രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ജബൽ അഖ്ദർ (ഫയൽ)
മസ്കത്ത്: കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ പുത്തൻ പ്രതീക്ഷകളുമായി ഒമാൻ അറബ് ടൂറിസം ദിനം ആഘോഷിച്ചു. 'സുസ്ഥിര ഡിജിറ്റൽ ടൂറിസത്തിലേക്ക്' എന്ന പ്രമേയത്തിലാണ് ഇത്തവണ ദിനാചരണം. എല്ലാ വർഷവും ഫെബ്രുവരി 25നാണ് അറബ് ടൂറിസം ദിനം ആഘോഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആഗോളാടിസ്ഥാനത്തിൽ തന്നെ ടൂറിസം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
രാജ്യത്തെ ടൂറിസം രംഗത്തെ വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങളാണ് പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. കഴിഞ്ഞ വർഷം 6.52 ലക്ഷം ആളുകളാണ് ഒമാൻ സന്ദർശിച്ചത്.
ഏറ്റവും കൂടുതൽ ആളുകൾ എത്തിയിരുന്നത് ജി.സി.സി രാജ്യങ്ങളിൽനിന്നാണ്. 2.93 ലക്ഷം പേരാണ് ജി.സി.സിയിൽനിന്ന് ഒമാനിലെത്തിയത്. രാജ്യത്തെ സ്റ്റാർ (മൂന്ന്-അഞ്ച്) ഹോട്ടലുകളിലെ അതിഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 43.2 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷം 12,19,303 അതിഥികളാണ് രാജ്യത്തെ സ്റ്റാർ ഹോട്ടലുകളിൽ എത്തിയത്. 2020ൽ ഇത് 8,51,757 ആയിരുന്നു. ഹോട്ടലുകളിൽനിന്നുള്ള വരുമാനം 19.2 ശതമാനം വർധിച്ച് 101.668 ദശലക്ഷം റിയാലായും ഉയർന്നു. 85.292 ദശലക്ഷം റിയാലായിരുന്നു 2020ലെ വരുമാനം.
ഹോട്ടലുകളിൽ താമസിക്കുന്നവരുടെ കാര്യത്തിലും വർധനയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. 38.3 ശതമാനത്തിന്റെ ഉയർച്ചയാണ് കാണിക്കുന്നത്. ഏറ്റവും കൂടുതൽ അതിഥികളായെത്തിയത് അറബ് രാജ്യങ്ങളിൽനിന്നുള്ളവരാണ്-47,644 പേർ. 2020ഉമായി താരതമ്യം ചെയ്യുമ്പോൾ 97 ശതമാനത്തിന്റെ ഉയർച്ചയാണ് കാണിക്കുന്നത്. ലോകത്തിന്റെ വേഗത്തോടൊപ്പം സഞ്ചരിക്കുന്നതിനായി ടൂറിസം രംഗത്തെ സേവനങ്ങളും മറ്റും ഡിജിറ്റൽ മേഖലയിലേക്ക് പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് അധികൃതർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി, മന്ത്രാലയത്തിന്റെ ഔദ്യോഗിക ടൂറിസം പോർട്ടലിലൂടെ നിക്ഷേപകർക്ക് ഇലക്ട്രോണിക് രീതിയിൽ ഇടപാടുകൾ പൂർത്തിയാക്കാൻ അനുവദിക്കുന്ന സംയോജിത സംവിധാനം ഒരുക്കിയിട്ടുണ്ട്.
സൈറ്റിന്റെ ഉള്ളടക്കം കാലാനുസൃതമായി പരിഷ്കരിക്കുന്നതിനാൽ സമഗ്രമായ വിവരങ്ങൾ അന്വേഷകർക്ക് കിട്ടാൻ സഹായകമാകുന്നുണ്ട്. 'ഡിസ്കവർ ഒമാൻ' എന്ന വെബ്സൈറ്റിലൂടെ രാജ്യത്തെ ടൂറിസം മേഖലകളെ കുറിച്ച് പരിചയപ്പെടുത്തുന്നത് ഗുണകരമാകുന്നുണ്ടെന്ന് സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നു. വിവിധ സമൂഹമാധ്യമങ്ങളിലൂടെയും അതത് സമയത്തെ കൃത്യമായ വിവരങ്ങൾ അധികൃതർ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.