വാദി അൽ മാവിൽ നടന്ന തെക്കൻ ബാത്തിന ഒമാനി ഈത്തപ്പഴ ഉത്സവം
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദി അൽ മാവിൽ തെക്കൻ ബാത്തിന ഒമാനി ഈത്തപ്പഴ ഉത്സവം നടന്നു. ഈത്തപ്പഴ കർഷകരെയും പ്രാദേശിക ഉൽപാദകരെയും പൈതൃകപ്രേമികളെയും രണ്ട് ദിവസത്തെ ആഘോഷത്തിനായി ഒരുമിച്ച് കൊണ്ടുവന്നു. വേനൽക്കാലത്ത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഗവർണറേറ്റിലെ കാർഷിക, പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.
കാർഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഉത്സവം ഒമാനി ഈത്തപ്പഴങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിപണനത്തിന് ഒരു സുപ്രധാന വേദി നൽകുന്നു. ഗവർണറേറ്റിലുടനീളമുള്ള 18 ലധികം പ്രാദേശിക സ്ഥാപനങ്ങൾ പങ്കെടുത്തു. ഉയർന്ന നിലവാരമുള്ള ഈത്തപ്പഴം, ഈത്തപ്പഴ വകഭേദങ്ങൾ, തേൻ, മറ്റ് പ്രാദേശിക ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണി ഇവിടെ ഉണ്ടായിരുന്നു.
ഉൽപന്ന പ്രദർശനങ്ങൾക്കുപുറമെ സന്ദർശകരെ ആകർഷിക്കുന്നതിനും ഉൽപാദകരെ പിന്തുണക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന പരമ്പരാഗത സാംസ്കാരികപ്രവർത്തനങ്ങളും പൈതൃകപരിപാടികളും ഫെസ്റ്റിവലിന് മാറ്റുകൂട്ടി.
കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക്രിയുടെ മേൽനോട്ടത്തിലായിരുന്നു ഫെസ്റ്റിവൽ. കാർഷിക സുസ്ഥിരതയും സാമ്പത്തിക വൈവിധ്യവത്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പരിപാടി.
ഫാമുകളിൽനിന്നുള്ള 60ലധികം ഇനം ഈത്തപ്പഴങ്ങൾ പ്രദർശിപ്പിച്ചുവെന്ന് ഡോ. അൽ ബക്രി പറഞ്ഞു. അവയിൽ മിക്കതും ഉയർന്ന നിലവാരമുള്ളതും ശക്തമായ വിപണി ആവശ്യകതയുമുള്ള വാണിജ്യ ഇനങ്ങളാണ്. ബീജസങ്കലനം മുതൽ കീടനിയന്ത്രണം വരെ ഈത്തപ്പനകൾക്ക് നൽകുന്ന പരിചരണം തന്നെ പ്രത്യേകിച്ച് ആകർഷിച്ചു. ഇത് അന്തിമ ഉൽപന്നത്തിന്റെ ഗുണനിലവാരത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കർഷകകുടുംബങ്ങളിൽനിന്നുള്ള കുട്ടികളുടെ പങ്കാളിത്തം തലമുറകളിലൂടെയുള്ള അറിവ് കൈമാറ്റത്തിന്റെ ഒരു നല്ല അടയാളമാണ്. ഇത് ഒമാന്റെ ഈന്തപ്പനയും ഈന്തപ്പന പൈതൃകവും നിലനിർത്താൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.