മത്സ്യകൃഷി: നിക്ഷേപ അവസരം തുറന്ന് മന്ത്രാലയം

മസ്കത്ത്: മത്സ്യകൃഷിയിൽ നിക്ഷേപങ്ങൾക്ക് അവസരം തുറന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. സാധ്യതയുള്ള പ്രോജക്ടുകൾ, അവരുടെ നിർദിഷ്ട സൈറ്റുകൾ, പ്രദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ നിക്ഷേപകരോട് അഭ്യർഥിച്ചു. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ പദ്ധതിയുടെ പ്രാരംഭനിക്ഷേപ ചെലവുകൾ, കൃഷി ചെയ്യുന്ന മത്സ്യത്തിന്റെ ഇനം എന്നിവയെ കുറിച്ച് വിവരങ്ങൾ നൽകുകയും ഏതു തരത്തിലുള്ള മത്സ്യകൃഷിയാണ് നടത്തുന്നതെന്ന് നിർണയിക്കുകയും വേണം. പ്രോജക്ട് മാനേജ്മെന്റ്, ഉൽപാദന ഘട്ടങ്ങൾ, പദ്ധതി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന തീയതി എന്നിവയെ കുറിച്ച് അവലോകനവും നൽകണം. പ്രാദേശിക സമൂഹത്തെ സേവിക്കുന്നതിനായി പദ്ധതി നൽകുന്ന സേവനങ്ങളും നിക്ഷേപകൻ അവതരിപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17. മത്സ്യകൃഷിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് www.maf.gov.om വഴി രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.

സുൽത്താനേറ്റിലെ വാണിജ്യ മത്സ്യകൃഷി പദ്ധതികളിൽനിന്നുള്ള മത്സ്യ ഉൽപാദനം കഴിഞ്ഞ വർഷം 1703 ടണ്ണിലെത്തിയതായി മന്ത്രാലയം കണക്കുകൾ പറയുന്നു. ജൂലൈയിൽ മസ്‌കത്തിലെ സീബ് വിലായത്തിൽ ഫിൻഫിഷ് ഫാമിങ്ങിനായി പദ്ധതി സ്ഥാപിക്കുന്നതിനുള്ള കരാറിൽ മന്ത്രാലയം ഒപ്പുവെച്ചിരുന്നു. 30 ദശലക്ഷം റിയാൽ ചെലവ് വരുന്ന പദ്ധതി 1.5 മില്യൺ ചതുരശ്ര മീറ്ററിലാണ് ഒരുങ്ങുന്നത്. ഫ്ലോട്ടിങ് കൂടുകൾ ഉപയോഗിച്ചുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ 3000 ടൺ മത്സ്യം ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. 

Tags:    
News Summary - Aquaculture: Ministry opens investment opportunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.