മസ്കത്ത്: വേനൽ കാലത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നതിനാൽ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന് അധികൃതർ. 2020ൽ 361 മുങ്ങി മരണങ്ങളാണുണ്ടായത്. 2021ൽ 521 ആയി ഉയർന്നു. ഒരു വർഷം 44 ശതമാനം വർദ്ധനവാണുണ്ടായത്. ബാക്കിയുള്ള വർഷങ്ങളുടെ റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല.
ചൂടു വർധിക്കുന്നതോടെ ഇതിന് ആശ്വാസം കിട്ടാനായി കുടുംബത്തോടെ ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും വാദികളിലും പോയി വിശ്രമിക്കുന്നത് സാധാരണമാണ്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ കുട്ടികളും കൗമാരക്കാരും വെള്ളത്തിൽ മുങ്ങി മരിക്കുന്നത് തടയേണ്ടതുണ്ട്. അതിന് ശക്തമായ ബോധവത്കരണ മുൻകരുതലുകളും സുരക്ഷാ മാനദന്ധങ്ങൾ പാലിക്കലും ആവശ്യമാണ്.
ഇത്തരം അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണം നീന്തൽ അറിയാത്തതാണ്. തുറസ്സായ സ്ഥലങ്ങളിൽ കുട്ടികൾ ശ്രദ്ധിക്കപ്പെടാതിരിക്കുന്നത് മുങ്ങൽ മരണത്തിന് കാരണമാകുന്നു. കാർഷിക ആവശ്യത്തിനുള്ള കുളങ്ങൾ, ഡാമുകൾ, ആവശ്യമായ സുരക്ഷ സൗകര്യങ്ങളില്ലാത്ത വെള്ളച്ചാലുകൾ എന്നവിയും അപകടം ഉണ്ടാക്കുന്നതാണ്.
മുങ്ങൽ അപകടത്തിൽപെടുന്നവരെ പരിശീലനം ലഭിച്ചിട്ടില്ലാത്ത നീന്തലുകാർ രക്ഷിക്കാൻ ശ്രമിക്കുന്നതും അപകടത്തിൽപെടുന്നവരുടെ എണ്ണം വർധിക്കാൻ കാരണമാക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ ഒരാൾ മുങ്ങുന്നതിന് പകരം കൂടുതൽ പേരാണ് മുങ്ങൽ അപകടത്തിൽ പെടുന്നത്.
സ്കൂൾ അവധിക്കാലത്ത് കുട്ടികളെ പുറത്ത് കൊണ്ട് പോവുമ്പോൾ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാത്തവരും അപകടങ്ങൾ ക്ഷണിച്ചുവരുത്തും. മുന്നറിയിപ്പുകൾ മറികടന്ന് നിരോധിക്കപ്പെട്ട മേഖലയിൽ നീന്തുക, വെള്ളം നിറഞ്ഞ വാദികൾ മുറിച്ചു കടക്കുക എന്നിവയും അപകടങ്ങൾക്ക് കാരണാമാക്കുന്നു.
കുട്ടികളെ നല്ല രീതിയിൽ നീന്തൽ പഠിപ്പിക്കുന്നത് അപകടം കുറക്കാനുള്ള പ്രധാന മാർഗമാണ്. നീന്തൽ ഒരു വിനോദത്തിനപ്പുറം അപകട ഘട്ടത്തിൽ ജീവൻ രക്ഷിക്കാനുള്ള പ്രധാന നൈപുണ്യം കൂടിയാണ്. കുട്ടികൾ വെള്ളത്തിലോ അതിന് സമീപത്തോ ആവുമ്പോൾ രക്ഷിതാക്കളുടെ മേൽനോട്ടവും ശ്രദ്ധയും അത്യാവശ്യമാണ്.
കുട്ടികൾ നീന്തലിനായി നിശ്ചയിച്ച സ്ഥലത്ത് മാത്രമാണ് നീന്തൽ നടത്തേണ്ടത്. ആവശ്യമായ ലൈഫ് ഗാൾഡും മറ്റു സുരക്ഷാ ഉപകരണങ്ങളും നിർബന്ധമാണ്. അടുത്തിടെ നീന്തൽ പഠിച്ചവർക്കും വേണ്ടത്ര ആത്മവിശ്വാസവും ഇല്ലാത്തവർക്കും ലൈഫ് ജാക്കറ്റ് നിർബന്ധമാണ്.
വെള്ളത്തിൽ സംഭവിക്കാനിടയുള്ള അപകടങ്ങളെ പറ്റി കുട്ടികളെ ബോധവത്കരിക്കണം. കുട്ടികളെ ഒറ്റക്ക് നീന്താൻ വിടുന്നത് നിരുത്സാഹപ്പെടുത്തണം. വേണ്ടത്ര ജാഗ്രതയും ശ്രദ്ധയും സുരക്ഷ മാനദന്ധങ്ങൾ പാലിക്കുകയും ചെയ്താൽ വരും വേനലിലെങ്കിലും നീന്തൽ അപകടങ്ങൾ ഗണ്യമായി കുറക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.