ദംദം സ്റ്റാർ മത്സരാർഥികൾ ജഡ്ജസിനും സംഘാടകർക്കുമൊപ്പം
മസ്കത്ത്: ആസ്വാദനത്തിന്റെ പുത്തൻ രുചിക്കൂട്ടുകൾ പകർന്നാടിയ ‘ദംദം ബിരിയാണി ഫെസ്റ്റ്’ മസ്കത്തിന് സമ്മാനിച്ചത് വേറിട്ട ആഘോഷരാവ്. ഒമാനിലെ മികച്ച പാചക വിദഗ്ധരെ കണ്ടെത്താൻ ഗൾഫ് മാധ്യമത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീ ഫ്രണ്ട്’ ബൗഷർ ക്ലബിൽ നടത്തിയ പരിപാടിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രുചിമുകുളങ്ങൾക്ക് എരിവും മാധുര്യവും പകർന്ന് ഭക്ഷണ സ്റ്റാളുകളും, മനസ്സിന്റെ കോണിൽ എന്നും കാത്തു സൂക്ഷിച്ചിരുന്ന ഒരുപിടി ഗാനങ്ങളുമായി അക്ബർ ഖാനും ദാന റാസികും നിറഞ്ഞാടിയപ്പോൾ വയറും മനസ്സും നിറഞ്ഞാണ് ഓരോരുത്തരും ഗ്രൗണ്ട് വിട്ടത്. ഒമാന്റെ ‘ ദം സ്റ്റാർ’പട്ടത്തിനായി 15പേരായിരുന്നു അന്തിമപോരിനിറങ്ങിയത്.ലൈവ് കുക്കിങ്ങായി നടത്തിയ മത്സരം കാണികൾക്കും പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. ബിരിയാണി തയാറാക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.
പ്രമുഖ പാചക വിദഗ്ധരായ ആബിദ റഷീദ്, സൈനബ് യൂസുഫ്, കുടുംബങ്ങളുടെ ഇഷ്ടതാരവും അവതാരകനുമായ രാജ് കലേഷ് തുടങ്ങിയവരടങ്ങുന്ന ജൂറി പാനലിന്റെ മാർഗ നിർദേശങ്ങൾക്കു ശേഷമാണ് മത്സരം തുടങ്ങിയത്.വ്യത്യസ്ത രുചിക്കൂട്ടിൽ രണ്ട് മണിക്കൂറിൽ ഒരുങ്ങിയ ബിരിയാണി ഒന്നിനൊന്ന് മെച്ചം പുലർത്തുന്നതായിരുന്നുവെന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
അന്തിമ വിധികളിലേക്ക് എത്തിച്ചേരാൻ ഏറെ പ്രയാസപ്പെട്ടെന്നും പലരും നേരിയ മാർക്കിന്റെ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയതെന്നും ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. ഒമാനിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയും ഗിഫ്റ്റുകളുമായിരുന്നു വിജയികൾക്കായി നൽകിയത്. മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും കൈമാറി. മെഹന്തി, കിഡ്സ് കോർണറുകൾ, കണ്ണൂർ വിഭവങ്ങളുടെതടക്കമുള്ള ഫുഡ്സ്റ്റാളുകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ വിനോദ പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
‘ദംദം ബിരിയാണി ഫെസ്റ്റിന്റെ ഗ്രാൻഡ് ഫിനാലെയിൽനിന്ന്..
