മസ്കത്ത്: കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നുമുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ എത്തിയവർ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ തുടർന്നാണ് ഇവർക്ക് ഒമാനിലേക്ക് പ്രവേശനം ലഭിക്കാതിരുന്നത്. രണ്ട് വിമാനങ്ങളിലുമായി 130ഒാളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഭക്ഷണം പോലും ലഭിക്കാതെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനമായി. എംബസി ഉദ്യോഗസ്ഥരും വിമാന കമ്പനി അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യാഴാഴ്ച പുലർച്ച രണ്ടിന് വിമാനമെത്തിച്ച് ഇവരെ കൊച്ചിയിലെത്തിക്കാൻ തീരുമാനിച്ചത്. യാത്രക്കാരിൽ കൂടുതലും തിരുവനന്തപുരത്തുനിന്നാണ്. ഇവരെ തിരുവനന്തപുരത്ത് എത്തിക്കുന്ന കാര്യത്തിൽ ബുധനാഴ്ച വൈകുന്നേരമായിട്ടും വ്യക്തത കൈവന്നിട്ടില്ല. അതേസമയം, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിൽ ജോലി ചെയ്യുന്ന 12 നഴ്സുമാർ യാത്രക്കാരിൽ ഉണ്ടായിരുന്നു. സർക്കാർ തിരിച്ചുവിളിച്ച് വരുന്നതിനാൽ ഇവർക്ക് മാത്രം എമിഗ്രേഷൻ അധികൃതർ പ്രവേശനാനുമതി നൽകി.
തിരുവനന്തപുരത്തുനിന്നുള്ള െഎ.എക്സ് 549 വിമാനം ഒമാൻ സമയം രാവിലെ പത്തിനും കൊച്ചിയിൽനിന്നുള്ള െഎ.എക്സ് 443 വിമാനം 11 മണിക്കുമാണ് മസ്കത്തിൽ ലാൻഡ് ചെയ്തത്. മണിക്കൂറുകളോളം എമിഗ്രേഷന് മുന്നിലുള്ള ഭാഗത്താണ് യാത്രക്കാർ കാത്തിരുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് മണിക്കൂറുകൾ ഭക്ഷണം ലഭിച്ചില്ല. ഡിപ്പാർച്ചർ മേഖലയിലേക്ക് മാറ്റിയ ശേഷം വൈകീട്ട് മൂന്നു മണിയായപ്പോൾ ആണ് ഭക്ഷണം ലഭിച്ചതെന്ന് യാത്രക്കാരനായ പന്തളം സ്വദേശി പറഞ്ഞു. ഒമാനിൽ പ്രവേശിക്കാൻ കഴിയുമോയെന്ന കാര്യം പലവട്ടം ചോദിച്ച് ഉറപ്പാക്കിയശേഷമാണ് യാത്രക്കൊരുങ്ങിയതെന്ന് മറ്റൊരു യാത്രക്കാരൻ പറഞ്ഞു. യാത്രക്കാർ വിമാനത്തിൽ കുടുങ്ങിയ വിവരമറിഞ്ഞ് എംബസിയിൽ ബന്ധപ്പെെട്ടങ്കിലും നിഷേധാത്മക സമീപനമാണ് ഉണ്ടായതെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയുടെ ഒാഫിസിനെയും നോർക്കയെയും ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. ഇവിടെനിന്ന് ബന്ധപ്പെട്ടശേഷമാണ് എംബസി അധികൃതർ വിഷയത്തിൽ ഇടപെടാമെന്ന് അറിയിച്ചതും തുടർന്ന് വിമാനത്താവളത്തിൽ എത്തിയതും.
യാത്രക്കാർ കുടുങ്ങിയ വിവരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒാഫിസിനെ ധരിപ്പിച്ചതായും അതുപ്രകാരം വേണ്ട ഇടപെടലുകൾ നടത്തിയതായും സാമൂഹിക പ്രവർത്തകൻ ബിന്ദു പാലക്കൽ പറഞ്ഞു. നൂറിലധികം യാത്രക്കാർ കുടുങ്ങിയ വിവരം എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരെ അറിയിച്ചിരുന്നതായി സാമൂഹിക പ്രവർത്തകൻ കെ. യൂസുഫ് സലീമും പറഞ്ഞു. ഇരുവരും കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്ര വിദേശകാര്യമന്ത്രി എന്നിവരെ കണ്ട് വേണ്ട ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.