അനുമതിയില്ലാതെ പേരും ലോഗോയും ഉപയോഗിക്കരുത്: സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ കർശന വിലക്ക്

മസ്‌കത്ത്: ഒമാനിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ രേഖാമൂലമുള്ള അനുമതിയില്ലാതെ തങ്ങളുടെ പേരോ ഔദ്യോഗിക ലോഗോയോ പരസ്യങ്ങളിലോ പ്രസിദ്ധീകരണങ്ങളിലോ മാർക്കറ്റിങ് സാമഗ്രികളിലോ ഉപയോഗിക്കുന്നത് ഒമാൻ തൊഴിൽ മന്ത്രാലയം പൂർണമായി നിരോധിച്ചു.

ഇതുസംബന്ധിച്ച് തൊഴിൽ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. ചില സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ ആവശ്യമായ അനുമതികൾ വാങ്ങാതെ തന്നെ മന്ത്രാലയത്തിന്റെ ലോഗോയും പേരും പരസ്യങ്ങളിലും മറ്റ് പ്രചാരണ ഉള്ളടക്കങ്ങളിലും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.

വിവിധ പരിശീലന പരിപാടികളുമായും ചടങ്ങുകളുമായും ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പങ്കുവെക്കുന്ന എല്ലാത്തരം പ്രമോഷനൽ, പരസ്യ സാമഗ്രികൾക്കും ഈ നിയന്ത്രണം ബാധകമാണ്. ഇനി മുതൽ മന്ത്രാലയത്തിന്റെ ലോഗോയോ പേരോ ഏതെങ്കിലും തരത്തിലുള്ള പരസ്യങ്ങളിലോ മാധ്യമങ്ങളിലോ മാർക്കറ്റിങ് സാമഗ്രികളിലോ സോഷ്യൽ മീഡിയയിലോ ഉപയോഗിക്കുന്നതിന് മുമ്പ് സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ തൊഴിൽ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് രേഖാമൂലമുള്ള മുൻകൂർ അനുമതി വാങ്ങിയിരിക്കണം.

തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്രഡിറ്റേഷൻ, സ്പോൺസർഷിപ്പ്, പാർട്ണർഷിപ്പ് അല്ലെങ്കിൽ സഹകരണം ഉണ്ടെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഒരുവിധ ഉള്ളടക്കവും സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല. അത്തരം അവകാശവാദങ്ങൾ ഉന്നയിക്കണമെങ്കിൽ അതിനെ സാധൂകരിക്കുന്ന ഔദ്യോഗിക അനുമതിയോ രേഖകളോ കൈവശമുണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Do not use name and logo without permission; Oman Ministry of Labour issues strict ban on private training institutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.