ഗതാഗത, ആശയവിനിമയ, വിവരസാങ്കേതികവിദ്യ മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ
മാവാലി കരാറുകളിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: റോഡുകൾ, തുറമുഖങ്ങൾ, സമുദ്ര സേവനങ്ങൾ എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് മൂന്നു തന്ത്രപരമായ കരാറുകളിൽ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും തുറമുഖങ്ങളുടെയും സമുദ്ര സേവനങ്ങളുടെയും വികസനം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാറുകൾ.
ഗതാഗത, ആശയവിനിമയ, വിവരസാങ്കേതികവിദ്യ മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മാവാലിയാണ് കരാറുകളിൽ ഒപ്പുവെച്ചത്. ഗൾഫാർ എൻജിനീയിറിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയുമായാണ് ആദ്യ കരാർ. ഇതു പ്രകാരം ദാഖിലിയ ഗവർണറേറ്റിൽ, 30 കിലോമീറ്റർ നീളമുള്ള ഇസ്കി-നിസ്വ ഇരട്ടപാത പദ്ധതി നടപ്പിലാക്കുന്നത് ഉൾപ്പെടുന്നു.
ഇസ്കി വിലായത്തിലെ സതേൺ ഖരോട്ടിനടുത്തുള്ള നിലവിലുള്ള റൗണ്ട്എബൗട്ടിൽനിന്ന് ആരംഭിച്ച് ബിർകത്ത് അൽ മൗസ്, ഹെറിറ്റേജ് ഡിസ്ട്രിക്റ്റ് ഏരിയ എന്നിവയിലൂടെ കടന്നുപോകുന്ന ഈ പദ്ധതി, ഫാർഖ് ഏരിയയിലെ നിസ്വ വിലായത്തിന്റെ പ്രവേശന കവാടം വരെയാണുള്ളത്. മാഞ്ചി ഇന്റർനാഷനൽ പോർട്ട്സുമായാണ് രണ്ടാമത്തെ കരാറിലെത്തിയിരിക്കുന്നത്.
ഇതുപ്രകാരം ഷാലീം അൽ ഹലാനിയത്ത് ഐലൻഡ്സ വിലായത്തിൽ ക്വാറി ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിനുള്ള തുറമുഖത്തിന്റെ രൂപകൽപന, നിർമാണം, മാനേജ്മെന്റ്, പ്രവർത്തനം എന്നിവയിൽ നിക്ഷേപിച്ച് തുറമുഖ മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്നു. രണ്ട് ഘട്ടങ്ങളിലായി 18 മാസത്തിനുള്ളിൽ ഈ പദ്ധതി നടപ്പാക്കും.
സുൽത്താൻ ഖാബൂസ് തുറമുഖത്തിലെ കപ്പൽ വിതരണ, ക്രൂ മാറ്റങ്ങളുടെ പ്രവർത്തനം, മാനേജ്മെന്റ്, വികസനം എന്നിവക്കായി ഒരു നിക്ഷേപ ചട്ടക്കൂട് രൂപപ്പെടുത്തുന്നതാണ് മൂന്നാമത്തെ കരാർ. ഒമാനി ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് സർവിസസ് (ഐ.എൽ.എസ് ഒമാൻ) കമ്പനിയുമായാണ് കരാറിലെത്തിയിരിക്കുന്നത്. ഒമാനി തുറമുഖങ്ങൾ വികസിപ്പിക്കുക, സമുദ്ര മേഖലയെ ഏകീകരിക്കുന്നതിൽ സുൽത്താൻ ഖാബൂസ് തുറമുഖത്തിന്റെ പങ്ക് വർധിപ്പിക്കുക, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ തുറമുഖത്തിന്റെ പ്രാഥമിക പ്രവർത്തനവുമായി പൊരുത്തപ്പെടുന്ന വാണിജ്യ പ്രവർത്തനങ്ങൾ ആകർഷിക്കുന്നതിലൂടെ തുറമുഖ വികസനം ത്വരിതപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.