മസ്കത്ത്: ഉപയോഗിച്ച ടയറുകൾ വിവിധ പ്രദേശങ്ങളിൽ കൂട്ടിയിടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വിദഗ്ധർ. ഉപയോഗിച്ച ടയറുകൾ മാറ്റിസ്ഥാപിക്കുന്ന കടകൾക്ക് മുന്നിലും സമീപ പ്രദേശങ്ങളിലുമാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇത് മികച്ച രീതിയിൽ സംസ്കരിക്കാത്തതിനാൽ നഗരത്തിന്റെ മുഖച്ഛായക്ക് കോട്ടം തട്ടുന്നതിനൊപ്പം ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക അപകടങ്ങൾ വിളിച്ചുവരുത്തുകയും ചെയ്യും.
ടയറുകൾ ഒരു സ്ഥലത്ത് കൂട്ടിയിടുന്നത് തീപിടിത്തത്തിനും പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് പാരിസ്ഥിതിക വിദഗ്ധൻ പറഞ്ഞു. ടയർ ശേഖരണ സ്ഥലങ്ങൾ എലികളുടെയും പ്രാണികളുടെയും താവളമാകാനും സാധ്യതയുണ്ട്. ചില വ്യക്തികൾ ടയറുകൾ കത്തിക്കുകയും വായുവിനെ മലിനമാക്കുകയും ചെയ്യുന്നുണ്ട്.
കേടായ കാർടയറുകൾ കുമിഞ്ഞുകൂടുന്ന പ്രശ്നം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. അത്തരം മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിന് വിവിധ നടപടികളും പരിപാടികളും നടപ്പാക്കേണ്ടത് ആവശ്യമാണ്. കാർ ടയറുകൾ റീസൈക്കിൾ ചെയ്യാം. ഇന്ധന എണ്ണയായി പുനർനിർമിക്കാമെന്നും അല്ലെങ്കിൽ വ്യവസായിക കളിസ്ഥലങ്ങൾക്കുള്ള ഫ്ലോറിങ്ങും വീടുകൾക്കും പൊതു പൂന്തോട്ടങ്ങൾക്കും ടൈലുകൾ നിർമിക്കാനും ഉപയോഗിക്കാമെന്നും വിദഗ്ധർ പറയുന്നു. ആഗോളതലത്തിൽ പ്രതിവർഷം ഒരു ബില്യണിലധികം കാർടയറുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് അനുമാനിക്കുന്നത്.
ഇതിൽ ഏകദേശം 60 ശതമാനവും ഫാക്ടറികളിൽ ഊർജ ഉൽപാദനത്തിനായി കത്തിച്ചു കളഞ്ഞോ അല്ലെങ്കിൽ കുഴിച്ചിടുകയോ ജലാശയങ്ങളിലേക്കും തുറസ്സായ സ്ഥലങ്ങളിലേക്കും വലിച്ചെറിയപ്പെടുകയോ ചെയ്യുന്നു. ഇത് പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഭീഷണിയാണ്. ഉപയോഗിച്ചതും കേടായതുമായ കാർ ടയറുകളുടെ അളവ് വർധിക്കുന്നത് പ്രകൃതിവിഭവങ്ങളുടെ മലിനീകരണത്തിനും പാഴാക്കലിനും കാരണമാകും.
കേടായ ടയറുകളുടെ വർധിച്ചുവരുന്ന അളവ് പുനരുൽപാദിപ്പിക്കുന്നതിന് പരിസ്ഥിതി സൗഹൃദ തന്ത്രങ്ങളും നൂതന ആശയങ്ങളും വികസിപ്പിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. ഈ വർഷം ഏപ്രിലിൽ പഴയ ടയറുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് നൽകുന്നത് ഒമാൻ പരിസ്ഥിതി അതോറിറ്റി നിർത്തിവെച്ചിട്ടുണ്ട്. പാരിസ്ഥിതികമായി ഈ മാലിന്യ സംസ്കരണത്തിന് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുള്ള സർക്കാർ ശ്രമങ്ങളുടെ പ്രതിഫലനത്തിന്റെ ഭാഗമാണ് നിരോധനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.