സി.പി.എ ചെയർമാൻ സലിം ബിൻ അലി അൽ ഹക്മാനി അൽ വുസ്ത ഗവർണറേറ്റിലെ കടകളിൽ പരിശോധന നടത്തിയപ്പോൾ
മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ (സി.പി.എ) സലിം ബിൻ അലി അൽ ഹക്മാനി അൽ വുസ്ത ഗവർണറേറ്റ് സന്ദർശിച്ചു. വിപണികൾ നിരീക്ഷിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. ഗവർണറേറ്റുകളിലെ നിരവധി മാർക്കറ്റുകളിൽ പര്യടനം നടത്തിയ അദ്ദേഹം വിതരണക്കാരുടെ ഭാഗത്തുനിന്ന് നിയമം പാലിക്കുന്നതിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി. അഡ്മിനിസ്ട്രേറ്റർമാരുമായും ഇൻസ്പെക്ടർമാരുമായും കൂടിക്കാഴ്ച നടത്തി. മാർക്കറ്റുകൾ നിരീക്ഷിക്കുന്നതിനും പരിശോധന ശക്തമാക്കുന്നതിനുമുള്ള ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് സി.പി.എ ഉദ്യോഗസ്ഥരോട് അഭ്യർഥിക്കുകയും ചെയ്തു. വാണിജ്യ തട്ടിപ്പുകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി ഗവർണറേറ്റുകളിൽ കാമ്പയിൻ നടന്നുകൊണ്ടിരിക്കുകയാണ്. വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, വഞ്ചനയായി കണക്കാക്കുന്ന കച്ചവട രീതികൾ ഉപഭോക്താക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുക, ഇതിനുള്ള നിയമപരമായ ശിക്ഷ വിതരണക്കാരെയും വ്യാപാരികളെയും ബോധവത്കരിക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം അവസാനം വരെ 1,444 വാണിജ്യ ലംഘനങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കണ്ടെത്തിയത്. മായം കലർന്ന ചരക്കുകളുമായും സേവനങ്ങളുമായും ബന്ധപ്പെട്ട് 53 ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. 2021 അവസാനത്തോടെ വാണിജ്യ വഞ്ചനയുമായി ബന്ധപ്പെട്ട 250 പരാതികളും 627 റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.