മസ്കത്ത്: തൊഴിലാളികളുടെ അനുമതിയില്ലാതെ അവരുടെ പാസ്പോർട്ടുകൾ കമ്പനികൾ സൂക്ഷിക്കാൻ പാടില്ലെന്ന് ഉണർത്തി അധികൃതർ. ഇതുസംബന്ധിച്ച് തൊഴിൽ മന്ത്രാലയം കമ്പനികൾക്ക് നേരത്തേതന്നെ നിർദേശം നൽകിയിരുന്നു. 2006 നവംബർ ആറിന് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച മന്ത്രിതല തീരുമാനം 2/2006 പ്രകാരം, ജീവനക്കാരുടെ പാസ്പോർട്ട് സൂക്ഷിക്കുന്നത് രാജ്യത്തിന്റെ തൊഴിൽ നിയമത്തിന്റെ അടിസ്ഥാന ചട്ടത്തിന്റെ ലംഘനമാണ്.
നഷ്ടപ്പെടുമെന്ന് ഭയന്ന് തൊഴിലാളിക്ക് വേണമെങ്കിൽ തൊഴിലുടമക്ക് പാസ്പോർട്ട് സൂക്ഷിക്കാൻ ഏൽപിക്കാവുന്നതാണ്. പാസ്പോർട്ട് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
തൊഴിലുടമകൾ പാസ്പോർട്ടുകൾ വിദേശ ജീവനക്കാർക്ക് തിരികെ നൽകണം. അവ സൂക്ഷിക്കുന്നത് രാജ്യത്തെ തൊഴിൽ രീതികൾക്ക് വിരുദ്ധമാണ്. പാസ്പോർട്ട് വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന രേഖയാണ്. അത് അവന്റെ കൈവശം ഉണ്ടായിരിക്കണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ജീവനക്കാരന്റെ ഇഷ്ടപ്രകാരമല്ലാതെ പാസ്പോർട്ട് സൂക്ഷിക്കാൻ ഒരു കമ്പനിക്കും അധികാരമില്ലെന്ന് പല അവസരങ്ങളിലും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മതമില്ലാതെ പാസ്പോർട്ടുകൾ കൈവശം വെച്ചിട്ടുണ്ടെങ്കിൽ, അവ തിരിച്ചുകിട്ടാൻ ഉടമകൾക്ക് തൊഴിൽ മന്ത്രാലയത്തെ സമീപിക്കാം. പാസ്പോർട്ട് സറണ്ടർ ചെയ്യാത്തതിന് ജീവനക്കാരനെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.