ഒമാനിലേക്ക് വിദേശ നിക്ഷേപ പ്രവാഹം; 32.2 ബില്യൺ റിയാലിന്റെ റെക്കോഡ് നേട്ടം
മസ്കത്ത്: സാമ്പത്തിക പരിഷ്കരണങ്ങളുടെ കരുത്തിൽ ഒമാൻ സുൽത്താനേറ്റിലേക്ക് വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക്. 2026-ന്റെ രണ്ടാം പാദത്തിലെ കണക്കുകൾ അനുസരിച്ച്, ഒമാനിലെ ആകെ വിദേശ നിക്ഷേപം 6.4 ശതമാനം വളർച്ചയോടെ 32.21 ബില്യൺ ഒമാനി റിയാലിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മികച്ച മുന്നേറ്റമാണ് രാജ്യം കൈവരിച്ചത്.
ദേശീയ സ്ഥിതിവിവര വിവരസാങ്കേതിക കേന്ദ്രം (എൻ.സി.എസ്.ഐ) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം ഈ വർഷം രണ്ടാം പാദത്തിൽ മാത്രം 1.93 ബില്യൺ ഒമാനി റിയാലിന്റെ പുതിയ നിക്ഷേപമാണ് ഒമാനിലേക്ക് ഒഴുകിയെത്തിയത്.
രാജ്യത്തെ വിദേശ നിക്ഷേപത്തിൽ സിംഹഭാഗവും പതിവുപോലെ എണ്ണ-വാതക ഖനന മേഖല സ്വന്തമാക്കി. ഈ മേഖലയിലെ വിദേശ നിക്ഷേപം 5.7 ശതമാനം ഉയർച്ചയോടെ 25.82 ബില്യൺ ഒമാനി റിയാലിലെത്തി. രണ്ടാം പാദത്തിൽ മാത്രം 1.39 ബില്യൺ റിയാലാണ് ഈ മേഖലയിലേക്ക് എത്തിയത്.
നിർമ്മാണ രംഗം 4.7 ശതമാനം വളർച്ചയോടെ 2.82 ബില്യൺ റിയാലിന്റെ നിക്ഷേപവുമായി രണ്ടാം സ്ഥാനത്താണ്. അതേസമയം, 18.4 ശതമാനത്തിന്റെ വൻ വളർച്ച രേഖപ്പെടുത്തിയ ഫിനാൻഷ്യൽ ഇന്റമിഡേഷൻ 1.60 ബില്യൺ റിയാലിന്റെ നിക്ഷേപവുമായി മൂന്നാം സ്ഥാനത്താണ്.
ബ്രിട്ടൻ മുന്നിൽ; തൊട്ടുപിന്നിൽ അമേരിക്ക
ഒമാനിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യങ്ങളിൽ ബ്രിട്ടൻ ഒന്നാം സ്ഥാനം നിലനിർത്തി. 6.6 ശതമാനം വളർച്ചയോടെ 16.76 ബില്യൺ ഒമാനി റിയാലാണ് ബ്രിട്ടന്റെ ആകെ നിക്ഷേപം.
7.3 ശതമാനം വളർച്ചയോടെ 8.68 ബില്യൺ റിയാൽ നിക്ഷേപിച്ച അമേരിക്കയാണ് രണ്ടാമത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കുവൈത്ത് (1.38 ബില്യൺ റിയാൽ), ഏഷ്യൻ മേഖലയിൽ നിന്ന് ചൈന (903.8 ദശലക്ഷം റിയാൽ) എന്നിവയും ഒമാന്റെ വിദേശ നിക്ഷേപ പങ്കാളിത്തത്തിൽ മുൻപന്തിയിലുണ്ട്.
‘ഒമാൻ വിഷൻ 2040’ന്റെ ഭാഗമായി നടപ്പാക്കുന്ന ബിസിനസ് സൗഹൃദ നയങ്ങളും സുസ്ഥിരമായ സാമ്പത്തിക അന്തരീക്ഷവുമാണ് ആഗോള നിക്ഷേപകരെ ഒമാനിലേക്ക് കൂടുതൽ ആകർഷിക്കുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.