മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിലെ ലോഞ്ചുകളിൽ ഒന്ന്
മസ്കത്ത്: ഈവർഷത്തെ വേൾഡ് എയർലൈൻ അവാർഡിൽ മികച്ച ഇൻഡിപെൻഡന്റ് എയർപോർട്ട് ലോഞ്ചുകളുടെ പട്ടികയിൽ മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിന്റെ പ്രൈംക്ലാസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സർവിസുകൾക്കുള്ള മുൻനിര എയർലൈനുകളുടെ പട്ടികയിൽ ഒമാൻ എയറും ഇടംപിടിച്ചു.
ലോകത്തെ മികച്ച എയർലൈനായി ഖത്തർ എയർവേസിനെയാണ് തെരഞ്ഞെടുത്തത്. തുടർച്ചയായി ഏഴാം തവണയാണ് ഖത്തർ എയർവേസ് ഈ അഭിമാനകരമായ നേട്ടം കരസ്ഥമാക്കുന്നത്. സിംഗപ്പൂർ എയർലൈൻസ് രണ്ടും എമിറേറ്റ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മിഡിലീസ്റ്റിലെ മികച്ച വിമാനങ്ങളുടെ പട്ടികയിൽ ഒമാൻ എയർ ഏഴാം സ്ഥാനത്താണ്.
ഈ വിഭാഗത്തിൽ ഖത്തർ എയർവേസ് ഒന്നാം സ്ഥാനം നേടിയപ്പോൾ എമിറേറ്റ്സ്, ഇത്തിഹാദ് എയർവേസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ലോകത്തെ മികച്ച ഫസ്റ്റ് ക്ലാസ് എയർലൈൻസ് പട്ടികയിൽ 16ാം സ്ഥാനത്താണ് ഒമാൻ എയർ. ഈ വിഭാഗത്തിൽ സിംഗപ്പൂർ എയർലൈൻസാണ് ഒന്നാം സ്ഥാനത്തെത്തിയത്. എമിറേറ്റ്സ് രണ്ടും സ്വിസ് ഇന്റർ നാഷനൽ എയർലൈൻ മൂന്നും സ്ഥാനം കരസ്ഥമാക്കി.
'ഏവിയേഷൻ വ്യവസായത്തിന്റെ ഓസ്കറുകൾ' എന്നു വിശേഷിപ്പിക്കപ്പെടുന്ന വേൾഡ് എയർലൈൻ അവാർഡുകൾക്ക് 1999ൽ ആണ് തുടക്കം കുറിക്കുന്നത്.
കോവിഡ് പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും ഓൺലൈനിലൂടെയായിരുന്നു അവാർഡ് ദാന ചടങ്ങുകൾ നടന്നിരുന്നത്. എന്നാൽ, ഇത്തവണ അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ലാങ്ഹാം ഹോട്ടലിലാണ് പരിപാടികൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.