മസ്കത്ത്: വമ്പന്മാർ അണിനിരക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ അങ്കത്തിനായി ഒമാൻ വെള്ളിയാഴ്ച ഇറങ്ങും. ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ ശക്തരായ പാകിസ്താനാണ് എതിരാളികൾ. മികച്ച പ്രകടനം നടത്തി ആരാധകരുടെ മനം കവരാനാണ് ഇന്ന് ഒമാൻ ശ്രമിക്കുക. വലിയ അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും തങ്ങളുടേതായ ദിനത്തിൽ ആരെയും തോൽപ്പിക്കാൻ കരുത്തുള്ള ഒരുപിടി താരങ്ങൾ അടങ്ങിയതാണ് ഒമാൻ നിര. അതുകൊണ്ടുതന്നെ നിസ്സാരമായി ഒമാനെ കണ്ടാൽ വലിയ വില ഇന്ന് പാകിസ്താൻ നൽകേണ്ടി വരും.ട്വന്റി 20 ക്രിക്കറ്റിൽ എന്തും സംഭവിക്കാമെന്നും അതുകൊണ്ടുതന്നെ മികച്ച മത്സരങ്ങൾക്കായാണ് ഞങ്ങൾ ഇറങ്ങുന്നതെന്നും ഒമാൻ ക്രിക്കറ്റ് ബോർഡ് ചീഫ് ഡെവലപ്മെന്റ് ഓഫിസറും മുഖ്യ പരിശീലകനുമായ ദുലീപ് മെൻഡിസ് പറഞ്ഞു.
ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ഇനി ടീമിന് മുന്നിലുള്ളത്. അതിന് മുമ്പ് ഏഷ്യാ കപ്പിൽ മികച്ച പ്രകടനം നടത്താനാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിനുള്ള 17 അംഗ ടീമിനെ ദിവസങ്ങൾക്ക് മുമ്പ് കോച്ച് പ്രഖ്യാപിച്ചിരുന്നു. ഓപണിങ് ബാറ്റർ ജതീന്ദർ സിങ്ങാണ് ടീമിനെ നയിക്കുക. പരിചയസമ്പന്നതക്കൊപ്പം യുവതാരങ്ങൾക്കും പ്രാധാന്യം നൽകിയാണ് ടീമിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഒമാനിൽ നടന്ന എ.സി.സി എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഹമ്മദ് മിർസയാണ് ടീമിൽ ഇടം നേടിയ ശ്രദ്ധേയ താരങ്ങളിൽ ഒരാൾ. മുഹമ്മദ് നദീം, വിനായക് ശുക്ല എന്നിവരെപ്പോലുള്ളവർ ബാറ്റിങ് നിരക്ക് കരുത്ത് പകരും.
ഹസ്നൈൻ അലി ഷായും മുഹമ്മദ് ഇമ്രാനും ഒമാന്റെ പേസ് ആക്രമണത്തിന് നേതൃത്വം നൽകും. പരിചയസമ്പന്നനായ ഷക്കീൽ അഹമ്മദ് നയിക്കുന്ന സ്പിൻ ഡിപ്പാർട്മെന്റും ടീമിന് പ്രതീക്ഷയേകുന്നതാണ്. ഒമാൻ താരങ്ങൾക്ക് ആഗോളവേദിയിൽ പ്രകടനം നടത്താനുള്ള മികച്ച അവസരമാണ് ഏഷ്യാ കപ്പെന്ന് കോച്ച് ദുലീപ് മെൻഡിസ് പറഞ്ഞു.
ട്വന്റി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യു.എ.ഇയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫൈനല്‍ 28നാണ്. ഒമാനും ഇന്ത്യയും പാകിസ്താനും യു.എ.ഇയും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്, ഹോങ്കോങ് എന്നിവർ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. 15ന് യു.എ.ഇക്കെതിരെയും 19ന് ഇന്ത്യക്കെതിരെയുമാണ് ഒമാന്റെ മറ്റ് മത്സരങ്ങൾ.
ഒമാൻ സ്ക്വാഡ്: ജതീന്ദർ സിങ് (ക്യാപ്റ്റൻ), ഹമ്മദ് മിർസ, വിനായക് ശുക്ല, സുഫ്യാൻ യൂസഫ്, ആശിഷ് ഒഡെദേര, ആമിർ കലീം, മുഹമ്മദ് നദീം, സുഫിയാൻ മഹ്മൂദ്, ആര്യൻ ബിഷ്ത്, കരൺ സോനാവാലെ, സിക്രിയാസ് മൊഹമ്മൽ, ഹസ്ക്രിയാമിൻ, സിക്രിയാസ് മുഹമ്മൽ ഇസ്ലാം ഇമ്രാൻ, നദീം ഖാൻ, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ.സപ്പോർട്ടിങ് സ്റ്റാഫ്: മാനേജർ-അൽകേഷ് ജോഷി, ഹെഡ് കോച്ച്-ദുലീപ് മെൻഡിസ്, ഡെപ്യൂട്ടി ഹെഡ് കോച്ച്-സുലക്ഷൻ കുൽക്കർണി, അസിസ്റ്റൻറ് കോച്ച്-മസർ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.