ആപ്രിക്കോട്ട് വിളവെടുപ്പിനൊരുങ്ങി വകാൻ

മസ്കത്ത്: ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വകാൻ ഗ്രാമം ആപ്രിക്കോട്ട് വിളവെടുപ്പിന് ഒരുങ്ങി. ഏപ്രിൽ പകുതിയോടെ വകാനിൽനിന്നാണ് ഒമാനിലെ ആപ്രിക്കോട്ട് വിളവെടുപ്പ് സീസൺ ആരംഭിക്കുക. ഏകദേശം രണ്ടാഴ്ച മുതൽ ഒരു മാസം വരെ ഈ സീസൺ നീണ്ടുനിൽക്കും. പിന്നീട് ജബൽഷംസിൽ മെയ് മാസത്തിൽ ആരംഭിക്കുന്ന ആപ്രിക്കോട്ട് വിളവെടുപ്പ് മൂന്ന് ആഴ്ചയോളം നീളാറുണ്ട്. അതേസമയം, മെയ് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ജബൽ അഖ്ദറിൽ ആപ്രിക്കോട്ട് ലഭിക്കാറുള്ളത്.

ജനുവരിയുടെ തുടക്കത്തിൽ ഇവ പൂവിട്ട് തുടങ്ങും. മാർച്ച് പകുതി വരെ ആപ്രിക്കോട്ട് മരങ്ങളുടെ പൂക്കാലം തുടരും. ആപ്രിക്കോട്ട് വിളവെടുപ്പ് സീസണിൽ വകാനിൽ ടൂറിസ്റ്റുകളുടെയും തിരക്കേറും. 2025-ൽ വിവിധ സീസണുകളിലായി ഏകദേശം 40,000 സന്ദർശകരാണ് വകാൻ ഗ്രാമത്തിൽ എത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. വകാൻ ഗ്രാമത്തിൽ ആപ്രിക്കോട്ട് വിളവെടുപ്പ് കഴിഞ്ഞാൽ, ജൂൺ മാസത്തോടെ പീച്ച് പഴങ്ങളും, തുടർന്ന് മാതളനാരങ്ങ, മുന്തിരി എന്നിവയും വിളവെടുക്കാൻ പാകമാകും. വിളവെടുപ്പ് സീസണിൽ ഈ പഴങ്ങൾ ഗ്രാമങ്ങളിലെ പ്രവേശന കവാടങ്ങളിലും നഖൽ, ബഹ്‍ല, നിസ്‌വ തുടങ്ങിയ പ്രാദേശിക മാർക്കറ്റുകളിലും ലഭ്യമാകും.

സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന വകാൻ ഗ്രാമം മസ്കത്തിൽനിന്ന് 150 കി.മീ അകലെയാണ്. മിതമായ വേനൽകാലവും താഴ്ന്ന ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. വകാൻ ഗ്രാമത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം പദ്ധതികൾ നടപ്പാക്കി വരികയാണ്.

സവിശേഷ പഴവർഗങ്ങൾക്കു പുറമെ, ഈന്തപ്പന, വിവിധ തരം പൂക്കൾ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവതസസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. ദാഖിലിയ ഗവർണറേറ്റിന്‍റെ അതിർത്തിയിലാണ് വകാൻ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖലിന്‍റെ ഭാഗമാണ് വകാൻ. വകാന് പുറമെ അൽ ഖുറ, അൽ ഹജ്ജാർ, മിസ്ഫത്ത് അൽ ഖുറ, അൽ ഷിസ്, അൽ അഖർ, ഹദ്ദിഷ്, അൽ ഖദാദ്, അൽ ഖദ്ര, അർദ് അൽ ഷാവ, അൽ മിസ്ഫത്ത്, അൽ ദാഹിറ എന്നീഗ്രാമങ്ങളാണ് വാദി മിത്തലിൽ ഉൾപ്പെടുന്നത്.

പഴങ്ങളുടെ വിളവെടുപ്പ് കാലമായ ഏപ്രിൽ പകുതി മുതൽ ആഗസ്റ്റ് അവസാനം വരെയാണ് വകാൻ സന്ദർശിക്കാൻ അനുയോജ്യമായ സമയം. നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ടെങ്കിലും ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. മിക്ക പ്രധാന റോഡുകളിലൂടെയും യാത്ര സുഗമമാണെങ്കിലും പാർക്കിങ് സൗകര്യങ്ങൾ പരിമിതമാണ്. മലയിലേക്കുള്ള കയറ്റം വളരെ ദുർഘടം പിടിച്ചതാണ്. അതുകൊണ്ടുതന്നെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിലാണ് മലമുകളിലെ ഗ്രാമത്തിലേക്കുള്ള യാത്ര നടക്കുക.

സന്ദർശക തിരക്ക് നിയന്ത്രിക്കാനും യാത്ര സുഗമമാക്കാനും ഗ്രാമത്തിൽ കേബിൾ കാർ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഒമാൻ ടൂറിസം മന്ത്രാലയം പഠനവിധേയമാക്കി വരികയാണ്. വാദി മിസ്തലിൽ നിന്ന് വകാൻ ഗ്രാമത്തിലേക്ക് 8.7 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റോഡ് നിർമ്മാണത്തിനായുള്ള ടെണ്ടറുകളും മന്ത്രാലയം ക്ഷണിച്ചിരുന്നു. ഇത് പൂർത്തിയാകുന്നതോടെ ഫോർ വീൽ വാഹനങ്ങളിലല്ലാതെയും ഗ്രാമത്തിൽ എത്തുക എളുപ്പമാകും. വകാൻ ഗ്രാമത്തിലെ പഴയ വീടുകളെ ഹെറിറ്റേജ് ലോഡ്ജുകളാക്കി മാറ്റാനും, ഹൈക്കിംഗ് പാതകളിൽ സുരക്ഷാ വേലികളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിക്കാനുമുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. നിലവിൽ വകാനിൽ വളരെ മിതമായതും സുഖകരവുമായ കാലാവസ്ഥയാണ്. വേനൽക്കാലത്ത് മറ്റ് സ്ഥലങ്ങളിൽ ചൂട് കൂടുമ്പോഴും ഇവിടുത്തെ തണുത്ത കാലാവസ്ഥയാണ് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. 

Tags:    
News Summary - apricot harvest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.