അൽ ഖുവൈറിലെ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: നൂതന അർബുദ ചികിത്സ സൗകര്യങ്ങൾ നൽകുന്നതിനായി യു.എ.ഇയിലെ ഏറ്റവും വലിയ കാൻസർ പരിചരണ ശൃംഖലകളിലൊന്നായ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ബി.സി.ഐ) ഒമാനിൽ ആദ്യ കേന്ദ്രം ആരംഭിച്ചു. മസ്കത്തിലെ അൽ ഖുവൈറിലെ ബുർജീൽ ആശുപത്രിയിലാണ് പുതിയ കേന്ദ്രം. ജി.സി.സിയിലുടനീളം പ്രത്യേക ഓങ്കോളജി സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒമാനിലും ഒരുക്കിയിരിക്കുന്നതെന്ന് മാനേജമെന്റ് ഭാരവാഹികൾ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എം.ഡി ഡോ. ആദിൽ സാലിഹ് അൽ അൻസാരി, ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബുർജീൽ ഹോൾഡിങ്സിന്റെ ഗ്രൂപ്പ് സി.ഇ.ഒ ജോൺ സുനിൽ, ബി.സി.ഐ സി.ഇ.ഒ പ്രഫ. ഹുമൈദ് അൽ ഷംസി, റോയൽ ഹോസ്പിറ്റലിലെ നാഷണൽ ഓങ്കോളജി സെന്റർ ഡയറക്ടർ, സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുവാദ് അൽഖറുസി, യൂണിവേഴ്സിറ്റി മെഡിക്കൽ സിറ്റിയിലെ സുൽത്താൻ ഖാബൂസ് കോംപ്രിഹെൻസീവ് കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ മെഡിക്കൽ ആൻഡ് കാൻസർ ജനറ്റിക്‌സിലെ സീനിയർ കൺസൾട്ടന്റ് എംഡി ഡോ. അബീർ അൻവർ അബ്ദുല്ല അൽ സെയ്ഗ്, ഒമാൻ മെഡിക്കൽ അസോസിയേഷൻ വൈസ് പ്രസിഡന്റും ഒമാൻ സൊസൈറ്റി ഓഫ് ഓങ്കോളജിയുടെ സ്ഥാപകനുമായ ഡോ. തഹ മുഹ്‌സിൻ ജുമാ അൽ ലവാതി, റോയൽ ഹോസ്പിറ്റലിലെ മെഡിക്കൽ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ. ഇസ്മായിൽ അൽ അബ്രി, റോയൽ ഹോസ്പിറ്റലിലെ നാഷണൽ ഓങ്കോളജി സെന്ററിലെ സീനിയർ ഓങ്കോളജി ഫാർമസിസ്റ്റ്, നാഷണൽ ഓങ്കോളജി സെന്റർ ഫാർമസി വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ലംകി, എസ്.ക്യു.സി.സി.ആർ.സിയിലെ സീനിയർ കൺസൾട്ടന്റും ബ്രെസ്റ്റ് പ്രോഗ്രാം മേധാവിയുമായ ഡോ. ആദിൽ അൽ ജറാ അൽ അജ്മി, ആരോഗ്യ മന്ത്രാലയത്തിലെ സീനിയർ സ്പെഷ്യലിസ്റ്റ് ഫാമിലി ഫിസിഷ്യൻ ഡോ. നിഹാൽ അഫിഫി, ബി.സി.ഐ മെഡിക്കൽ ഡയറക്ടർ ഡോ. ഇബ്രാഹിം അബു ഗൈദ എന്നിവർ പങ്കെടുത്തു.
ഏകീകൃത കാൻസർ മാനേജ്‌മെന്റ് നയങ്ങൾ വികസിപ്പിക്കുന്നതിൽ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിലെ വിദേശ ചികിത്സ ഡയറക്ടർ ഡോ. സുൽത്താൻ സലിം അൽ ഹാർത്തി ഊന്നിപ്പറഞ്ഞു. ഈ സംരംഭം രോഗി പരിചരണം മെച്ചപ്പെടുത്തുകയും ഒമാനിൽ സുസ്ഥിരമായ ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എല്ലാ അർബുദ രോഗികൾക്കും ഉയർന്ന നിലവാരമുള്ള പരിചരണം ലഭ്യമാക്കുക എന്ന ബുർജീലിന്റെ ദൗത്യത്തെയാണ് ഈ സെന്റിറിലൂടെ പ്രതിഫലിക്കുന്നതെന്ന് പ്രഫ. ഹുമൈദ് അൽ ഷംസി പറഞ്ഞു.
അത്യാധുനിക ഡയഗ്നോസ്റ്റിക്, ചികിത്സാ സാങ്കേതികവിദ്യകളും മൾട്ടി ഡിസിപ്ലിനറി സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘം ജീവനക്കാരും മസ്‌കത്തലെ സെന്ററിലുണ്ട്. നൂതന കാൻസർ രോഗനിർണയം, ചികിത്സ, നടപടിക്രമങ്ങൾ എന്നിവ നൽകുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്നതിനാൽ രോഗികൾക്ക് ഇനി വിദേശത്തേക്ക് പോകേണ്ടതില്ല. സങ്കീർണമായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ആഗോള വിദഗ്ധർ പിന്തുണ നൽകുമെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
മുതിർന്നവരുടെയും കുട്ടികളുടെയും ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ഹെമറ്റോളജി-ഓങ്കോളജി, ബോൺ മാരോ ട്രാൻസ്പ്ലാൻറേഷൻ, പ്ലാസ്റ്റിക് സർജറി, സ്തന പുനർനിർമ്മാണം എന്നിവയാണ് പ്രധാന സേവനങ്ങൾ. കീമോതെറാപ്പി, മനഃശാസ്ത്ര പരിചരണം, പുനരധിവാസം, മറ്റ് പ്രത്യേക സേവനങ്ങൾ എന്നിവക്കായി സമർപ്പിത ടീമുകൾ വഴി സമഗ്രമായ പിന്തുണയും കേന്ദ്രം നൽകും. ജനിതക, മോളിക്യുലാർ പരിശോധനക്കുള്ള ലബോറട്ടറി സേവനങ്ങൾ, അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് ഇമേജിങ് (മാമോഗ്രാഫി, സി.ടി, എം.ആർ.ഐ ഉൾപ്പെടെ), ഒരു പ്രത്യേക കീമോതെറാപ്പി യൂനിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. രോഗികളുടെ സൗകര്യാർഥം ഒരേ ദിവസം തന്നെ രോഗനിർണയവും സേവനങ്ങളും ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച്, ഒമാനിലെ ഓങ്കോളജിയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്നതിനായി പൊതു, സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.