മസ്കത്ത് നഗരത്തിലെ റോഡുകളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: സ്പീഡ് ട്രാക്കുകളിൽ പതുക്കെ വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഇത് ഗുരുതരമായ ഗതാഗതലംഘനമാണെന്ന് ആർ.ഒ.പി അറിയിച്ചു. അത്തരം പെരുമാറ്റം ഗതാഗതത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും.
ഡ്രൈവർമാർ ഓരോ ട്രാക്കുകളിലും നിശ്ചയിച്ചിട്ടുള്ള വേഗം നിലനിർത്തണമെന്ന് ട്രാഫിക് സേഫ്റ്റി ഡിജിയിലെ നാഷനൽ കമ്മിറ്റി ഫോർ റോഡ് സേഫ്റ്റിയുടെ എക്സിക്യൂട്ടിവ് ഓഫിസ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സെയ്ഫ് ബിൻ അഹമ്മദ് അൽ റമദാനി പറഞ്ഞു.
വേഗം കുറച്ച് വാഹനമോടിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത്തരം ട്രാക്കുകൾ തെരഞ്ഞെടുക്കാം. അല്ലെങ്കിൽ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ ജീവനും അപായത്തിലാകും.
പ്രധാന റോഡുകളുടെ ഇടതുവശത്തെ പാതകളിൽ സാവധാനം വാഹനമോടിക്കുന്നത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും നിയമത്തിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററുള്ള പാതകളിൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതോ പിന്നിൽനിന്ന് വരുന്ന വേഗമേറിയ വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാത്തതോ ആയ ഡ്രൈവർമാർ അനാവശ്യ കാലതാമസത്തിനും അപകടസാധ്യതകൾക്കും കാരണമാകുന്നതായി റോയൽ ഒമാൻ പൊലീസ് നിരീക്ഷിച്ചിട്ടുണ്ട്.
സ്പീഡ് ട്രാക്കിൽ ‘സുരക്ഷ’ കണക്കിലെടുത്തുള്ള മന്ദഗതിയിലുള്ള ഡ്രൈവിങ് ഗതാഗതക്കുരുക്ക്, ആശയക്കുഴപ്പം, അപകടങ്ങൾ എന്നിവക്ക് കാരണമാകാമെന്ന് ട്രാഫിക് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഖാമിസ് ബിൻ അലി അൽ ബത്താഷി കൂട്ടിച്ചേർത്തു. അനുഭവക്കുറവ്, ഉത്കണ്ഠ, മൊബൈൽ ഫോൺ ഉപയോഗം, ശരിയായ ലൈൻ ഉപയോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ എന്നിവയാണ് ഈ മന്ദഗതിയിലുള്ള ഡ്രൈവിങ്ങിനുള്ള കാരണങ്ങൾ. ഇതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്ക് എല്ലാ റോഡ് ഉപയോക്താക്കളെയും ബാധിക്കുകയും കൂട്ടിയിടികളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ഈ സ്വഭാവം നിയന്ത്രിക്കുന്നതിന് കുറഞ്ഞ വേഗപരിധിക്ക് താഴെ സഞ്ചരിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി നൂതന വേഗനിയന്ത്രണ റഡാറുകൾ ഇപ്പോൾ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനൊപ്പം പട്രോളിങ്, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, റോഡ് സൈനേജുകൾ എന്നിവയിലൂടെ റോയൽ ഒമാൻ പൊലീസ് തീവ്രമായ അവബോധ കാമ്പയിനുകൾ നടത്തുന്നുണ്ട്. മണിക്കൂറിൽ 80 കിലോമീറ്ററിൽ കുറയാത്ത വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈവേകൾ സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കുന്നെന്ന് ഉറപ്പാക്കുകയാണ് ഈ സംയുക്ത ശ്രമങ്ങളുടെ ലക്ഷ്യമെന്ന് അൽ റമദാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.