ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ദാഖിലിയ ഗവർണറേറ്റ് നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് പങ്കെടുത്തപ്പോൾ
മസ്കത്ത്: ആത്മസമർപ്പണം, ത്യാഗസന്നദ്ധത, ആദര്ശതീക്ഷ്ണത എന്നിവയുടെ ജ്വലിക്കുന്ന ഓര്‍മകളുമായി വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു. പുലർച്ച തന്നെ മസ്ജിദുകളിലേക്കും ഈദുഗാഹുകളിലേക്കും ഒഴുകിയ ജനങ്ങൾ തക്ബീർ ധ്വനികളാൽ ഭക്തി സാന്ദ്രമാക്കി. ഇബ്രാഹിം നബിയുടെയും ഹാജറ ബീവിയുടെയും മകൻ ഇസ്മാഈലിന്റെയും ആത്മ സമർപ്പണത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയാറാകണമെന്ന് ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിലൂടെ ആവശ്യപ്പെട്ടു. കനത്ത ചൂടിന്റെ പശ്ചാതലത്തിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ. അതുകൊണ്ടുതന്നെ വിവിധ ഇടങ്ങളിൽ അതിരാവിലെയായിരുന്നു പെരുന്നാൾ നമസ്കാരങ്ങളും ഈദുഗാഹുകളും നടന്നത്.
ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹബന്ധം പുതുക്കിയും ബലി കര്‍മം നിര്‍വഹിച്ചും ബലി പെരുന്നാൾ ജനം ആഘോഷപൂര്‍വം കൊണ്ടാടി. സ്വദേശികളുടെ പരമ്പരാഗത ആഘോഷ പരിപാടികള്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.
സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ ബൗഷർ മസ്ജിദുൽ റഹ്മയിൽ നടന്ന ബലിപെരുന്നാൾ നമസ്കാരം
ഉച്ചക്ക് ശേഷം മലയാളികളടക്കമുള്ളവർ ബന്ധുവീടുകളിലും മറ്റും സന്ദർശിച്ചു. ഹോട്ടലുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് പല ഹോട്ടലുകളും പ്രത്യേക ഓഫർ ഒരുക്കിയത് ബാച്ചിലേഴ്സിന് അനുഗ്രഹമായി. വെള്ളിയാഴ്ചയും കനത്ത ചൂടും കാരണം ഭൂരിഭാഗംപേരും താമസ ഇടങ്ങളിലും വീടുകങ്ങളിലുമായിരുന്നു പ്രധാനമായും കഴിച്ചുകൂട്ടിയിരുന്നത്. വൈകുന്നേരത്തേടെയാണ് ടൂറിസ്റ്റ് സ്ഥലങ്ങളിൽ തിരക്ക് അനുഭവപ്പെട്ടത്. റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വേണ്ട ക്രമീകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു. മുവാസലാത്ത് പതിവുപോലെ സർവിസ് നടത്തിയത് സാധാരണക്കാർക്ക് ആശ്വാസമായി.
ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ ആണ് ബലിപെുരുന്നാൾ നമസ്കാരത്തിന് പങ്കെടുത്തത്. രാജകുടുംബാംഗങ്ങൾ, അൽ ബുസൈദി കുടുംബം, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റു സുരക്ഷ ഏജൻസികൾ, ദാഖിലിയ ഗവർണറേറ്റിലെ സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, വാലികൾ, ശൈഖുമാർ, വിശിഷ്ട വ്യക്തികൾ, പൗരന്മാർ എന്നിവർ സുൽത്താന്റെ കൂടെ പ്രാർഥനയിൽ പങ്കാളികളായി.
മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ റൂവി മസ്കത്ത് സുന്നി സെന്റർ മദ്റസ ഹാളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ, ബിദായ സുഖ് മസ്ജിദിൽ സഈദ് അലി ദാരിമി, ഖദറ നാസർ മസ്ജിദിൽ ഷബീർ ഫൈസി, ഇബ്ര ഹോളി ഖുർആൻ മദ്റസ ഹാളിൽ ഷംസുദ്ദീൻ ബാഖവി, മത്ര ത്വാലിബ് മസ്ജിദിൽ അബ്ദുല്ല യമാനി അരിയിൽ, സിനാവ് ആമിറലി മസ്ജിദിൽ മുസ്തഫ നിസാമിയും നേതൃത്വം നൽകി.
