കൃത്രിമ പവിഴപ്പുറ്റുകൾ സ്ഥാപിക്കുന്ന ഖുറിയാത്ത് ഡൈവേഴ്‌സിലെ മുങ്ങൽ വിദഗ്ധർ

ഖുറിയാത്തിൽ കൃത്രിമ പവിഴപ്പുറ്റുകൾ വികസിപ്പിക്കൽ പുരോഗമിക്കുന്നു

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്ത് വിലായത്തിൽ കൃത്രിമ പവിഴപ്പുറ്റുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുന്നു. മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുക, സമുദ്ര പരിസ്ഥിതി സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതി അതോറിറ്റിയുടെ (ഇ.എ) സഹകരണത്തോടെ 43 മുങ്ങൽ വിദഗ്ധരാണ് കൃത്രിമ പവിഴപ്പുറ്റുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ നടത്തുന്നത്. പവിഴപ്പുറ്റുകളെ പുനഃസ്ഥാപിക്കാൻ ലോകമെമ്പാടുമുള്ള സമുദ്ര സംരക്ഷണ വിദഗ്ധർ കൃത്രിമ പാറകളാണ് ഉപയോഗിക്കുന്നത്. ഇവ പവിഴപ്പുറ്റുകളുടെ സുസ്ഥിരമായ വളർച്ചക്കുള്ള അന്തരീക്ഷവും മത്സ്യങ്ങൾക്കും മറ്റ് സമുദ്രജീവികൾക്കും ആവാസവ്യവസ്ഥയും നൽകും.

ജുമാ ഖമീസ് അൽ അമ്രിയുടെ നേതൃത്വത്തിലുള്ള 'ഖുറിയാത്ത് ഡൈവേഴ്‌സ്'എന്ന സംഘമാണ് പവിഴപ്പുറ്റുകൾ അപ്രത്യക്ഷമാകുന്ന പ്രദേശങ്ങളിൽ കൃത്രിമ പാറകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. 2019 ജനുവരിയിലാണ് 'ഖുറിയാത്ത് ഡൈവേഴ്‌സ്' സ്ഥാപിതമായതെന്ന് അൽ അമ്രി അറിയിച്ചു. നിരവധി പ്രദേശങ്ങളിൽ പവിഴപ്പുറ്റുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് ടീമിന്റെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയതോടെയാണ് ഈ പദ്ധതിയുടെ ആശയം വികസിക്കുന്നത്. ജൂൺ 23ന് ആരംഭിച്ച പദ്ധതി രണ്ടു വർഷത്തേക്ക് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കൃത്രിമ പാറകൾ സ്ഥാപിക്കുന്നതിനായി എട്ടുപേരടങ്ങുന്ന സംഘം രാവിലെ എട്ടു മുതൽ 11 വരെയാണ് ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. വാരാന്ത്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയിൽ മുങ്ങൽ വിദഗ്ധർ മാറിമാറിയാണ് കൃത്രിമ പാറകൾ ഒരുക്കുന്നത്. കൃത്രിമ പാറകൾ സ്ഥാപിക്കുക, പവിഴപ്പുറ്റുകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുക എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് പ്രവൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അൽ അമ്രി പറഞ്ഞു.

അക്രോപോറ, പോറൈറ്റ്സ്, ടർബിനേറിയ, പ്ലാറ്റിഗൈറ എന്നിങ്ങനെ നാലുതരം പവിഴങ്ങൾ വളർത്താനാണ് ലക്ഷ്യമിടുന്നത്. പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനെപ്പറ്റി മത്സ്യത്തൊഴിലാളികൾക്കും സമുദ്ര പ്രേമികൾക്കും സമൂഹത്തിനും ഡൈവേഴ്‌സ് ടീം അവബോധം നൽകുകയും ചെയ്യും. മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ കടലിൽനിന്നുള്ള മലിനീകരണം ഒഴിവാക്കാൻ ഖുറിയാത്ത് ഡൈവേഴ്‌സും പ്രവർത്തിക്കുന്നുണ്ടെന്ന് അൽ അമ്രി ചൂണ്ടിക്കാട്ടി. കടലിൽ ഉപേക്ഷിച്ച മത്സ്യബന്ധന വലകളിൽ അകപ്പെട്ടുപോവുക എന്നതാണ് ശുചീകരണ പ്രവർത്തനങ്ങളിലും കൃത്രിമ പവിഴപ്പുറ്റുകൾ ഒരുക്കുമ്പോഴും ഡൈവേഴ്‌സ് ടീം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അൽ അമ്രി പറയുന്നു.

Tags:    
News Summary - Development of artificial reefs in Qurayyat is in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.