മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം;സലാല കെ.എം.സി.സി
സലാല: ഇന്ത്യൻ ജനാധിപത്യത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തകർക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി സലാല കെ.എം.സി.സി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എത്രയും വേഗം രാജിവെക്കണമെന്നും അദ്ദേഹത്തിന് കേന്ദ്ര സർക്കാർ നൽകുന്ന സംരക്ഷണം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അശാസ്ത്രീയവും സുതാര്യതയില്ലാത്തതുമായ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികളിലൂടെ രാജ്യത്തെ 13 കോടിയോളം അർഹരായ വോട്ടർമരാണ് പട്ടികയിൽനിന്ന് പുറത്തായത്. ഇവരുടെ ജനാധിപത്യ അവകാശങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
അതോടൊപ്പം ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായും അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പ്രക്രിയയിൽ സുതാര്യമായ ഭരണഘടനാപരമായ മാനദണ്ഡങ്ങളും കൃത്യമായ സമയപരിധിയും ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ റാലികൾക്കും സമരപരിപാടികൾക്കും സംഘടന ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വോട്ടർമാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെയും പ്രവാസി സമൂഹത്തെ അണിനിരത്തി ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു.സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദുസ്സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റയും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.