ദോഫാർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാല
മസ്കത്ത്: അധിനിവേശ ചെടിയായ പാർഥേനിയം വ്യാപിക്കുന്നതിനെതിരെ നടപടി ശക്തമാക്കി ദോഫാർ മുനിസിപ്പാലിറ്റി. ഈ കളയെ കൈകാര്യം ചെയ്യുന്നതിനെയും ചെറുക്കുന്നതിനെയും പറ്റിയുള്ള മൂന്ന് ദിവസത്തെ ശാസ്ത്ര ശിൽപശാലക്ക് തുടക്കമായി. ഗവേഷണ കണ്ടെത്തലുകൾ അവലോകനം ചെയ്യുന്നതിനും പ്രായോഗിക പരീക്ഷണങ്ങൾ പങ്കിടുന്നതിനും സസ്യത്തിന്റെ വ്യാപനം തടയുന്നതിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഒമാനിൽനിന്നും വിദേശത്തുനിന്നുമുള്ള വിദഗ്ധർ ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്. ശിൽപശാല ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മൊഹ്സെൻ അൽ ഗസ്സാനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രഭാഷകരെയും പങ്കെടുക്കുന്ന സംഘടനകളെയും ആദരിച്ചു. ഏറ്റവും പുതിയ ഗവേഷണങ്ങൾ ഉയർത്തിക്കാട്ടുക, പ്രായോഗിക നിയന്ത്രണ രീതികൾ പരിചയപ്പെടുത്തുക, സംയോജിത പാരിസ്ഥിതിക സംരംഭങ്ങളിലൂടെ ദേശീയ ശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
പാർഥേനിയം
ലോകത്തിലെ ഏറ്റവും വിനാശകരമായ അധിനിവേശ സസ്യങ്ങളിലൊന്നായാണ് പാർത്തീനിയം ഹിസ്റ്ററോഫോറസിനെ കണക്കാക്കുന്നത്. ഇത് ജൈവവൈവിധ്യത്തിനും ഭക്ഷ്യസുരക്ഷക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഭീഷണിയാണ്. വനപ്രദേശങ്ങൾ കുറക്കകയും, ആവാസവ്യവസ്ഥക്ക് ഭീഷണിയാകുകയും ചെയ്യുന്ന ഈ സസ്യത്തെ നിയന്ത്രിക്കാനുള്ള ഒമാന്റെ നിരന്തരമായ ശ്രമങ്ങളെയാണ് വർക്ക്ഷോപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് പരിസ്ഥിതി അതോറിറ്റിയിലെ പ്രകൃതി സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. തുറയ സെയ്ദ് അൽ സരിരി പറഞ്ഞു.കഴിഞ്ഞ വർഷംഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ 20 ലക്ഷം തദ്ദേശീയ സസ്യജാലങ്ങളുടെ വിത്തുകൾ നട്ടുപിടിപ്പിച്ച് പാർത്തീനിയം ചെടിയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ നടത്തിയിരുന്നു.
ഏറ്റവും ആക്രമണകാരിയായ കളകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പാർഥേനിയം ദോഫാറിന്റെ സമതലങ്ങളുടെയും കൃഷിയിടങ്ങളുടെയും ചില ഭാഗങ്ങളിൽ ബാധിച്ചിട്ടുണ്ട്. ഇത് വിളകളുടെ വളർച്ചയെ തടയുന്ന രാസവസ്തുക്കൾ പുറത്തുവിടുകയും ചെയ്യുന്നുണ്ട്. മാത്രവുമല്ല ഇതിന്റെ അലർജി ഗുണങ്ങൾ മനുഷ്യർക്കും കന്നുകാലികൾക്കും അപകടസാധ്യത സൃഷ്ടിക്കുന്നുമുണ്ട്. പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ് പാർത്തീനിയം. അധിനിവേശ വിഭാഗത്തിൽപ്പെടുന്ന ഈ ചെടി, റോഡരികിലും തരിശുഭൂമിയിലും നന്നായി വളരുന്നു. ഒരു ചെടിയിൽ നിന്ന് 10000 മുതൽ 20000 വരെ വിത്തുകൾ ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ വളരെ വേഗം ഇവ പടർന്ന് വളരുകയും ചെയ്യും.
ആസ്റ്റർ വിഭാഗത്തിൽപ്പെടുന്ന ഈ ചെടി അലർജിക്ക് കാരണമാവാറുണ്ട്. ഇതിന്റെ സാമീപ്യം പലരുടേയും ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കും. പാർത്തീനിയത്തിൽ അടങ്ങിയിരിക്കുന്ന പാർത്തെനിൻ ആണ് അലർജ്ജിയുണ്ടാക്കുന്നത്. ശ്വാസനാള സംബന്ധമായ അസ്വസ്ഥതകളുള്ളവർക്ക് പാർത്തീനിയത്തിന്റെ പൂമ്പൊടിയുള്ള വായു ശ്വസിക്കുന്നത് തുടർച്ചയായ തുമ്മൽ, മൂക്കടപ്പ്, കണ്ണിൽ നിന്നും വെള്ളം വരുക എന്നി പ്രശ്നങ്ങൾ ഉണ്ടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.