മസ്കത്ത്: കഴിഞ്ഞ വർഷത്തെ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഒമാൻ പോസ്റ്റ് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തി. 2021ൽ 43ാം സ്ഥാനത്തായിരുന്നു. മൊത്തം ഉപഭോക്തൃ സംതൃപ്തി സ്കോർ തപാൽ സേവനങ്ങൾക്ക് 92 ശതമാനവും ഷിപ്പിങ് പാർസലുകൾ, എക്സ്പ്രസ്, മെയിൽ സേവനങ്ങൾ എന്നിവക്ക് 90 ശതമാനവുമാണ്. തപാൽ സേവന മേഖല, എക്സ്പ്രസ് ഷിപ്പിങ് സൊലൂഷൻസ്, ഇ-കോമേഴ്സ്, അസ്യാദ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അസ്യാദ് എക്സ്പ്രസ് എന്നിവയുടെ വിവിധ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ വർഷം ഒമാൻ പോസ്റ്റ് വളർച്ച കൈവരിച്ചു. എക്സ്പ്രസ് പാർസലുകളുടെ അളവ് 92 ശതമാനം ഉയർന്നു.
എക്സ്പ്രസ് മെയിൽ ഡെലിവറി നിരക്ക് 2021ലെ 93 ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം 98 ശതമാനമായി വർധിച്ചു. ഒമാൻ പോസ്റ്റിനും അസ്യാദ് എക്സ്പ്രസിനും 2022ൽ ഇ-കോമേഴ്സ്, ചരക്ക് സേവനങ്ങൾ, പാർസലുകൾ എന്നീ മേഖലകളിൽ തങ്ങളുടെ ശൃംഖല വിപുലീകരിക്കാൻ കഴിഞ്ഞു. അന്താരാഷ്ട്ര ഡെലിവറി സേവനങ്ങൾ വിപുലീകരിക്കുന്നതിനും പ്രാദേശിക, അന്തർദേശീയ വിപണികളിൽ കൂടുതൽ ബിസിനസ് അവസരങ്ങൾ തുറക്കുന്നതിനുമുള്ള തന്ത്രപരമായ ലക്ഷ്യത്തിന്റെ ഭാഗമായി 11 രാജ്യങ്ങളിൽ എക്സ്പ്രസ് മെയിൽ ഉൾപ്പെടുത്തി. മൊറോക്കോ, ഇറാഖ്, താൻസനിയ, ഖത്തർ, തുനീഷ്യ, സൗദി അറേബ്യ, യുനൈറ്റഡ് സ്റ്റേറ്റ്സ്, യ.എ.ഇ, ജോർഡൻ, കുവൈത്ത്, തുർക്കിയ എന്നിവയാണവ. പ്രാദേശികമായി, ഒമാൻ പോസ്റ്റ് വിവിധ ദേശീയ പരിപാടികളും അവസരങ്ങളും ഉപയോപ്പെടുത്തി 12 തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കുന്നതിന് നിരവധി സർക്കാർ ഏജൻസികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.