മസ്കത്ത്: ബിനാമി വ്യാപാരവുമായി ബന്ധപ്പെട്ട് 410 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വ്യാപാര ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ ത്തുടർന്ന് നിയമവിരുദ്ധ വ്യാപാരത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സംഘം (എൻ.ടി.ടി) ആണ് നടപടി സ്വീകരിച്ചത്. മസ്കത്ത്, ദോഫാർ, വടക്കൻ ബാത്തിന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 581 വാണിജ്യ കമ്പനികളെയാണ് പരിശോധനയിൽ ഉൾപ്പെടുത്തിയത്. 410 സ്ഥാപനങ്ങൾക്കെതിരെ ഭരണപരമായ പിഴകൾ ചുമത്തി.
77 കമ്പനികൾ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, പാട്ടക്കരാറുകൾ തുടങ്ങിയ പ്രധാന രേഖകൾ സമർപ്പിച്ച് ഓഡിറ്റ് ആവശ്യകതകൾ നിറവേറ്റി. ബിനാമി വ്യാപാരം ഇല്ലാതാക്കുക, വിപണി നീതി പുനഃസ്ഥാപിക്കുക, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നിവയാണ് പരിശോധന കാമ്പയിനിലൂടെ ലക്ഷ്യമിട്ടതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വാണിജ്യ ഡയറക്ടർ ജനറലും ദേശീയ ടാസ്ക്ഫോഴ്സ് മേധാവിയുമായ നസ്ര ബിൻത് സുൽത്താൻ അൽ ഹബ്സി പറഞ്ഞു. ലൈസൻസുകളുടെ ദുരുപയോഗം, നികുതി വെട്ടിപ്പ്, തൊഴിൽ ലംഘനങ്ങൾ തുടങ്ങിയ അനിയന്ത്രിതമായ രീതികൾ ദേശീയ സമ്പദ്വ്യവസ്ഥക്കും ന്യായമായ മത്സരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് അവർ എടുത്തുപറഞ്ഞു.
വിദേശ നിക്ഷേപത്തിൽനിന്ന് പരിമിതപ്പെടുത്തിയിരിക്കുന്ന 106 വാണിജ്യ പ്രവർത്തനങ്ങളെയാണ് ഓഡിറ്റ് ലക്ഷ്യമിട്ടത്. അവയിൽ തയ്യൽ, കാർ അറ്റകുറ്റപ്പണികൾ, സലൂണുകൾ, വെറ്ററിനറി സേവനങ്ങൾ തുടങ്ങിയ മേഖലകൾക്ക് പരിമിതമായ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഈ ബിസിനസുകൾക്ക് അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിലാണ് ഇളവുകൾ ലഭിക്കുകയുള്ളു.
റോയൽ ഒമാൻ പൊലീസ്, തൊഴിൽ മന്ത്രാലയം, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ, നികുതി അതോറിറ്റി എന്നിവയുൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു പരശോധന നടപ്പിലാക്കുന്നത്.
അതേസമയം, ബിനാമി വ്യപാരം തടയുന്നതിന്റെ ഭാഗമായി കമ്പനികളും സ്ഥാപനങ്ങളും ഒമാനിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുടങ്ങണമെന്ന നിയമം കഴിഞ്ഞ വർഷം മുതൽ അധികൃതർ ശക്തമാക്കി തയുടങ്ങിയിരുന്നു. ബിനാമി വ്യാപാരം സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക മേഖലയിലുണ്ടാക്കിയ ദൂശ്യ ഫലങ്ങൾക്കെതിരെ പൗരന്മാർ നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് നടപടികളുണ്ടാവുന്നത്. ഏതെങ്കിലും വിദേശി തങ്ങൾക്ക് ചെയ്യാൻ അനുവാദമില്ലാത്ത ബിസിനസിലോ വാണിജ്യ കാര്യങ്ങളിലോ ഏതെങ്കിലും അംഗീകാരമുള്ള വ്യക്തിയുടെ ലൈസൻസോ വാണിജ്യ രജിസ്ട്രേഷനോ ഉപയോഗപ്പെടുത്തുന്നതാണ് ബിനാമി വ്യാപാരം. ഇത്തരം വ്യാപാരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും ശ്രദ്ധയിൽപ്പെടുന്നവർ ഉടൻ മന്ത്രാലയത്തെ അറിയിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർ 5,000 റിയാൽ പിഴ അടക്കേണ്ടി വരും. നിയമ ലംഘനം രണ്ടാമതും ആവർത്തിക്കുകയാണെങ്കിൽ 10,000 റിയാലാണ് പിഴ. മുന്നാമതും ലംഘനം ആവർത്തിക്കുകയാണെങ്കിൽ 15,000റിയാൽ പിഴയോ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. അതോടൊപ്പം വാണിജ്യ രജിസ്ട്രേഷനിൽനിന്ന് നിയമം ലംഘനം നടത്തിയ വിഭാഗം ഒഴിവാക്കും. ഇവ രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരു വർഷം കാത്തിരിക്കേണ്ടി വരികയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.