മസ്കത്ത്: യെമനിലെ തടവുകാരുടെ കൈമാറ്റ കരാറിലേക്ക് നയിച്ച ചർച്ചകൾക്ക് വേദിയൊരുക്കുകയും നിർണായക പങ്ക് വഹിക്കുകയും ചെയ്ത ഒമാനെ അറബ് പാർലമെന്റ് ഔദ്യോഗികമായി പ്രശംസിച്ചു. ചർച്ചകൾ വിജയകരമായി പുരോഗമിക്കാൻ സഹകരണപരമായ അന്തരീക്ഷം സൃഷ്ടിച്ച ഒമാന്റെ പ്രതിബദ്ധതയെ അറബ് പാർലമെന്റ് ഉയർത്തിക്കാട്ടി. അതേസമയം, യെമൻ പ്രതിസന്ധിക്ക് സമഗ്രവും അന്തിമവുമായ പരിഹാരം കണ്ടെത്തുന്നതിനായി തുടർച്ചയായ പിന്തുണയും അശ്രാന്ത പരിശ്രമങ്ങളും നടത്തിയ സൗദി അറേബ്യയുടെ സംഭാവനകളെയും കെയ്റോയിൽ നടന്ന പാർലമെന്റ് പ്രത്യേകം അഭിനന്ദിച്ചു.
ഈ നയതന്ത്ര മുന്നേറ്റം യെമൻ ജനത അനുഭവിക്കുന്ന മാനവിക ദുരിതം ലഘൂകരിക്കുന്നതിലേക്കുള്ള നിർണായക ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. യെമനിൽ സ്ഥിരമായ സുരക്ഷയും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങൾക്കും തങ്ങളുടെ അചഞ്ചല പിന്തുണ തുടരുമെന്നും ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി പിന്തുണക്കുമെന്നും അറബ് പാർലമെന്റ് ആവർത്തിച്ചു. അതേസമയം, യെമനിലെ കിഴക്കൻ ഗവർണറേറ്റുകളായ അൽ മഹ്റയും ഹദ്റമൗത്തും സംബന്ധിച്ച സംഭവവികാസങ്ങൾ ഒമാൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേഖലയിലെ സാഹചര്യം സമാധാനപരമായി പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട കക്ഷികളുമായി സംവദിക്കാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ ഒമാൻ സ്വാഗതം ചെയ്തതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.യെമൻ ജനതയുടെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര സംവാദത്തിലൂടെയാണ് ജനങ്ങളുടെ താൽപര്യങ്ങളും ഭാവിയും സംരക്ഷിക്കുന്ന ധാരണകളിലേക്ക് എത്തേണ്ടതെന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. യെമനിൽ സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിനൊപ്പം നല്ല അയൽബന്ധങ്ങൾ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ട സമഗ്ര രാഷ്ട്രീയ സംവാദത്തിന്റെ പ്രാധാന്യവും ഒമാൻ ആവർത്തിച്ചു.
വർഷങ്ങളായി നീണ്ടുനിൽക്കുന്ന അസ്ഥിരതക്ക് അന്ത്യം കുറിക്കാൻ സംവാദവും നയതന്ത്രവും മാത്രമാണ് പ്രായോഗികമായ വഴി എന്നതാണ് ഒമാൻ നിലപാട്. യെമൻ സംഘർഷത്തിൽ ഇടനിലക്കാരനായി ഒമാൻ സ്ഥിരമായി പ്രവർത്തിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.