ഇളനീർ കടകളിൽ അധികൃതർ പരിശോധന നടത്തുന്നു
മസ്കത്ത്: ഖരീഫ് സീസണിൽ സജീവമാകുന്ന സലാലയിലെ ഇളനീർ കടകളിൽ പരിശോധനയുമായി അധികൃതർ. ദോഫാർ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ദോഫാർ മുനിസിപ്പാലിറ്റിയുടെയും ലേബർ ഡയറക്ടറേറ്റ് ജനറലിന്റെയും ഏകോപനത്തോടെയാണ് സംയുക്ത പരിശോധന കാമ്പയിൻ നടത്തിയത്. സുരക്ഷിതമായ ഉപഭോക്തൃ വിപണി ഉറപ്പാക്കുന്നതിനും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന. 56 സ്റ്റാളുകളിൽ പരിശോധന നടത്തുകയും നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.വാഴപ്പഴം പഴുക്കാൻ ഉപയോഗിച്ചതായി കരുതുന്ന നിരോധിത രാസവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു. കൂടാതെ ഇളനീരിൽ നിയമവിരുദ്ധമായി പഞ്ചസാര ചേർക്കുന്നതായി കണ്ടെത്തിയ വ്യക്തികളെയും പിടികൂടി.ഉപഭോക്താക്കൾക്കുള്ള വിലവിവര പട്ടിക അവ്യക്തമായി പ്രദർശിപ്പിക്കുക, അംഗീകൃത ആരോഗ്യ, സാങ്കേതിക ആവശ്യകതകൾ പാലിക്കാതിരിക്കുക തുടങ്ങിയവക്ക് 10 സ്റ്റാളുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. സുരക്ഷയും പൊതു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാത്തതിനാൽ തേങ്ങ മുറിക്കുന്നതിന് ഉപയോഗിച്ചിരുന്ന 52 മരമേശകൾ നീക്കം ചെയ്തു. അവബോധം വളർത്തുക, അനുചിതമായ വാണിജ്യ രീതികൾ തടയുക, ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനെന്ന് അതോറിറ്റി അറിയിച്ചു. സുരക്ഷിതമല്ലാത്ത രീതികൾ നിയന്ത്രിക്കുന്നതിനും, വിൽപനക്കാരുടെ അവബോധം വളർത്തുന്നതിനും, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള വിശാലമായ നിയന്ത്രണ ശ്രമത്തിന്റെ ഭാഗമാണ് ഈ കാമ്പയിനെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പറഞ്ഞു. എല്ലാ വിൽപനക്കാരും അംഗീകൃത നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. പൊതുതാൽപര്യം സംരക്ഷിക്കുന്നതിനായി ഇത്തരം പരിശോധന കാമ്പയിനുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
ഗൾഫ് നാടുകളിൽ സലാലയിൽ മാത്രം കാണുന്ന കാഴ്ചയാണ് നിരനിരയായി മരത്തിൽ പണിത് തെങ്ങോലകൾ കൊണ്ട് മേൽക്കൂരതീർത്ത ഇളനീർ കടകൾ. സലാലയിലെ തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന കരിക്കുകളും പഴം-പച്ചക്കറികളുമാണ് ഇവിടെ വിപണനം ചെയ്യുന്നത്.
ഇക്കുറി ഇത്തരം തട്ടുകടകൾ ഹരിത വർണമണിഞ്ഞ് കൂടുതൽ ആകർഷകമായി അണിഞ്ഞൊരിങ്ങിയാണ് ഇടപാടുകാർക്കായി കാത്തിരിക്കുന്നത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും സന്ദർശകർ വന്നു തുടങ്ങുന്നതോടെയാണ് സലാല സജീവമാകുന്നത്.
ഖരീഫ് മഴയും മഞ്ഞും മാമലകളുടെ സൗന്ദര്യവും ആസ്വദിക്കുന്നതിനോടൊപ്പം സന്ദർശകർക്ക് ഒഴിവാക്കാനാകാത്ത കാഴ്ചയും അനുഭവവുമായിരിക്കും കടൽതീരത്തെ തോട്ടങ്ങളോട് ചേർന്ന് റോഡിന്റെ ഇരുവശങ്ങളിലുമായി നിരനിരയായി സംവിധാനിച്ചിട്ടുള്ള ഇളനീർ വില്പനശാലകൾ. മലയാളികളും ബംഗാളികളുമാണ് ഇത്തരം കടകൾ ഏറെയും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.