സലാല: ഖരീഫ് സീസൺ പ്രവർത്തനങ്ങളുടെ ഭാഗമായി സലാലയിൽ കരകൗശല പ്രദർശനം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കരിക്കുലം ഡവലപ്മെന്റാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഖരീഫ് ദോഫാർ സീസണിന്റെ ഭാഗമായി തുടങ്ങിയ പ്രദർശനം മൂന്നുദിവസം നീണ്ടുനിൽക്കും. ഒമാനി സുഗന്ധ വ്യവസായം, നെയ്ത്ത്, വസ്ത്രം, ഈന്തപ്പനകൾ, പരമ്പരാഗത ഭക്ഷണം തയാറാക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള പരമ്പരാഗത ഒമാനി കരകൗശല വസ്തുക്കൾ പ്രദർശനത്തിലുണ്ട്. വിദ്യാർഥികളുടെ ഒമാനി കരകൗശല വസ്തുക്കളുടെ പ്രത്യേക വിഭാഗവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
സലാല ഗ്രാൻഡ് മാളിൽ നടക്കുന്ന എക്സിബിഷനിൽ വിനോദ പരിപാടികളും പരമ്പരാഗത കലകളുടെ അവതരണവും സ്കൂൾ വിദ്യാർഥികളെയും സന്ദർശകരെയും ലക്ഷ്യമിട്ടുള്ള സാംസ്കാരിക മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ കരകൗശല നേട്ടങ്ങൾ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, പരമ്പരാഗത കരകൗശലവസ്തുക്കളുടെ സംസ്കാരവും ചരിത്രവും ഉയർത്തിക്കാട്ടുക, വിദ്യാർഥികൾക്കിടയിൽ കരകൗശലവിദ്യകൾ പ്രോത്സാഹിപ്പിക്കുക, യുവതലമുറയെ സാസ്കാരിക ഈടുവെപ്പുകളെ പരിപാലിക്കാൻ പ്രേരിപ്പിക്കുക, അവർക്ക് പരിശീലനം നൽകുക എന്നിവയാണ് പ്രദർശനം ലക്ഷ്യമിടുന്നത്. ഉയർന്ന നിലവാരത്തിൽ കരകൗശല വസ്തുക്കൾ വികസിപ്പിക്കുന്നതിനുള്ള രീതികളെക്കുറിച്ചും എങ്ങനെ സാമ്പത്തികമായി വിപണനം ചെയ്യാമെന്നതിനെക്കുറിച്ചും പ്രദർശനത്തിന്റെ ഭാഗമായി പുതുതലമുറയെ പരിശീലിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.