മസ്കത്ത്: ഒമാനിൽ വിദേശികൾക്കായുള്ള എൻ.ഒ.സി വ്യവസ്ഥകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച ആലോചനകൾ സജീവമെന്ന് സൂചന. എൻ.ഒ.സി നീക്കുന്നത് വഴി തങ്ങളുടെ കമ്പനികൾക്കുണ്ടാകുന്ന ആഘാതങ്ങൾ സംബന്ധിച്ച ചർച്ചകൾ സ്വദേശി ബിസിനസുകാർ നടത്തിവരുന്നതായി പ്രാദേശികപത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
വിദേശികളുടെ താമസ നിയമത്തിലെ 11ാം വകുപ്പ് പ്രകാരമാണ് എൻ.ഒ.സി നിർബന്ധമാക്കപ്പെടുന്നത്. ഇത് പ്രകാരം ഒമാനിൽ വിദേശി തൊഴിലാളികൾക്ക് തൊഴിൽ മാറുന്നതിന് തൊഴിലുടമയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തപക്ഷം രാജ്യം വിട്ട് രണ്ട് വർഷത്തിന് ശേഷം മാത്രമേ ഒമാനിലേക്ക് തിരികെയെത്താൻ സാധിക്കുകയുള്ളൂ. ഇത് റദ്ദാക്കുക വഴി വിദേശികൾക്ക് സ്വതന്ത്ര്യമായി തൊഴിൽ മാറാൻ സാധിക്കും.
എൻ.ഒ.സി വ്യവസ്ഥ നീക്കം ചെയ്യുന്നതോടെ തൊഴിലാളികളെ കൂടുതലായി ആവശ്യമുള്ള വിലായത്തുകളിലേക്കും ഗവർണറേറ്റുകളിലേക്കും ആളുകൾ കൂടുതലായി മാറുമെന്ന് സ്വദേശി ബിസിനസുകാർ ചൂണ്ടികാണിക്കുന്നു. ഇത് ജനസംഖ്യയിൽ സ്വാധീനം ചൊലുത്തും. കഴിവുള്ളതും പരിശീലനം സിദ്ധിച്ചതുമായ തൊഴിലാളികൾ എതിരാളികളായുള്ള സ്ഥാപനങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഇത് സ്വകാര്യ സ്ഥാപനങ്ങളുടെ ഉത്പാദനക്ഷമതയെ ബാധിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. തൊഴിലാളികളെ നഷ്ടമാകുന്നത് സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. പുതിയ വിദേശ നിക്ഷേപ നിയമം കൂടി നിലവിൽ വന്നതിനാൽ വിദേശ തൊഴിലാളികൾ സ്വന്തം കമ്പനി സ്ഥാപിക്കാനും ശ്രമിക്കും. ഇത് സ്വദേശി സ്ഥാപനങ്ങളെ ദുർബലപ്പെടുത്തും. ജോലി മാറുന്നവരിൽ നിന്ന് സ്ഥാപനങ്ങളുടെ രഹസ്യ വിവരങ്ങൾ ചോരാനും സാധ്യതയുണ്ട്. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങളും കേസുകളും ഇതുവഴി വർധിക്കും. ഇത് ജുഡീഷ്യറിക്ക് ഭാരമുണ്ടാക്കുകയും ചെയ്യുമെന്ന് സ്വദേശി ബിസിനസുകാർ ചൂണ്ടികാണിക്കുന്നു. ജോലി മാറുന്ന വിദേശികൾക്ക് ഉയർന്ന വേതനം നൽകേണ്ടിവരും. ഇത് ബിസിനസുകളെയും അവയുടെ മത്സരക്ഷമതയെയും ബാധിക്കുകയും ചെയ്യും. സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളുടെ എണ്ണം വർധിക്കാനും ഇത് കാരണമാകുമെന്ന് സ്വദേശി ബിസിനസുകാർ ചൂണ്ടികാണിക്കുന്നു.
പരിശീലനം സിദ്ധിച്ച വിദേശ തൊഴിലാളികൾക്ക് ജോലി സ്വതന്ത്ര്യമായി മാറാൻ അവസരമൊരുക്കുന്നത് സാമ്പത്തിക സംതുലനാവസ്ഥയെ ബാധിക്കുമെന്ന് ഒമാൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് തെക്കൻ ബാത്തിന ഗവർണറേറ്റ് മേധാവി ഹമൂദ് ബിൻ സാലെം അൽ സാദി പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ ഉത്പാദന നിരക്ക് കുറയാനും ഇത് കാരണമാകും. സ്വദേശി കമ്പനികൾ ദുർബലപ്പെടാൻ ഇത് വഴിയൊരുക്കുമെന്ന് തെക്കൻ ബാത്തിന ഗവർണറേറ്റിലെ ചേംബർ ഡയറക്ടർ ബോർഡ് അംഗം ഫൗലാദ് ബിൻ അലി അൽ സിയാബി പറയുന്നു. ബിനാമി വ്യാപാരത്തിെൻറ വ്യാപനം തടയാൻ താമസ നിയമത്തിെൻറ 11ാം വകുപ്പ് സഹായകരമാകുന്നുണ്ടെന്ന് ചേംബറിെൻറ മറ്റൊരു ഡയറക്ടർ ബേർഡ് അംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.