ഒമാൻ ഫുട്ബോൾ അസോസിയേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ സേലം ബിൻ സഇൗദ് ബിൻ സലേം അൽ വഹൈബിയും ജറോസ്ലാവ് സിൽഹവിയും കരാർ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി ചെക് റിപ്പബ്ലിക്കിന്റെ കോച്ചായിരുന്ന ജറോസ്ലാവ് സിൽഹവിയെ നിയമിച്ചു. ഖത്തറിൽ നടന്ന ഏഷ്യൻ കപ്പിലെ ഒമാന്റെ മോശം പ്രകടനത്തെതുടർന്ന് കോച്ച് ക്രൊയേഷ്യൻ താരം ബ്രാങ്കോ ഇവാൻകോവിച്ചിനെ പുറത്താക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ കോച്ചിനെ ഒമാൻ ഫുട്ബാൾ അസോസിയേഷൻ നിയമിച്ചത്. 2026വരെയാണ് കരാർ. ഫെഡറേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഒമാൻ ഫുട്ബാൾ അസോസിയേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ സേലം ബിൻ സഇൗദ് ബിൻ സലേം അൽ വഹൈബിയും പുതിയ പരിശീലകനും കരാറിൽ ഒപ്പുവെച്ചു.
62 വയസ്സുകാരനായ ജറോസ്ലാവ് സിൽഹ ചെക്ക് ദേശീയ ടീമിനെയും നിരവധി ചെക് ക്ലബുകളെയും പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് റെഡ്വാരിയേഴ്സിന് തന്ത്രം മെനയാൻ എത്തുന്നത്. ചെക് റിപ്പബ്ലിക്കിലെ മുൻനിര ക്ലബുകളായ ക്ലാഡ്നോ, വിക്ടോറിയ പ്ലെസെൻ, ഡൈനാമോ സെസ്കെ ബുഡെജോവിസ്, സ്ലാവിയ പ്രാഗ്, സ്ലോവൻ ലിബറെ എന്നിവയോടൊപ്പം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2001 മുതൽ 2009 വരെ ചെക്ക് റിപ്പബ്ലിക് ദേശീയ ടീമിന്റെ സഹപരിശീലകനായിരുന്നു.
2018 മുതൽ പൂർണ ചുമതല ഏറ്റെടുത്തു. ഇദ്ദേഹത്തിന് കീഴിൽ 2020 യൂറോകപ്പിൽ ചെക്ക് റിപ്പബ്ലിക്ക് ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. യുവേഫ യൂറോ 2024ന് ടീം യോഗ്യത നേടിയ ശേഷം 2023ൽ അദ്ദേഹം രാജിവെച്ചു. ചെക്ക് ലീഗിൽ 2012ൽ സ്ലോവൻ ലിബറ ക്ലബിനെയും 2017ൽ സ്ലാവിയ പ്രാഗിനെയും ചാമ്പ്യന്മാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിൽനിന്ന് ഒമാൻ ടീം പുറത്തായതിന് പിന്നാലെ വൻ ആരാധക രോഷമായിരുന്നു കോച്ച് ബ്രാങ്കോ ഇവോകോവിച്ചിനെതിരെ ഉയർന്നിരുന്നത്. ഇതോടെ കോച്ചുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ (ഒ.എഫ്.എ) തീരുമാനിക്കുകയായിരുന്നു. നാലു വർഷത്തെ സേവനത്തിന് ശേഷമാണ് ഇവോകോവിച്ചും ഫുട്ബാൾ അസോസിയേഷനും വേർപിരിഞ്ഞത്. പോൾ ജോസഫ് ലീഗോൺ, ലീ റോയ്, മിലാൻ മെച്ചാള എന്നിവർക്ക് പുറമെ ആരാധക രോഷത്തിൽ പുറത്തേക്കു പോകുന്ന മറ്റൊരു പരിശീലകൻ കൂടിയാണ് ബ്രാൻകോ ഇവൻകോവിച്ച്. മാർച്ച് മാസത്തിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയാണ് പുതിയ കോച്ചിന് മുന്നിൽ വരാനിരിക്കുന്ന പ്രധാന പോരാട്ടങ്ങൾ . എന്നാൽ പരിശീലകനെ മാറ്റിയതുകൊണ്ട് മാത്രം ടീമിന് മുന്നോട്ട് പോകാനാകില്ലെന്നും താരങ്ങളിലും അടിമുടി മാറ്റംവേണമെന്നാണ് ആരാധകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.