മസ്കത്ത്: ഖരീഫ് സീസണിന്‍റെ വരവറിയിച്ച് സലാലയിൽ ചാറ്റൽ മഴ. വ്യാഴാഴ്ച രാവിലെയാണ് സലാലയിലെ വിവിധ സ്ഥലങ്ങളിൽ നേരിയ തോതിൽ മഴ പെയ്തത്. കഴിഞ്ഞ രണ്ട് ദിസമായി സലാലയടക്കമുള്ള ദോഫാറിന്‍റെ വിവിധ സ്ഥങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ചാറ്റൽ മഴ ലഭിച്ചയോടെ താപനിലയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ താപനില. അതേസമയം, പകൽ 30-32 ഡിഗ്രി സെൽഷ്യസിന്‍റെ ഇടയിലാകാനാണ് സാധ്യത.
ഖരീഫ് സീസൺ ഔദ്യോഗികമായി ആരംഭിക്കാൻ അഞ്ച് ദിവസം കൂടി ബാക്കിയുണ്ട്. ജൂൺ 21 മുതൽ ആഗസ്റ്റ് അവസാനം വരെയാണ് സീസൺ. സുൽത്താനേറ്റിന്‍റെ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽ ചൂടിൽ വെന്തുരുകുമ്പോഴാണ് പ്രകൃതിയുടെ വരദാനമെന്നവണ്ണം സലാലയിൽ കുളിരണിയിച്ച് മഴയെത്തുക. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. ദോഫാർ ഗവർണറേറ്റിന്റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
കഴിഞ്ഞ വർഷം 8.13 ലക്ഷം ആളുകളാണ് സലാലയിൽ എത്തിയിരുന്നത്. ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവെലിന്‍റെ ആഘോഷ പരിപാടികൾ കഴിഞ്ഞ വർഷം വിവിധ ഇടങ്ങളിലാണ് നടന്നിരുന്നത്. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അരങ്ങേറിയത്. കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞ ശേഷമുള്ള ആദ്യ സീസൺ ആയതിനാൽ കഴിഞ്ഞ വർഷം ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം നിരവധി പേരാണ് സലാലയുടെ പചപ്പും കുളിരും നുകരാനെത്തിയത്. വർഷം മുഴുവൻ ദോഫാറിനെ ടൂറിസം സീസണാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.