മസ്കത്ത്: അന്താരാഷ്ട്ര തലത്തിൽ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിനും സാധാരണ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുമായി എല്ലാ കക്ഷികളും നിയന്ത്രണം പാലിച്ച് സംവാദത്തിന് മുൻഗണന നൽകണമെന്ന് മന്ത്രിസഭ ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങൾക്ക് ഒമാൻ പിന്തുണ തുടരുമെന്നും തർക്കങ്ങൾ പരിഹരിക്കുന്നതിന് സംവാദവും സഹകരണവും പ്രധാന മാർഗങ്ങളായി സ്വീകരിക്കണമെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി. സ്ഥിരതയും സുരക്ഷയും സാധാരണ ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്ന സമീപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒമാൻ നയം വ്യക്തമാക്കി.
പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതിനിടെ, നല്ല അയൽബന്ധം, അനുകൂല നിഷ്പക്ഷത, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ തുടങ്ങിയ ഒമാന്റെ ദീർഘകാല വിദേശനയ തത്ത്വങ്ങൾ മന്ത്രിമാർ ഊന്നിപ്പറഞ്ഞു. സൗഹൃദപരവും സഹോദര രാജ്യങ്ങളുമായുള്ള ദ്വികക്ഷി ബന്ധങ്ങളും പ്രധാന പ്രാദേശിക -അന്താരാഷ്ട്ര വിഷയങ്ങളും യോഗം പരിശോധിച്ചു. പരസ്പര താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന വിധത്തിൽ എല്ലാ രാജ്യങ്ങളുമായും സൗഹൃദത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ബന്ധങ്ങൾ വളർത്താനുള്ള ഒമാന്റെ താൽപര്യവും മന്ത്രിസഭ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.