സീബിൽ യൂസുഫ് മുസ്ലിയാർ, ബൗഷറിൽ മോയിൻ ഫൈസി, ഷിനാസിൽ ശിഹാബ് ബദ്രി, അൽഹെയിൽ ഷെൽ പമ്പ് മസ്ജിദിൽ അലി ദാരിമി, ഗഷ്ബയിൽ ഹാരിസ് ദാരിമി, ആമിറാത്തിൽ മുഹമ്മദ് ബയാനി എന്നിവരും പ്രാർഥനക്ക് കാർമികത്വം വഹിച്ചു.
ബറക്കയിൽ സുനീർ ഫൈസി, മബേല ഇന്ത്യൻ സ്കൂളിന് സമീപം ജാമിഅ ഹയ മസ്ജിദിൽ മുഹമ്മദ് ഉവൈസ് വഹബി, സൂഖ് വാദിഹതാത് വാരിസ്ബുനു കഅബ് മസ്ജിദിൽ മുഹമ്മദ് ബയാനി അൽ ഹശിശാമി എന്നിവരുടെ നേതൃത്തിലും പെുന്നാൾ നമസ്കാരങ്ങൾ നടന്നു.
സലാല: സുൽത്താൻ ഖാബൂസ് മസ്ജിദ് ഉൾപ്പടെയുള്ള വിവിധ പള്ളികളിൽ നടന്ന ഈദ് നമസ്കാരത്തിന് ആയിരങ്ങളാണ് എത്തിയത്. ഇബ്രാഹിം നബിയുടെ പാത പിന്തുതുടർന്ന് അല്ലാഹുവിൽ സമർപ്പിക്കാൻ ഖത്തീബുമാർ ഉണർത്തി. വിവിധ മലയാളി കൂട്ടായ്മകൾ ഈദ് നമസ്കാരവും ഈദ് ഗാഹും ഒരുക്കിയിരുന്നു. ഐ.എം.ഐ സലാല ഫാസ് അക്കാദമി ഗ്രൗണ്ടിൽ ഒരുക്കിയ ഈദ് ഗാഹിന് കെ.അഷറഫ് മൗലവി നേത്യത്വം നൽകി. വനിതകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
എസ്.ഐ.സി സലാല വിവിധ പള്ളികളിൽ ഈദ് നമസ്കാരം ഒരുക്കിയിരുന്നു. മസ്ജിദ് ഹിബ്റിൽ ഒരുക്കിയ ഈദ് നമസ്കാരത്തിന് അബ്ദുല്ല അൻവരിയാണ് നേത്യത്വം നൽകിയത്.
ഐ.സി.എഫ് സലാല അഞ്ചു പള്ളികളിൽ ഈദ് നമസ്കാരം സംഘടിപ്പിച്ചു. മസ്ജിദ് ബാ അലവിയിൽ ഒരുക്കിയ ഈദ് നമസ്കാരത്തിന് മുഹമ്മദ് റാഫി സഖാഫി നേത്യത്വം നൽകി. ഈദ് അവധി ആഘോഷിക്കാൻ സലാലയിൽ എത്തിയ നിരവധി പേരും ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. പരസ്പരം ആശ്ളേഷിച്ച് പ്രാർഥിച്ച് ഈദ് ആശംസകൾ കൈമാറിയാണ് എല്ലാവരും പിരിഞ്ഞത്. ജൂൺ 9നാണ് ഒമാനിൽ ഈദ് അവധി അവസാനിക്കുക.
മസ്കത്ത്: പെുരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ നടന്നു. പുലർച തന്നെ ഒമാന്റെ വിവിധ സ്ഥലങ്ങളിൽ നിന്നൊഴുകിയത്തെിയവര്‍ നമസ്കാരത്തിനായി അണിനിരന്നു. ഖുതുബക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്തും ഹസ്തദാനം ചെയ്തും സൗഹൃദം പുതുക്കിയാണ് ഓരോ പ്രവാസിയും ഈദ്ഗാഹില്‍ നിന്നും പിരിഞ്ഞു പോയത്.
