ദംദം ബിരിയാണി ഫെസ്റ്റിന്റെ വേദിയിൽ അക്ബർ ഖാനും ദാന റാസിക്കും ഗാനം അവതരിപ്പിക്കുന്നു
മസ്കത്ത്: ഗൾഫ് മധ്യമം ഒരുക്കിയ ദംദം ബിരിയാണി ഫെസ്റ്റിന് നിറം പകരാനെത്തിയ ദാന റാസിക്കും അക്ബർ ഖാനും നിറഞ്ഞ സ്റ്റേഡിയത്തിൽ സംഗീത പെരുമഴയൊഴുക്കി. മലയാളത്തിലൂടെയും ഹിന്ദിയിലെയും തമിഴിലെയും ഹിറ്റ് പാട്ടുകളുമായി ഗായക സംഘം തകർത്താടുകയായിരുന്നു.
അക്ബറിന്റെ ഈരടികൾക്കൊപ്പം പ്രേക്ഷകരും ചുവടുകൾ വെച്ചതോടെ ബൗഷർ ക്ലബ് ഉത്സവ ലഹരിയിലായി. പാട്ടും ചുവടുകളും സ്റ്റാളുകളും ഭക്ഷണ ശാലകളും ഗൃഹാതുരത്വം നിറഞ്ഞ ഭക്ഷ്യ വിഭവവും ഒരുങ്ങിയതോടെ പലർക്കും കേരളത്തിലെ ഉത്സവ മൈതാനമാണ് മനസ്സിലെത്തിയത്. ഉസ്താദ് ഹോട്ടലിലെ ബിരിയാണിയുടെ ഗന്ധമുള്ള ‘വാതിലിൽ..... ആ വാതിലിൽ ’ മനോഹരമായി ആലപിച്ചാണ് അക്ബർ സംഗീത രാവിന്റെ വാതിൽ തുറന്നത്.
പാട്ടുമായി അക്ബർ ഖാൻ കാണികൾക്കിടയിൽ എത്തിയപ്പോൾ
പിന്നീട് പാടിയ 'സുബ്ഹാനല്ലാഹ്' എന്ന പാട്ടും പ്രേക്ഷകരെ ആസ്വാദ കൊടുമുടിയിലെത്തിക്കുന്നവയായിരുന്നു. 'ദുവാനീ' .... ഗാനവുമായെത്തിയ ദാന റാസിഖിനെ നിറഞ്ഞ ഹൃദയത്തോടെയാണ് സദസ് നെഞ്ചിലേറ്റിയത്. 'ഏഴാം ബഹ്റിന്റെ വാതിൽ തുറന്നോളെ' സദസ്സിന്റെ കയ്യടി നേടി. ദാനയും അക്ബറും ഒന്നിച്ചാലപിച്ച ‘മെഹറുബാ ...... സദസ്സിൽ തിങ്ങിനിറഞ്ഞ സംഗീത പ്രേമികളുടെ മനം കവരുന്നതായിരുന്നു. ദാനയുടെ മനോഹരമായ ശബ്ദവും ആലാപന സൗകുമാര്യവും അക്ബറിന്റെ ശബ്ദ ഗാംഭീര്യവും ഹൈപിച്ചും സദസിനെ പുത്തൻ ആസ്വാദ്യ ലോകത്തിലെത്തിച്ചു.
ദാനയുടെ 'ഏറെ മോന്തിയായിട്ടളൊ' എന്നാരിഭിക്കുന്ന ഭക്ഷണ പാട്ടുകൾ കോർത്തിറക്കിയ പാട്ടുമാല സദസ്സിന് ഭക്ഷ്യ ലോകത്തെത്തിച്ചു. 'റൂഹിലൊരു'..... എന്ന പാട്ടും പ്രേക്ഷകർ കയ്യടിയോടെ ഏറ്റെടുത്തു.
വിവിധ വിഭാഗങ്ങളുടെ പാട്ടുകൾ കോർത്തിണക്കിയാണ് സംഗീതം ഒരുക്കിയിരുന്നത്. എ.ആർ റഹ്മാന്റെ മെലഡി ഗാനങ്ങൾ കോർത്തിണക്കിയ വിഭാഗവും ഏറെ ഹൃദ്യമായി. 'നെഞ്ചിൽ' എന്ന പാട്ടോടെയാണ് റഹ്മാൻ പാട്ടുകൾ തുടങ്ങിയത്. ഈ വിഭാഗത്തിൽ അവസാന പാട്ടായ ‘അന്ത അറബി കടലോരം' എന്ന പാട്ട് സദസ്സിനെ ആവേശത്തിരയിലാക്കി.
‘ദംദം ബിരിയാണി ഫെസ്റ്റ്’ ഗ്രാൻഡ് ഫിനാലെ കാണാനെത്തിയവർ
പാട്ടിലെ 'ഹമ്മ ഹമ്മ' സദസ്സ് ഏറ്റെടുത്തതോടെ സംഗീത വിരുന്നിന് കൊഴുപ്പ് കൂടി. പാട്ടുകൾക്കൊപ്പം സദസ്സ് ചുവട് വെക്കുകയും ഏറ്റു പാടുകയും ചെയ്തതോടെ സംഗീത രാവ് ഉത്സവ രാവായി. സംഘാടകരുടെ കണക്കുകൾ തെറ്റ് ഒഴുകിയെത്തിയ പ്രേക്ഷകർ ഇരിപ്പിടങ്ങളിൽ നിറഞ്ഞതും ഗാലറിയിലും പരിസരങ്ങളിലും നിറഞ്ഞതും സംഗീത രാവിന് മികവായി. ഉച്ചക്ക് മൂന്നരയോടെ ആരംഭിച്ച ബിരിയാണി മഹോത്സവവും അനുബന്ധമായ പാട്ടുത്സവവും കഴിഞ്ഞ് ഓർത്തിരിക്കാൻ പറ്റുന്ന ഒത്തിരി മുഹൂർത്തങ്ങളുമായാണ് ആയിങ്ങൾ വേദി വിട്ടിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.