മസ്കത്ത്: കാർ ഒാട്ടത്തിനിടെ കത്തിനശിച്ചു. അമിറാത്ത്- ബോഷർ റോഡിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. പുകയുയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ സാധിച്ചതിനാൽ ആളപായം ഒഴിവായി. സിവിൽ ഡിഫൻസ് എത്തി തീയണച്ചു. കാർ ഏതാണ്ട് പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സിവിൽ ഡിഫൻസ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.
വേനൽ കടുത്തതോടെ ഒാടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ഒമാൻ അടക്കം ഗൾഫ് രാഷ്ട്രങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്. വാഹനത്തിെൻറ യന്ത്രഭാഗങ്ങളുടെയും ഇലക്ട്രിക്കൽ വയറിങ്ങുകളുടെയും കൃത്യമായ പരിചരണവും അറ്റകുറ്റപ്പണിയും ഉറപ്പാക്കുന്നതിലെ അപാകതയാണ് വാഹനങ്ങളിലെ അഗ്നിബാധക്ക് കാരണമെന്ന് സുരക്ഷാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. ഇന്ധനം നിറക്കുന്നതിനിടെ എൻജിൻ പ്രവർത്തിപ്പിക്കുന്നതും വാഹന നിർമാതാവ് നിഷ്കർഷിക്കാത്ത മാനദണ്ഡങ്ങളോടെയുള്ള ടയറുകൾ ഉപയോഗിക്കുന്നതും തെറ്റായ ഡ്രൈവിങ് ശീലവും സർവിസിങ്
വൈകിപ്പിക്കുന്നതുമെല്ലാം അഗ്നിബാധക്ക് വഴിയൊരുക്കിയേക്കാം. പെട്രോൾ സ്റ്റേഷനുകളിൽ പുകവലിക്കുന്നതും ഒഴിവാക്കണം. വാഹനങ്ങളുടെ സർവിസിങ്ങിലും മറ്റും യഥാർഥ യന്ത്രഭാഗങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. കൃത്രിമ യന്ത്രഭാഗങ്ങൾ ഉപയോഗിക്കുന്നത് ഉയർന്ന താപനിലയിൽ അഗ്നിബാധയെ വിളിച്ചുവരുത്തുന്നതാകുമെന്ന് റോയൽ ഒമാൻ െപാലീസ് അറിയിച്ചു.
പഴകിയ വയറിങ്ങിന് ഒപ്പം ഹെഡ്ലൈറ്റും മറ്റുമായി ഘടിപ്പിച്ചിരിക്കുന്ന വയറുകൾ അയഞ്ഞുകിടക്കുന്നതും അഗ്നിബാധക്ക് കാരണമാകാം. കാർ ബാറ്ററികൾ ഇടവേളകളിൽ മാറ്റുന്നതിന് ഒപ്പം കൂളൻറുകളുടെ ചോർച്ചയടക്കം ശ്രദ്ധിക്കണമെന്നും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.