൾ തുടങ്ങിയ കന്നുകാലികളുടെ ഇടപാടുകൾക്ക് ഏറെ പ്രശസ്തമാണ് ഈ പരമ്പരാഗത മാർക്കറ്റ്. കൂടാതെ പെരുന്നാളിനുള്ള ആഡംബര വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി മറ്റു അവശ്യസാധനങ്ങളും ഉപഭോക്താക്കൾക്കായി ഇവിടെനിന്നും ലഭിക്കും. ഹബ്ത നടക്കുന്ന വിലായത്തിൽനിന്ന് മാത്രമല്ല അയൽ വിലായത്തുകളിൽ നിന്നും ജനങ്ങളെത്തും. കന്നുകാലികളെയും മറ്റും വളർത്തുന്നവർക്ക് നല്ല വിലക്ക് ഉരുക്കളെ വിൽക്കാനുള്ള അവസരം കൂടിയാണിത്.
വടക്കൻ ശർഖിയയിലെ ഇബ്ര അടക്കമുള്ള വിവിധ ഗ്രാമങ്ങളിൽ നടക്കുന്ന ഹബ്ത മാർക്കറ്റിലേക്ക് നിരവധിപേരാണ് കഴിഞ്ഞദിവസങ്ങളിലെത്തിയത്. ചന്തകളും ഉപഭോക്തൃ കൂടാരങ്ങളും ജനപ്രിയ വേദികളായി മാറിയിട്ടുണ്ട്. ഇത് പ്രാദേശിക വ്യാപാരത്തിന് സംഭാവന നൽകുന്നതിനൊപ്പം ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഹബ്ത ആരംഭിച്ചതോടെ സിനാവിലെ വിപണികളിൽ അസാധാരണമായ തിരക്കാണുള്ളതെന്ന് സിനാവിലെ വിലായത്തിൽനിന്നുള്ള സലേം അൽ സിയാബി പറഞ്ഞു. കന്നുകാലി വളർത്തുന്നവർക്ക് ഈ സീസൺ ഒരു മികച്ച അവസരം നൽകുന്നു. ആടുകൾ, പശുക്കൾ, ഒട്ടകങ്ങൾ എന്നിവക്കുള്ള ആവശ്യകത ഉയർന്നതാണെന്ന് സുവൈഖിൽനിന്നുള്ള അഹമ്മദ് അൽ ബലൂഷി അഭിപ്രായപ്പെട്ടു. കന്നുകാലി കർഷകർക്ക് തങ്ങളുടെ ഉരുക്കളെ മികച്ച വിലയിൽ വിൽക്കാനും ഇത്തരം പരമ്പരാഗത മാർക്കറ്റുകൾ സഹായകമാകുന്നുണ്ട്.
വടക്കൻ ബാത്തിനയിൽ ദുൽ ഹജ്ജ് ഏഴുമുതാലാണ് ഹബ്ത മാർക്കറ്റുകളിൽ തിരക്കുണ്ടാവാറുള്ളതെന്ന് വ്യാപാരി അബ്ദുല്ല അൽ വഹൈബി പറഞ്ഞു. ഈ പരിപാടികൾ പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും ചെറുകിട ബിസിനസുകളെ പിന്തുണക്കാനും സാംസ്കാരിക തുടർച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ബാത്തിനയിൽ നഖൽ മുനിസിപ്പാലിറ്റി ഈദിന് മുന്നോടിയായി ഗ്രാമങ്ങളിലും വിനോദസഞ്ചാര മേഖലകളിലും പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. സംരംഭകർ, കരകൗശല വിദഗ്ധർ, ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾ എന്നിവരിൽനിന്നുള്ള ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും സുഗമമാക്കുന്നതിന് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള അതോറിറ്റി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായി ഹബ്ത ചന്തകൾ പ്രവർത്തിക്കുന്നുണ്ട്. ബൗശർ, നഫായിൽ, ഫഞ്ച, ഇബ്ര, വാദി ബനീ ഖാലിദ്, അൽ തബ്തി, അൽ യഹ്മാദി അൽ ഹംറ, നിസ്വ, റുസ്തഖ്, സമാഇൽ (സുറൂർ), സൂർ, വാദി അൽ മആവിൽ, ഖാബൂറ, അൽ മിന്തരിബ്, ജഅലാൻ ബനീ ബൂ അലി, സുവൈഖ്, ബഹ്ല, ബർക, ജഅലാൻ ബനീ ബു ഹസൻ, നഖൽ, സീബ്, അൽ ഖാബിൽ, അൽ കാമിൽ അൽ വാഫി, അൽ ഖാബിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഹബ്ത മാർക്കറ്റുകൾ സാധാരണ നിലയിൽ നടന്നുവരുന്നത്. ഒമാനി തനത് സംസ്കാരവുമായി ഇഴ ചേർക്കപ്പെട്ടതാണ് ഹബ്ത. പുതുതലമുറയിലേക്ക് ഈ സംസ്കാരം പകർന്ന് നൽകുന്നതിനായി കൂട്ടികളുമായുംവന്ന് ഇവിടെനിന്നും സാധനങ്ങൾ വാങ്ങുന്നത് സ്വദേശികളുടെ പെരുന്നാൾ ചിട്ടവട്ടങ്ങളിൽപ്പെട്ടതാണ്. വസ്ത്രങ്ങൾ, കന്നുകാലികൾ, ഒമാനി മധുരപലഹാരങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെ ഈദ് അവശ്യങ്ങൾക്കുവേണ്ട വിപുലമായ ശ്രേണിതന്നെ ഹബ്തയിലുണ്ടാകും. മികച്ച ഉൽപ്പനങ്ങൾ തേടി ഒരു ഹബ്തയിൽനിന്ന് മറ്റൊന്നിലേക്ക് ആളുകൾ പോകാറുണ്ട്. ബലിമൃഗങ്ങളെ തിരഞ്ഞെടുക്കുമ്പോഴാണ് ഇതു കൂടുതൽ കണ്ടുവരുന്നത്.
ബലിമൃഗങ്ങൾ, ഈദ് സാധനങ്ങൾ, മറ്റു പ്രാദേശിക ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാനും വിൽക്കാനുമുള്ള പരമ്പരാഗത അനുഷ്ഠാനങ്ങളിലൊന്നാണ് ഹബ്ത. ഇത്തരം ചന്തകൾ നടക്കുന്നിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നുള്ളവർ ഒഴുകിയെത്തുക പെരുന്നാളിനോടനുബന്ധിച്ച് സുൽത്താനേറ്റിൽ കണ്ടുവരുന്ന പതിവുകാഴ്ചകളിൽപ്പെട്ടവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.