ഐ.എം.ഐ സലാല ഫാസ് അക്കാദമി മൈതാനിയിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് കെ.അഷറഫ് മൗലവി നേത്യത്വം നൽകുന്നു
വിവിധ ഇടങ്ങളിൽ ഫലസതീന് വേണ്ടിയുള്ള പ്രാർഥനകളും നടന്നു. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആമിറാത് സഫ ഷോപ്പിങിൽ നടന്ന ഈദ്ഗാഹിന് സദറുദ്ദീൻ വാഴക്കാട് നേതൃത്വം നൽകി. എല്ലാ വിവേചനങ്ങൾക്കുമപ്പുറം ലോക സാഹോദര്യം ഉയർത്തി പിടിച്ച പ്രവാചകനായിരുന്നു ഇബ്രാഹീം നബിയെന്നും, ഈ വിശ്വാമാനവികതയെ ഉയർത്തിപിടിക്കാൻ നാം ഓരോരുത്തരും തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് വി.പി. ഷൗക്കത്തലി, സീബ് അൽ ശാദി ഗ്രൗണ്ടിൽ നൗഷാദ് അബ്ദുല്ല, ബർക മറീനയിൽ അദ്നാൻ ഹുസൈൻ, ഖദറ അൽ ഹിലാൽ സ്റ്റേഡിയത്തിൽ അബ്ദുൽ അസീസ്, സൂർ ആൽ ഹരീബ് ഗാർഡൻ ബിലാദ് സൂറിൽ അബ്ദുറഹീം, ബൂ അലി അൽ വഹ്ദ സ്റ്റേഡിയത്തിൽ താജുദ്ദീൻ, ഇബ്രി സൂഖ് ഫുട്ബാൾ സ്റ്റേഡിയത്തിൽ അഫ്സൽ ഖാനും ഈദ്ഗാഹിന് നേതൃത്വം നൽകി.
റൂവി കെ.എം. ട്രേഡിങ്ങിന് സമീപം സംഘടിപ്പിച്ച ഈദ് ഗാഹിൽ ഡോ. ജരീർ പാലത്ത് പെരുന്നാൾ ഖുതുബ നിർവഹിക്കുന്നു
ഒമാൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ റൂവി കെ.എം. ട്രേഡിങിന് സമീപം സംഘടിപ്പിച്ച ഈദ് ഗാഹിൽ ഡോ. ജരീർ പാലത്ത് നമസ്കാരത്തിന് കാർമികത്വം വഹിച്ചു.
റൂവി അൽ കറാമ ഹൈപ്പർമാർക്കറ്റ് കോമ്പൗണ്ടിൽ അബ്ദുറഹിമാൻ സലഫി, വാദി കബീർ ഇബ്ൻ കൽദുൻ സ്കൂൾ കോമ്പൗണ്ടിൽ ഷെമീർ ചെന്ത്രാപ്പിന്നി, സീബ് കാലിഡോണിയൻ കോളജിൽ മൻസൂർ സ്വലാഹി സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ടിൽ നൗഷാദ് പെരുമ്പാവൂരും പ്രാർഥനക്ക് നേതൃത്വം നൽകി.
റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് മുജാഹിദ് ബാലുശ്ശേരി സംസാരിക്കുന്നു
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ മുജാഹിദ് ബാലുശ്ശേരി പെരുന്നാൾ സന്ദേശം നൽകി. അൽ ഹെയിൽ ഈഗിൾസ് ഗ്രൗണ്ടിൽ അഹമദ് സൽമാൻ അൽ ഹികമി, സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ നൗഫൽ എടത്തനാട്ടുകര, സുഹാറിൽ ദാനിഷ് മദനിയും ബർക്ക നെസ്റ്റോ പാർക്കിങ് ഗ്രൗണ്ടിൽ ടി.കെ നിഷാദ് സലഫിയും കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.