രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയവർ
മസ്കത്ത്: സുൽത്താന്റെ സ്ഥാനാരോഹണ ദിനത്തിന്റെ ഭാഗമായി ലഭിച്ച അവധി ആഘോഷം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയായിരുന്നു അവധിയെങ്കിലും രണ്ട് വാരാന്ത്യ ദിനങ്ങൾക്കൊപ്പമായതിനാൽ മൂന്ന് ദിവസത്തെ അവധിയാണ് പൊതുജനങ്ങൾക്ക് ലഭിച്ചത്. അപ്രതീക്ഷിത അവധിയായതിനാൽ പലർക്കും പരിപാടികൾ മുൻകൂട്ടി ആൂസൂത്രണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒമാനിൽ അനുഭവപ്പെടുന്ന മൂടിക്കെട്ടിയ കാലാവസ്ഥയും ചാറ്റൽ മഴയും അവധി ആഘോഷങ്ങളെ ചെറുതായി ബാധിച്ചിരുന്നു.
മഴയും വാദിയും മറ്റ് കാലാവസ്ഥ പ്രശ്നങ്ങളും പരിഗണിച്ച് നിരവധി പേർ ദൂരയാത്രകൾ ഒഴിവാക്കിയിരുന്നു. എന്നാൽ, കാലാവസ്ഥ വ്യതിയാനം വെല്ലുവിളിയായി സ്വീകരിച്ചവരും നിരവധിയാണ്. ഒമാനിൽ അനുഭവപ്പെടുന്ന കൊടും തണുപ്പും ഇത്തരക്കാർ ആഘോഷമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഗ്രൂപ്പുകളും സംഘടനകളും കൂട്ടായ്മകളും പിക്നിക്കുകൾ സംഘടിപ്പിച്ചിരുന്നു. കൊടും തണുപ്പ് അനുഭവപ്പെടുന്ന ജബൽ ശംസിലും ജബൽ അഖ്ദറിലും യാത്ര പോയവരും നിരവധിയാണ്. ഒമാനിലെ പ്രമുഖ മരുഭൂമിയായ വഹൈബ സാൻഡിലേക്കും ആളുകൾ ക്യാമ്പിങ്ങിന് പോയിരുന്നു. ഇബ്രക്കടുത്തുള്ള വഹൈബ സാൻഡ്സ് അടുത്തിടെ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ വിവിധ സ്ഥലങ്ങളിലെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. എന്നാൽ, അവധിക്കാലത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ഖുറം നാച്വറൽ പാർക്കും നസീം ഗാർഡനും മസ്കത്ത് നൈറ്റിനുവേണ്ടി അടച്ചിട്ടത് സന്ദർശകർക്ക് തിരിച്ചടിയായി. എന്നാൽ മത്ര കോർണീഷ്, ശാത്തീ അൽ ഖുറം ബീച്ച് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
മൂന്നുദിവസത്തെ അവധി ഉപയോഗപ്പെടുത്തി നാട്ടിൽ പോയവരും നിരവധിയാണ്. ബുധനാഴ്ച പുറപ്പെട്ട് ഞായറാഴ്ച തിരിച്ചുവരുന്ന രീതിയിലാണ് പലരും നാട്ടിൽ പോയത്. കൂടെ അടുത്തയാഴ്ച അഞ്ചുദിവസം ലീവെടുത്ത് കൂടുതൽ ദിവസം നാട്ടിൽ തങ്ങുന്നവരും നിരവധിയാണ്. നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കുകൾ കുറഞ്ഞതും ഇത്തരം യാത്രക്കാർക്ക് അനുഗ്രഹമായിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ കിട്ടുന്നതുകൊണ്ട് മാത്രമാണ് പലരും അവധി ഉപയോഗപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.