മസ്കത്ത്: മേഖലയിൽ വർധിച്ചുകൊണ്ടിരിക്കുന്ന സംഘർഷം കുറക്കാനുള്ള ഒമാന്റെ നയതന്ത്ര ശ്രമങ്ങൾ ഊർജിതമായി തുടരുന്നു. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം തടയാൻ എല്ലാ സമാധാനപരമായ മാർഗങ്ങളും സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതിനുള്ള തീവ്രമായ നയതന്ത്ര ശ്രമങ്ങളാണ് ഒമാൻ നടത്തി വരുന്നത്.
അന്താരാഷ്ട്ര, മാനുഷിക, ധാർമിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. യുഎസ്-ഇറാൻ ആണവ കരാറിലേക്കുള്ള ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. ഇസ്രായേലി ആക്രമണങ്ങളെ അപലപിച്ച് ഒമാൻ, ഈജിപ്ത്, നിരവധി അറബ്, ഇസ്ലാമിക രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. സൈനിക സംഘർഷം ശക്തമായി നിരാകരിക്കുന്ന പ്രസ്താവന, രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാൻ ആഹ്വാനം ചെയ്യുകയും തർക്കങ്ങളുടെ സമാധാനപരമായ പരിഹാരത്തിനായി വാദിക്കുകയും ചെയ്യുന്നു.
സംഘർഷത്തിന്റെ അനന്തരഫലങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ശത്രുത അവസാനിപ്പിക്കണമെന്നും മേഖലയെ ആണവായുധങ്ങളിൽ നിന്നും കൂട്ട നശീകരണ ആയുധങ്ങളിൽ നിന്നും മുക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ആണവ സൗകര്യങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കുകയും ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
അതേസമയം, ഇസ്താബൂളിൽ ശനിയാഴ്ച ചേരുന്ന ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗത്തിൽ ഒമാൻ പങ്കെടുക്കും. കൂട്ടായ നയതന്ത്ര ശ്രമങ്ങളെ പിന്തുണച്ച് സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് രാഷ്ട്രീയകാര്യ വിദേശകാര്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ ആൽ അൽ-ഹാർത്തി സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.