റുസ്താഖ് കോട്ട പരിസരത്ത് നടക്കുന്ന ‘റുസ്താഖ് വിന്റർ 2026’ ഫെസ്റ്റിൽനിന്ന്
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ചരിത്ര പ്രസിദ്ധമായ റുസ്താഖ് കോട്ടയിൽ ‘റുസ്താഖ് വിന്റർ 2026’ ഫെസ്റ്റിന് തുടക്കമായി. കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച വരെ ഫെസ്റ്റ് തുടരും. ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയത്തിന്റെ സഹകരണത്തോടെ തെക്കൻ ബാത്തിന ഗവർണറുടെ ഓഫിസാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. റുസ്താഖിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ മുന്നോട്ടുവെക്കുന്നതോടൊപ്പം, സജീവ സാംസ്കാരിക കേന്ദ്രമായി റുസ്താഖ് കോട്ടയെ മാറ്റുക എന്ന ലക്ഷ്യവും ഫെസ്റ്റിവലിനുണ്ട്.
പരിപാടികളുടെ ഭാഗമായി പൈതൃക, കലാ, നാടക, സാംസ്കാരിക അവതരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന ഫോക് ബാൻഡുകൾ, പ്രാദേശിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആധുനിക ശൈലിയിലുള്ള കലാ-സംഗീത പരിപാടികൾ, നാടക അവതരണങ്ങൾ, കവിയരങ്ങുകൾ, കരകൂശല സ്റ്റാളുകൾ, റുസ്താഖിന്റെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും വിശകലനം ചെയ്യുന്ന സാംസ്കാരിക സെമിനാറുകൾ തുടങ്ങിയവ നടക്കും.കുട്ടികൾക്കായി വിനോദ മത്സരങ്ങൾ, ഇന്ററാക്ടീവ് പ്രവർത്തനങ്ങൾ, ടാലന്റ് ഷോകൾ എന്നിവക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു.
ഗവർണറേറ്റിന്റെ ടൂറിസം, സാംസ്കാരിക, സാമ്പത്തിക സമ്പത്തുകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നതന്റെ ഭാഗമായാണ് റുസ്താഖ് വിന്റർഫെസ്റ്റ് നടത്തുന്നതെന്ന് തെക്കൻ ബാത്തിന അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അസി. ഡയറക്ടർ ജനറൽ ഡോ. ഹാത്തിം ബിൻ സാലിം അൽ ദോഹാനി പറഞ്ഞു.
കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ട ഗുണമേന്മയുള്ള പരിപാടികൾ അവതരിപ്പിക്കുന്നതിനോടൊപ്പം, സംരംഭക കുടുംബങ്ങളുടെയും കരകൗശല പ്രവർത്തരെയും ശക്തിപ്പെടുത്തുന്നതിലാണ് പ്രധാന ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.