മുദൈബിയിൽ നടക്കുന്ന മുന്തിരി ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: രാജ്യത്തെ മുന്തിരി ഉൽപാദനം വർധിപ്പിക്കാൻ നിർമിത ബുദ്ധിയും സ്മാർട്ട് ഫാമിങ് രീതികളും സ്വീകരിക്കാൻ ആഹ്വാനം. വടക്കൻ ശർഖിയയിലെ മുദൈബിയയിൽ നടക്കുന്ന മുന്തിരി ഉത്സവത്തോടനുബന്ധിച്ചുള്ള ഒരു പ്രത്യേക അക്കാദമിക് സെഷനിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. കർഷകരെ വിശാലമായ വിപണികളിൽ എത്തിക്കാൻ സഹായിക്കുന്നതിന് ഇ-മാർക്കറ്റിങള പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കാനും ശിപാർശ ചെയ്തു. മുന്തിരി കൃഷി ശക്തിപ്പെടുത്തുന്നതിനും കാർഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി ശിപാർശകൾ പരിപാടികളിൽ ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചു. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ വിദഗ്ധരും അക്കാദമിക് വിദഗ്ധരും മറ്റു സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികളും സെഷനിൽ പങ്കെടുത്തു.
മത്സരാധിഷ്ഠിത നേട്ടമുള്ള പ്രദേശങ്ങളിൽ മുന്തിരി കൃഷിക്കായി ആദ്യ ഘട്ടത്തിൽ കുറഞ്ഞത് 100 ഏക്കർ നിക്ഷേപ ഭൂമി അനുവദിക്കുന്നതും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ഒമാനി കാർഷിക ഉൽപ്പന്നങ്ങൾക്ക് ധനസഹായം നൽകുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സ്വകാര്യ മേഖല വലിയ പങ്കു വഹിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രബന്ധങ്ങളും പരിപാടിയിൽ അവതരിപ്പിക്കുകയുണ്ടായി. മുന്തിരി ഇനങ്ങൾ മെച്ചപ്പെടുത്തൽ, കൊയ്ത്ത്, വിളവെടുപ്പ് രീതികൾ, നിക്ഷേപം, വിപണനം, സാങ്കേതികവിദ്യ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പരിപാടി ഫെസ്റ്റിവലിന്റെ ഒരു പ്രധാന ഫലമാണെന്ന് വടക്കൻ ശർഖിയയിലെ കാർഷിക മത്സ്യബന്ധന, ജലവിഭവ ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ അസീസ് ബിൻ അലി അൽ മഷിഖി പറഞ്ഞു.
മന്ത്രാലയത്തിന്റെ നിക്ഷേപ അവസരങ്ങൾ,ഡെവലെപ്മെന്റ് ബാങ്ക് ലഭ്യമായ ഫണ്ടിങ് ഓപ്ഷനുകൾ, ഒമാൻ കാർഷിക വികസന കമ്പനി മാർക്കറ്റിങ് സേവനങ്ങൾ, ഒമാനി കാർഷിക സൊസൈറ്റിയുടെ വടക്കൻ ശർഖിയ ബ്രാഞ്ച് സ്മാർട്ട് കൃഷിയും ഭാവി പദ്ധതികളും എന്നിവയും വിശദീകരിച്ചു. മുന്തിരി കൃഷി ചെയ്യുന്ന നിലവിലുള്ള സ്ഥലത്തേക്ക് 100 ഏക്കർ കൂടി കൂട്ടിച്ചേർത്ത് ‘മോഡൽ ഫാംസ്’ എന്ന പദ്ധതിക്കും മേള തുടക്കംകുറിച്ചു. ഇപ്പോൾ മൊത്തം വിസ്തീർണം 127 ഏക്കറായി, 635 ടൺ ഉൽപാദനം പ്രതീക്ഷിക്കുന്നു. പത്ത് ലക്ഷം റിയാലിലധികം സാമ്പത്തിക വരുമാനവും പ്രതീക്ഷിക്കുന്നു. ഒമാനി മുന്തിരിയുടെ ഗുണനിലവാരം, ഷെൽഫ് ലൈഫ്, വിപണി മത്സരക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ആറ് പുതിയ അന്താരാഷ്ട്ര മുന്തിരി ഇനങ്ങളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.