മസ്കത്ത്: ബർക്ക വാട്ടർഫ്രണ്ട് വികസന പദ്ധതി 80 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. പദ്ധതിയുടെ ബാക്കിയുള്ള പ്രധാന നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അറിയിച്ചു. ദക്ഷിണ ബാതിന ഗവർണർ മസൂദ് ബിൻ സയിദ് അൽ ഹഷ്മിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം നടന്ന ഗവർണറേറ്റ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ വിവരം പങ്കുവെച്ചത്.
ദക്ഷിണ ബാതിന മുനിസിപ്പാലിറ്റി പ്രോജക്റ്റ് വകുപ്പ് ഡയറക്ടർ അലി ബിൻ ഹസൻ അൽ മുജൈനി, ബർക്കയിലെ പ്രധാന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിച്ചു. ബർക്കയെ കുടുംബസൗഹൃദ തീരസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനായാണ് ഈ വാട്ടർഫ്രണ്ട് പദ്ധതി രൂപകൽപ്പന ചെയ്തത്. 1.9 ദശലക്ഷം ഒമാനി റിയാലാണ് പദ്ധതിയുടെ ആകെചെലവ്.
രണ്ടു കിലോമീറ്റർ നീളത്തിൽ വ്യാപിച്ചിരിക്കുന്ന പദ്ധതി, കായികവും വിനോദവും ഉൾപ്പെടുത്തിയ സൗകര്യങ്ങളാണ് ഒരുക്കുക. അതിൽ 1.8 കിലോമീറ്റർ നീളമുള്ള കടൽത്തീരം വാക്ക്വേ, ഓപ്പൺ ബാർബിക്യൂ ഏരിയ, സീറ്റിങ് ഏരിയ, റസ്റ്റോറന്റുകൾ, കിയോസ്കുകൾ, പച്ചപ്പ് നിറഞ്ഞ പാർക്ക്, ഫുട്ബോൾ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ബീച്ച് സ്പോർട്സിനുള്ള ഇടങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഇതോടൊപ്പം, സൗത്ത് സുമാഹൻ, അൽ ബില്ല, അൽ റുമൈസ് പ്രദേശങ്ങളിലുമുള്ള പുതിയ പൊതുപാർക്കുകളുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ബർക്കയിൽ റോഡ് നെറ്റ്വർക്കിന്റെ നവീകരണവും നഗരവികസന പദ്ധതികളുടെ ഭാഗമായി നടക്കുന്നുണ്ട്. ഇന്നർ റോഡുകളുടെയും പാർക്കിങ് ഏരിയകളുടെയും രൂപകൽപനയും ടൈൽ വിരിക്കലും 90 ശതമാനം പൂർത്തിയായി.
ഇതിന് 1.4 ദശലക്ഷം ഒമാനി റിയാൽ ചെലവായി. ഇതിനുപുറമേ, 2.3 ദശലക്ഷം ഒമാനി റിയാൽ ചെലവിൽ നിർമിക്കുന്ന 50 കിലോമീറ്റർ നീളമുള്ള മറ്റൊരു ആന്തരിക റോഡ് പാവിങ് പദ്ധതി 90 ശതമാനം പൂർത്തിയാവുകയും ചെയ്തു. ഈ എല്ലാ പദ്ധതികളും ബർക്കയിലെ സഞ്ചാരവികസനം ശക്തിപ്പെടുത്തുക, പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുക, ഗതാഗതസൗകര്യം വർധിപ്പിക്കുക എന്നിക്കൊപ്പം പ്രദേശത്തെ നിവാസികളുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.