മസ്കത്ത്: അറേബ്യന്‍ ഗള്‍ഫ് കപ്പ് മുന്നൊരുക്കത്തിനായി ആഭ്യന്തര പരിശീലന ക്യാമ്പിനുള്ള ഒമാൻ സ്ക്വാഡിനെ കോച്ച് റശീദ് ജാബിര്‍ പ്രഖ്യാപിച്ചു. പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയുള്ളതാണ് 31 അംഗ സ്ക്വാഡ്. അഞ്ച് ദിവസങ്ങളിലായി സീബ് സ്റ്റേഡിയത്തില്‍ കോച്ചിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടത്തിയിരുന്നു. ഇതില്‍ കഴിവ് തെളിയിച്ചവരെ നിലവില്‍ പ്രഖ്യാപിച്ച സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗോള്‍ കീപ്പര്‍ ബിലാല്‍ അല്‍ ബലൂഷി, വിവിധ പൊസിഷനുകളില്‍ കളിക്കുന്ന സാനി അല്‍ റുശൈദി, അബ്ദുല്‍ സലാം അല്‍ ശുകൈലി, മാഊന്‍ അല്‍ അറൈമി, ഫാരിജ് അല്‍ കിയൂമീ, സുല്‍ത്താന്‍ അല്‍ മര്‍സൂഖി, വലീദ് അല്‍ മുസ്ലമീ, മുല്‍ഹം അല്‍ സുനൈദി, ആഹിദ് അല്‍ മശാഈ, ഹസീന് അല്‍ ശഹ്രീ എന്നിവരാണ് സ്ക്വാഡില്‍ ഇടം നേടിയ യുവ താരങ്ങള്‍.
ക്യാമ്പിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് കുവൈത്തിൽ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സാധിക്കും. ഒമാന്റെ ഒളിമ്പിക്, അണ്ടര്‍ 20 ടീമുകളില്‍ നിന്നുള്ള നിരവധി പുതുമുഖങ്ങള്‍ ആ സ്ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സമീപകാലങ്ങളില്‍ താരങ്ങള്‍ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് യുവതാരങ്ങള്‍ക്ക് വഴി തുറന്നത്. ആഭ്യന്തര ക്യാമ്പ് അടുത്ത ദിവസം മസ്കത്തില് ആരംഭിക്കും. കളിക്കാരുടെ ശാരീരികവും സാങ്കേതികവുമായ കഴിവ് വളര്‍ത്തുന്നതിലായിരിക്കും ക്യാമ്പ് ശ്രദ്ധ കേന്ദ്രീകരിക്കുക.
അറേബ്യൻ ഗൾഫ് കപ്പിന് മുന്നോടിയായി ഒമാൻ യമനുമായി സൗഹൃദ മത്സരം കളിക്കും. ഡിസംബർ 16ന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് കളി. അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നിവക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാൻ. ഗ്രൂപ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്റൈൻ, യമൻ എന്നിവരുമാണുള്ളത്. ഡിസംബർ 21ന് ഉദ്ഘാടന മത്സരത്തിൽ കുവൈത്തിനെതിരെ ഒമാന്റെ ആദ്യ മത്സരം. 24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെതിരെയുമാണ് ഒമാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങൾ വരുന്നത്.
കഴിഞ്ഞ വർഷം കൈവിട്ടുപോയ അറേബ്യൻ ഗൾഫ് കപ്പ് തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ.
കഴിഞ്ഞ വർഷം മികച്ച കളി പുറത്തെടുത്തിരുന്നെങ്കിലും ഇറാഖിനോട് അടിയറവ് പറയുകയായിരുന്നു. ബസ്റ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ 3-2നാണ് പൊരുതിതോറ്റത്. ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകാൻ സാധ്യതയില്ല. അതേസമയം, തങ്ങളുടേതായ ദിവസങ്ങളിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ളവരാണ് റെഡ് വാരിയേഴ്സ്. അതുകൊണ്ടുതന്നെ ടീം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.