ബി.എൻ.ഐ ഒമാൻ കോൺക്ലേവ് പ്രഖ്യാപന വാർത്ത
സമ്മേളനത്തിൽനിന്ന്
മസ്കത്ത്: ബിസിനസ് നെറ്റ്വർക്കിങ് സംഘടനയായ ബി.എൻ.ഐ ഒമാൻ കോൺക്ലേവ് ഫെബ്രുവരി 14ന് സംഘടിപ്പിക്കും. ഖുറം ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ സ്പീഡ് നെറ്റ്വർക്കിങ്, മെഗാ ചാപ്റ്റർ മീറ്റിങ്ങുകൾ, ബിസിനസ് ഷവേഴ്സ് എന്നിവ ഉൾപ്പെടെയുള്ള ആശയങ്ങൾ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സുസ്ഥിര ബന്ധങ്ങൾ എങ്ങനെ ദീർഘകാല ബിസിനസ് വളർച്ചക്ക് വഴിയൊരുക്കുന്നു എന്നതാണ് കോൺക്ലേവ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
2023ൽ ഒമാനിൽ ആരംഭിച്ച ബി.എൻ.ഐ, മസ്കത്തിലെ മൂന്ന് ചാപ്റ്ററുകളിലായി നൂറിലധികം ബിസിനസ് ഉടമകൾക്ക് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഒമ്പതു മില്യൺ ഒമാൻ റിയാലിലധികം ബിസിനസ് സൃഷ്ടിക്കാൻ ഇതിനകം സഹായമൊരുക്കിയതായി ഒമാൻ നാഷനൽ ഡയറക്ടർ സലീം അൽത്താഫ് പറഞ്ഞു. ആഗോളതലത്തിൽ, 76 രാജ്യങ്ങളിലായി 3.5 മില്യൺ അംഗങ്ങളുള്ള ഏറ്റവും വലിയ ബിസിനസ് ശൃംഖലയാണ് ബി.എൻ.ഐ എന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ 5,000 അംഗങ്ങളിലേക്ക് ഒമാൻ നെറ്റ്വർക്ക് വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.സോഹാർ, സലാല എന്നിവിടങ്ങളിൽ പുതിയ ചാപ്റ്ററുകൾ ആരംഭിക്കും.
നിസ്വ, ബുറൈമി, സൂർ, ദുകം തുടങ്ങിയ നഗരങ്ങളിലേക്കും വിപുലീകരിക്കും. ബി.എൻ.ഐ സലാം ചാപ്റ്റർ പ്രസിഡന്റ് ശ്രീകുമാറാണ് കോൺക്ലേവിന്റെ ചെയർമാൻ.
മജാൻ ചാപ്റ്റർ പ്രസിഡന്റ് അദീപ് ജേക്കബ് ജനറൽ സെക്രട്ടറിയാണ്. ഒമാനും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കുമിടയിൽ വലിയ വിപണി സാധ്യതകൾ തുറക്കുമെന്ന് ചെയർമാൻ ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.