മസ്കത്ത്: ഗാർഹിക തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി പുതിയ ചട്ടക്കൂടുകളുമായി ഒമാൻ. ഗാർഹിക-അനുബന്ധ തൊഴിലുകളിൽ സമഗ്രമായ ഭരണനിയന്ത്രണം അവതരിപ്പിച്ച് തൊഴിൽ മന്ത്രാലയം മന്ത്രിതല തീരുമാനം (നമ്പർ 574/2025) പുറപ്പെടുവിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ഒമാന്റെ തൊഴിൽ നിയമവുമായി (റോയൽ ഡിക്രി നമ്പർ 53/2023) തൊഴിൽ രീതികൾ സമന്വയിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വീട്ടുജോലിക്കാർ, കുട്ടികളെ വളർത്തുന്ന ആയ, സ്വകാര്യ ഡ്രൈവർമാർ, തോട്ടക്കാർ, കാർഷിക തൊഴിലാളികൾ, റസിഡൻഷ്യൽ ബിൽഡിങ് ഗാർഡ്, ഹോം നഴ്സുമാർ, പാചകക്കാർ, ഒട്ടകങ്ങളെയും കന്നുകാലികളെയും വളർത്തുന്നവരെയും പോലുള്ള മൃഗസംരക്ഷണ തൊഴിലാളികൾ എന്നിവരുൾപ്പെടെ വിവിധ ഗാർഹിക, സമാനമായ ജോലികൾക്ക് ഈ നിയന്ത്രണം ബാധകമാണ്.
ഈ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന അവകാശങ്ങൾ തൊഴിലാളിയുടെ ഏറ്റവും കുറഞ്ഞ അവകാശങ്ങളായി കണക്കാക്കപ്പെടുന്നു. വേതനം, വിശ്രമ കാലയളവുകൾ, അസുഖ അവധി, വാർഷികാവധി തുടങ്ങിയ ചില പ്രധാന വ്യവസ്ഥകൾ താഴെ കൊടുക്കുന്നു
- തൊഴിൽ കരാറുകൾ അറബിയിൽ എഴുതണം (അല്ലെങ്കിൽ ഒരു അറബി പതിപ്പ് ഉൾപ്പെടുത്തണം). കൂടാതെ തൊഴിലാളികൾക്ക് കുറഞ്ഞത് 21 ദിവസത്തെ വാർഷികാവധി, ആഴ്ച തോറുമുള്ള വിശ്രമം, പ്രതിവർഷം 30 ദിവസം വരെ അസുഖ അവധി എന്നിവക്ക് അർഹതയുണ്ടാകും.
-നിർബന്ധിത തൊഴിൽ, പീഡനം, വ്യക്തിഗത രേഖകൾ കണ്ടുകെട്ടൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. പ്രായപൂർത്തിയാകാത്ത തൊഴിലാളികളെ (21 വയസ്സിന് താഴെയുള്ള) ജോലിക്കെടുക്കരുത്. തൊഴിലാളികളിൽനിന്ന് റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കാൻ പാടില്ല. അല്ലെങ്കിൽ അവരുടെ ലൈസൻസുള്ള തൊഴിലിന്പുറത്ത് അവരെ ജോലിക്കെടുക്കാനും തൊഴിലുടമകൾ നിർബന്ധിക്കരുത്.
-തൊഴിലുടമകൾ നല്ല താമസം, ഭക്ഷണം, ഗതാഗതം, ആരോഗ്യ ഇൻഷുറൻസ് എന്നിവ നൽകണം. കൂടാതെ തൊഴിൽ അവസാനിച്ചതിന് ശേഷം കുറഞ്ഞത് ഒരു വർഷത്തേക്ക് വിശദമായ തൊഴിലാളി ഫയൽ സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും അവർക്കുണ്ട്.
-നിർദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി സേവനാവസാന ഗ്രാറ്റ്വിറ്റി, സ്വദേശത്തേക്ക് കൊണ്ടുപോകൽ ചെലവുകൾ എന്നിവ ഉൾപ്പെടെ തൊഴിൽ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഈ നിയന്ത്രണത്തിൽ പറയുന്നു.
-ദുരുപയോഗം, വഞ്ചന അല്ലെങ്കിൽ വേതന കാലതാമസം എന്നിവക്ക് വിധേയമായാൽ തൊഴിലാളികൾക്ക് മുൻകൂർ നോട്ടീസ് കൂടാതെ കരാറുകൾ അവസാനിപ്പിക്കാം.
- തർക്കങ്ങളിൽ നിയമപരമായ ഫീസുകളിൽനിന്ന് തൊഴിലാളികളെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ക്ലെയിമുകളിൽ റിക്രൂട്ട്മെന്റ് ഓഫിസുകൾ അവരെ പ്രതിനിധീകരിക്കുകയും ചെയ്യാം. നിയമലംഘകർക്ക് 50 റിയാൽ മുതൽ 500 റിയാവരെയുള്ള അഡ്മിനിസ്ട്രേറ്റിവ് പിഴകൾ നേരിടേണ്ടിവരും.
മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോം വഴി തൊഴിൽ കരാറുകളുടെ ഇലക്ട്രോണിക് രജിസ്ട്രേഷൻ നടത്തണം. കൂടാതെ പ്രബേഷൻ കാലയളവുകൾ, ജോലി സമയം (ഒരുദിവസം പരമാവധി 12 മണിക്കൂർ), വേതന പേമെന്റ് സമയക്രമങ്ങൾ എന്നിവയെക്കുറിച്ച കർശന നിയമങ്ങളും ഇതിൽ വിശദീകരിക്കുന്നു.
അന്താരാഷ്ട്ര തൊഴിൽരീതികൾക്കും ദേശീയ പരിഷ്കാരങ്ങൾക്കും അനുസൃതമായി തൊഴിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനും ദുർബലരായ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒമാന്റെ പ്രതിബദ്ധതയെ ഈ പുതിയ ചട്ടക്കൂട് പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗസറ്റിൽ പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.