ഒമാനിൽ വിജയകരമായി നടപ്പാക്കിയ ദംദം ബിരിയാണി ഫെസ്റ്റിനെയും അതിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് ഉദ്ഘാടന ചടങ്ങിൽ ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ് വിശദീകരിച്ചു. ദംദം ബിരിയാണിയുമായി സഹകരിച്ച ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, ബദർ അൽസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ബ്രാൻഡിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഹെഡ് ആസിഫ് ഷാ, റിമ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബ്ദുൽ അസീസ് കണ്ടത്തിൽ, നദഹാപ്പിനസ് ചെയർമാൻ അബ്ദുൽ സലാം, ഫുഡ്ലാൻഡ്സ് റസ്റ്ററന്റ് മാനേജിങ് ഡയറക്ടർ സമീർ അഹമ്മദ്, ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ മാർക്കറ്റിങ് ഹെഡ് ഷംസുദീൻ, ജി ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ മാനേജർ ടി.വി. ഷബീർ, ബീമ ഇൻഷുറൻസ് മാർക്കറ്റിങ് ഡയറക്ടർ അബ്ദുല്ല അൽ ഖുസി,ഡെൽറ്റ ഫാർമസി ഗ്രൂപ് ഡയറക്ടർ എം.ആർ.മുഹമ്മദ് മുൻസീർ, മോഡേൺ എക്സ്ചേഞ്ച് ഒമാൻ ബിസിനസ് ഡെവലപ്മെന്റ് മാനേജർ എം.ആർ.സാജിദ് ബജുഹ, അൽ ഫാവ് പൗൾട്രി ബിസിനസ് ഡെവലപ്മെന്റ് മാനേജർ എം.ആർ. നസീൽ ഷഫീഖ്, ബീവീസ് ബേക്കറി ഓപറേഷൻസ് ഹെഡ് എം.ആർ.റോബിൻ, ജീപാസ് അസിസ്റ്റന്റ് മാനേജർ ഇജാസ്, റോയൽഫോർഡ് ടീം ലീഡർ നവാസ്, അൽ ഹാജിസ് ഒമാൻ പെർഫ്യൂംസ് റീജനൽ ഹെഡ് മുഹമ്മദ് ജിഷാദ്, ബഹാർ ദ നാഷനൽ ഡിറ്റർജന്റ് കമ്പനി മാർക്കറ്റിങ് എക്സിക്യൂട്ടിവ് അജിത് കുമാർ, ഗൾഫാർട്ട് ഇന്റർനാഷനൽ ഡയറക്ടർ ഫാസില അനസ്, ഇന്റലിജന്റ് ഇവന്റ് ഡയറക്ടർ എം.ആർ.ജോയ്സൺ കല്ലേലി എന്നിവർക്കുള്ള ഉപഹാരം ആബിദ റഷീദ്, രാജ് കലേഷ്, സൈനബ് യൂസുഫ് എന്നിവർ സമ്മാനിച്ചു. ജഡ്ജസിനും അക്ബർ ഖാനും ദാന റാസികിനുമുള്ള അൽഹാജിസ് പെർഫ്യൂംസിന്റെ ഉപഹാരം മുഹമ്മദ് ജിഷാദ് കൈമാറി.
സൂഖ് റിമയുടെ സാനിറ്ററി പാഡായ ‘ലില്ലി’യുടെ ലോഞ്ചിങ് മാനേജിങ് ഡയറക്ടർ അഫ്സൽ അസീസ്, എക്സിക്യൂട്ടിവ് ഡയറക്ടർ ആസിയ അബ്ദുൽ അസീസ്, ഇൻഫ്ലുവൻസർ സഫ്ന സലീം എന്നിവർ ചേർന്ന് നിർവഹിച്ചു. ജി ഗോൾഡിന്റെ ഡയമണ്ട്സ് റിങ്ങിന്റെ നറുക്കെടുപ്പും ചടങ്ങിൽ നടന്നു. ഗൾഫ് മാധ്യമം ഒമാൻ സോഷ്യൽ മീഡിയ ഫോളോ ചെയ്ത ഭാഗ്യശാലികൾക്കുള്ള നറുക്കെടുപ്പ് സർക്കുലേഷൻ
കോ-ഓഡിനേറ്റർ മുഹമ്മദ് നവാസ്, സോഷ്യൽ മീഡിയ കോ-ഓഡിനേറ്റർ അഫ്സൽ ഹുസൈൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഫസൽ കതിരൂർ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ, പ്രോഗ്രാം കൺവീനർ അലി മീരാൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.