‘ഈ തെരഞ്ഞെടുപ്പിലും എന്റെ വാർഡിലെ മുഴുവൻ വോട്ടർമാർക്കും എങ്ങനെ വോട്ട് ചെയ്യാൻ സാധിക്കും എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. വാർഡിലെ മൊത്തം വോട്ടർമാരിൽ 15-25ശതമാനം ജോലി/ പഠന ആവശ്യങ്ങൾക്കു ദൂര സ്ഥലങ്ങളിലാണ്. ബാക്കിയുള്ളവരിൽ കിടപ്പു രോഗികൾക്കും വയസ്സായവർക്കും വീട്ടിൽ വോട്ടു ചെയ്യാനുള്ള അവസരം ഈ തെരഞ്ഞെടുപ്പിലും ഇതുവരെ തെരഞ്ഞെടുപ്പ് കമീഷൻ ചെയ്തിട്ടില്ല.
മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗലൂർ സ്വദേശിയാണ് ഞാൻ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ ഒമാനിന്റെ ഇങ്ങേ അറ്റത്തുള്ള ബുറൈമി എന്ന സ്ഥലത്തും രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും ഇതു പതിവു കാഴ്ചയാണ്. വാട്സ്ആപ് ഗ്രൂപ്പിലുടെ പോർവിളികളും വെല്ലുവിളികളും തുടർന്നുകൊണ്ടിരിക്കുന്നു. ചിലപ്പോൾ തെരഞ്ഞെടുപ്പ് നാട്ടിലോ അതോ ഇവിടെയോ എന്ന് തോന്നിപ്പോകും, അത്രക്കുണ്ട് പലരുടെയും ആവേശം.
എനിക്ക് 1996ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് വോട്ടവകാശം ലഭിക്കുന്നത്. ആദ്യവസരത്തിൽ തന്നെ ഒരു സ്ഥാനാർഥിയായി നിൽക്കാൻ കൂട്ടുകാർ നിർബന്ധിച്ചു. കാരണം ഞങ്ങളുടെ ക്ലബിന്
ചില ആവശ്യങ്ങളുണ്ടായിരുന്നു. അങ്ങനെ ഞാൻ നോമിനേഷൻ കൊടുത്തു. ഇതറിഞ്ഞ നാട്ടിലെ ഇടതും വലതും പാർട്ടികളിലെ പ്രമുഖർ വീട്ടിൽ വന്ന് പിൻവലിക്കാൻ നിർബന്ധിച്ചു. കാരണം ആരു ജയിച്ചാലും 10ൽ കുറഞ്ഞ വോട്ടിനേ ഞങ്ങളുടെ വാർഡിൽനിന്ന് വിജയിക്കാൻ പറ്റൂ. എന്റെയും കുടുംബത്തിന്റെയും വോട്ട് ലഭിച്ചാൽതന്നെ ജയിച്ചുകയറാം എന്ന് രണ്ടുകൂട്ടർക്കും നന്നായി അറിയാം. അതുകൊണ്ട് അവർ പല ഓഫറുകളും മുന്നിൽവെച്ചു.
അവസാനം ഞാൻ എഴുതി തയാറാക്കിയ 10 ഉപാധികൾ ആര് നിറവേറ്റുമോ അവർക്ക് പിന്തുണ നൽകാം എന്ന് പറഞ്ഞു. യു.ഡി.എഫിന്റെ സ്ഥാനാർഥി അത് ഏറ്റെടുത്തു. നാട്ടിലെ ഒരു ബസ് സ്റ്റോപ്പിന് വേണ്ട കാശും ഞങ്ങളുടെ പൊതുജന വായനശാലയിലേക്ക് രണ്ട് ദിനപത്രങ്ങളും അപ്പോൾ തന്നെ അനുവദിച്ചുതന്നു. ബാക്കി കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ നോമിനേഷൻ പിൻവലിച്ചു.
യു.ഡി.എഫിന്റെ എല്ലാ കുടുംബയോഗങ്ങളിലും മുഖ്യ പ്രഭാഷകനായി പോയി. ആ തെരഞ്ഞെടുപ്പിൽ 12 വോട്ടിന് യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുകയും ചെയ്തു. അക്കാലത്ത് വെൽഫെയർ പാർട്ടി ജനിച്ചിട്ടില്ല. ഇന്ന് എന്റെ വാർഡിൽ വെൽഫെയർ പാർട്ടി ഒറ്റക്കാണ് മത്സരിക്കുന്നത്. അവർക്ക് സ്വന്തമായി ജയിക്കാൻ കഴിയുന്ന ഒരു വാർഡാണ്. കഴിഞ്ഞ പ്രാവശ്യം യു.ഡി.എഫുമായി സഖ്യത്തിലായിരുന്നു. ഈ പ്രാവശ്യം ആരുടെയും പിന്തുണയില്ലാതെ തന്നെ ഒറ്റക്ക് വിജയിച്ച് കയറാം എന്ന ആത്മവിശ്വസമായിരിക്കാം ഒറ്റക്ക് മത്സരിക്കുന്നതിന് പിന്നിൽ.
ഈ തെരഞ്ഞെടുപ്പിലും എന്റെ വാർഡിലെ മുഴുവൻ വോട്ടർമാർക്കും എങ്ങനെ വോട്ട് ചെയ്യാൻ സാധിക്കും എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. വാർഡിലെ മൊത്തം വോട്ടർമാരിൽ 15-25ശതമാനം ജോലി/ പഠന ആവശ്യങ്ങൾക്ക് ദൂരസ്ഥലങ്ങളിലാണ്. ബാക്കിയുള്ളവരിൽ കിടപ്പു രോഗികൾക്കും വയസ്സായവർക്കും വീട്ടിൽ വോട്ടു ചെയ്യാനുള്ള അവസരം ഈ തെരഞ്ഞെടുപ്പിലും ഇതുവരെ തെരഞ്ഞെടുപ്പ് കമീഷൻ ചെയ്തിട്ടില്ല. അങ്ങനെവരുമ്പോൾ 100ശതമാനം പോയിട്ട് 75ശതമാനം പോളിങ് പോലും നടക്കുമോ എന്ന് കണ്ടറിയണം.
എല്ലാ വോട്ടർമാരോടും പറയാനുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നമുക്ക് ഏറ്റവും ഉപകാരിയായ മനുഷ്യനെ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്നാണ്. അതിനു പാർട്ടിയോ കൊടിയുടെ നിറമോ നോക്കേണ്ട കാര്യമില്ല. കാരണം, നമ്മുടെ വാർഡിലും പഞ്ചായത്തിലും ഒക്കെ നമ്മുടെ ആവശ്യം അറിഞ്ഞു ഓടിനടക്കുന്ന ഉപകാരിയായ മനുഷ്യർക്ക് വോട്ടു കൊടുത്താലേ ഗുണമുണ്ടാകൂ. നമ്മുടെ കൂട്ടത്തിൽ നിന്നുകൊണ്ട് നമുക്ക് ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തുതരാൻ പറ്റുന്ന ആൾക്ക് വോട്ടുചെയ്ത് വിജയിപ്പിക്കുക. അതിനു പറ്റിയ നല്ല സമയമാണിത്. എല്ലാവർക്കും വിജയാശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.