വാദി ദൈഖ അണക്കെട്ട്
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാദി ദൈഖ ഡാമിൽനിന്ന് കുടിക്കാനും കാർഷികാവശ്യത്തിനും വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് പുതുജീവൻ. നേരത്തെ പലതവണ ആലോചന നടന്ന പദ്ധതി നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതായി സർക്കാർ നിയന്ത്രണത്തിലുള്ള നാമ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെന്റ് കമ്പനിയാണ് വെളിപ്പെടുത്തിയത്. സ്വതന്ത്രമായ ഒരു കുടിവെള്ളപദ്ധതി സംബന്ധിച്ചാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. 2011ൽ നിർമിച്ച, വാദി ദൈഖ അണക്കെട്ട് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യനിർമിത റിസർവോയറാണ്.
100 ദശലക്ഷം ക്യുബിക് മീറ്റർ മഴവെള്ളം ശേഖരിക്കാൻ ശേഷിയുണ്ടിതിന്. ഖുറയ്യാത്ത് വിലായത്തിൽ സ്ഥിതിചെയ്യുന്ന ഡാം സൈറ്റ് വിനോദസഞ്ചാരികൾക്കും ബോട്ട് യാത്രക്കാർക്കും മറ്റ് വാരാന്ത്യസന്ദർശകർക്കും പ്രധാന ആകർഷണവുമാണ്. സ്വകാര്യ ധനസഹായത്തിൽ ഒരു ജലപദ്ധതി ആരംഭിക്കുന്നതിനുള്ള ശ്രമം 2019ൽ ആരംഭിച്ചിരുന്നു. വൻ ഉൽപാദനശേഷിയുള്ള ഒരു ഉപരിതല ജലശുദ്ധീകരണ പ്ലാന്റ് വികസിപ്പിക്കുന്നതിനുള്ള നിർദേശത്തെ തുടർന്നായിരുന്നു ഇത്.
റിസർവോയറിൽനിന്ന് ഏകദേശം 6.5 കിലോമീറ്റർ ദൂരത്തിൽ പദ്ധതി സ്ഥാപിക്കാനും പുതിയ പൈപ്പ് ലൈനുകൾ വഴി റിസർവോയറിനെയും ട്രാൻസ്മിഷൻ നെറ്റ്വർക്കിനെയും ബന്ധിപ്പിക്കാനുമായിരുന്നു പദ്ധതി. പ്രവർത്തനക്ഷമമായാൽ വാദി ദൈഖ ഒമാനിലെ വലിയ ഉപരിതല ജലസേചനപദ്ധതികളിൽ ഒന്നായിത്തീരും. മസ്കത്തിലെ വാദീ അദൈയിൽനിന്ന് 90 കിലോമീറ്റർ അകലെയാണ് വാദീ ദൈഖ ഡാം. 120ഓളം വാദികളിൽനിന്നാണ് ഡാമിലേക്ക് വെള്ളം എത്തുന്നത്. ഇതിൽ വർഷത്തിൽ എല്ലാകാലത്തും വെള്ളമുണ്ടാവാറുണ്ട്. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ വലിയ ഡാമുകളിൽ ഒന്നാണിത്.
ചുറ്റുമുള്ള ഗ്രാമങ്ങളിൽ ജനസേചന പദ്ധതിയായും മേഖലയെ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിൽനിന്ന് സംരക്ഷിക്കാനും ഡാം സഹായിക്കുന്നു. പ്രത്യേകതരം കല്ലുകൾ ഉപയോഗിച്ചാണ് ഡാം നിർമിച്ചത്. ചുറ്റുമുള്ള മലകളിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം സംഭരിച്ച് ചെറിയ വെള്ളച്ചാട്ടം വഴി താഴെയുള്ള ദൈഖഗ്രാമത്തിലേക്ക് ഒഴുക്കുകയായിരുന്നു നിർമാണലക്ഷ്യം.
ഈ വെള്ളം ജലസേചനത്തിനും കാർഷികാവശ്യത്തിനും ഉപയോഗിക്കാനായി പുരാതന ജലസേചന സംവിധാനമായിരുന്ന ഫലജുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഡാമിൽ 100 ദശലക്ഷം ഘനമീറ്റർ ജലം ഉൾക്കൊള്ളും. രണ്ട് ഡാമുകൾ ചേർന്നതാണ് ദൈഖ ഡാം. പ്രധാന ഡാമിന് 75 മീറ്റർ ഉയരമുണ്ട്. രണ്ടാമത്തെ ഡാമിന് 48.5 മീറ്ററും. പ്രധാന ഡാമിന് വെള്ളം ഒഴിഞ്ഞുപോവാനുള്ള രണ്ട് ഷട്ടറും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.