മസ്കത്ത്: രാജ്യത്തെ കൃഷിക്കും മറ്റും ഭീഷണി സൃഷ്ടിക്കുന്ന പക്ഷികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് ഇല്ലാതാക്കിയത് 12,597 കാക്കകളേയും മൈനകളേയും. ജൂലൈ ആദ്യം പുനരാരംഭിച്ച അധിനിവേശ പക്ഷികളെ (മൈന, ഇന്ത്യൻ കാക്ക) നേരിടാനുള്ള ദേശീയ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് ഇത്രയും പക്ഷികളെ ഇല്ലാതാക്കിയത്. പ്രാദേശിക പരിസ്ഥിയും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നതാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അധിനിവേശ പക്ഷികളെ നേരിടുന്നതിനുള്ള ഉപസമിതി ചെയർമാൻ ഇസ്സ ബിൻ അബ്ദുല്ല അൽ യഹ്മദി പറഞ്ഞു.
മൈനകൾ, ഇന്ത്യൻ കാക്കകൾ തുടങ്ങിയ അധിനിവേശ പക്ഷികൾ ഭക്ഷണത്തിനും ആവാസ വ്യവസ്ഥക്കുമായി തദ്ദേശീയ ഇനങ്ങളുമായി മത്സരിക്കുന്നതിലൂടെ ഭീഷണി ഉയർത്തുന്നു. ഇത് പ്രാദേശിക ജീവികളുടെ നാശത്തിനോ വംശനാശത്തിനോ കാരണമാകാമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതും മറ്റ് ജീവജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായ അംഗീകൃത രീതികൾ ഉപയോഗിച്ചാണ് ഈ കാമ്പയിൻ നടത്തുന്നത്. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിനും പ്രവർത്തിക്കുന്ന പരിസ്ഥിതി അതോറിറ്റി, ബന്ധപ്പെട്ട അധികാരികൾ, പ്രാദേശിക സമൂഹം എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിൻ പുരോഗമിക്കുന്നത്.
ഈ അധിനിവേശ പക്ഷികൾ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിലാണ് ഈ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവയുടെ സ്ഥലങ്ങൾ തിരിച്ചറിയുന്നതിനായി പതിവായി ഫീൽഡ് സർവേകൾ നടത്തുകയും അവയുടെ എണ്ണം കുറക്കുന്നതിന് ഫലപ്രദമായ നിയന്ത്രണ നടപടികളും നടത്തിവരുന്നു. തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദോഫാർ തുടങ്ങി സുൽത്താനേറ്റിന്റെ മിക്ക ഗവർണറേറ്റുകളിലെ തീര പ്രദേശങ്ങളിൽ ഇത്തരം പക്ഷികളുടെ ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് സ്ഥിതിവിവര കണക്കുൾ സൂചിപ്പിക്കുന്നു. ദോഫാറിലാണ് കാമ്പയിൻ തുടങ്ങിയിരിക്കുന്നതെങ്കിലും പിന്നീട് മസ്കത്ത്, വടക്കൻ ബാത്തിന എന്നിവയുൾപ്പെടയുള്ള മറ്റ് ഗവർണറേറ്റുകളിലും ഇത്തരം പക്ഷികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികൾ തുടർന്നു. പക്ഷികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെണിവച്ച് പിടികൂടുന്നതിന് പുറെമ എയർഗൺ ഉപയോഗിച്ചും ഇവയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
രാജ്യത്ത് മൈനകളുടേയും കാക്കകളുടേയും ശല്യം വർധിച്ചതോടയാണ് പരിസ്ഥിതി അതോറിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയത്. കൃഷികളും മറ്റും നശിപ്പിച്ച് വ്യാപകമായ നാശനഷ്ടങ്ങളാണ് ഇവവരുത്തുന്നത്. ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യങ്ങളും മുന്തിരി, ആപ്രിക്കോട്ട്, പിയേഴ്സ് തുടങ്ങിയ പഴവർഗങ്ങളുമാണ് നശിപ്പിക്കുന്നത്. മൈനകളും കാക്കകളുമുണ്ടാക്കുന്ന നാശനഷ്ടങ്ങൾ കുറക്കുന്നതിനെക്കുറിച്ചും ഇവയുടെ വ്യാപനം നിയന്ത്രിക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഒമാനിൽ 1,60,000ൽ അധികം മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയുടെ വ്യാപനം നിയന്ത്രിക്കാനായി പരിസ്ഥിതി അതോറിറ്റി ടീമിനെ രൂപവത്കരിച്ചിരുന്നു. പക്ഷികളുടെ വ്യാപനം തടയാനുള്ള അന്താരാഷ്ട്ര വിദഗ്ധയായ സൂസന സാവേദ്രയുമായാണ് അധികൃതർ ഇതിനായി കരാർ ഉണ്ടാക്കിയത്. അവർ സലാലയും മസ്കത്തിലും സന്ദർശനം നടത്തുകയും മൈനകളേയും കാക്കകളേയും നിരീക്ഷിക്കാനുള്ള പ്രാരംഭ പദ്ധതികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
മറ്റു പക്ഷികളൂടെ മുട്ടകൾ മൈന നശിപ്പിക്കുന്നത് പ്രകൃതിയുടെ വൈവിധ്യത്തിന് ഭീഷണിയാവുന്നുണ്ട്. ഇന്ത്യ അടക്കമുള്ള ഉഷ്ണമേഖല രാജ്യങ്ങളിലാണ് മൈനയെ സാധാരണയായി കണ്ടുവരുന്നത്. കൃഷിയിടങ്ങളിലും പാർപ്പിട മേഖലകളിലുമാണ് മൈനയെ കൂടുതലായി കാണുന്നത്.
സലാലയിലെ ചില വിലായത്തുകളിൽ ഇവ വല്ലാതെ വർധിക്കുന്നുണ്ട്. ഗവർണറേറ്റിൽ താഖാ, മിർബാത്ത് വിലായത്തുകളെ അപേക്ഷിച്ച് സലാലയിലെ തോട്ടങ്ങളിലും പൊതുപാർക്കുകളിലും 80 ശതമാനം കൂടുതലാണ് മൈനകൾ. താഖയിൽ 12 ശതമാനവും മിർബാത്തിലും മറ്റു ഭാഗങ്ങളിലും എട്ട് ശതമാനവുമാണ് മൈനകൾ. ഇത്തരം പക്ഷികളുടെ വർധന തടയാൻ മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് കർശന നടപടികൾ എടുക്കുകയാണ് പരിസ്ഥിതി സംരക്ഷണ വിഭാഗം. മറ്റു പ്രാദേശിക ജീവികൾക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന വിപരീത ഫലം ഒഴിവാക്കാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.