മസ്കത്ത്: അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് വർധനമൂലം നടുവൊടിഞ്ഞ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി എയർപോർട്ട് യൂസർഫീയിൽ വർധന.
കേരളത്തിൽ അദാനി ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിലാണ് യൂസർഫീ ഇരട്ടിയായി വർധിപ്പിച്ചത്. വിമാനത്താവളത്തിൽ ആദ്യമായി വന്നിറങ്ങുന്നവർക്കും യൂസർഫീ ബാധകമാക്കി. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർഫീ. പുതുക്കിയ നിരക്കനുസരിച്ച് ജൂലൈ ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര തുടങ്ങുന്ന ആഭ്യന്തര യാത്രക്കാർ 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നൽകണം.
2025-26 വർഷം ഇത് യഥാക്രമം 840 ഉും 360 ഉം , 2026-27 വർഷം ഇത് 910 ഉും 390 ഉും ആയി ഉയരും. യാത്ര തുടങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് യഥാക്രമം 1540, 1680, 1820 എന്നിങ്ങനെയാണ് വർധിപ്പിച്ചത്. വിദേശത്തുനിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെ നൽകേണ്ടി വരും. വിമാങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷങ്ങളിലിത് 14,00 ഉും 1650 ഉും ആയി വർധിപ്പിക്കാം.
വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്. നിരക്ക് വർധനയുടെ നഷ്ടം നികത്താൻ വിമാനക്കമ്പനികൾ ഉടൻ ടിക്കറ്റ് നിരക്ക് ഉയർത്തുമെന്നാണ് വിവരം.
ജി.സി.സി രാജ്യങ്ങളിൽ വേനൽ അവധി ആരംഭിക്കുന്നതിനാൽ ടിക്കറ്റ് നിരക്ക് കമ്പനികൾ ഉയർത്തിയിരിക്കുകയാണ്. ഇതിനൊപ്പം യൂസർഫീ കൂടി വരുമ്പോൾ താങ്ങാവുന്നതിലപ്പുറമാവും ടിക്കറ്റ് നിരക്ക്. യൂസർഫീ കൂടി ഉൾപ്പെടുത്തി ടിക്കറ്റ് നിരക്ക് ഈടാക്കുമെങ്കിലും എത്രയാണെന്ന് യാത്രക്കാരെ ബോധ്യപ്പെടുത്താറില്ല. അതേസമയം, കേരളത്തിൽ മറ്റു മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും യൂസർഫീ വർധിപ്പിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് (എ.ഇ.ആർ.എ) വിമാനത്താവളങ്ങളുടെ യൂസർ ഡവലപ്മെന്റ് ഫീ (യു.ഡി.എസ്) നിശ്ചയിക്കുന്നത്. ഓരോ അഞ്ചു വർഷം കൂടുമ്പോൾ വിമാനത്താവളങ്ങളിൽ നടത്താൻ ലക്ഷ്യമിടുന്ന പദ്ധതികളും ഇതിനായുള്ള നിക്ഷേപത്തുകയും പരിഗണിച്ചാണ് അഞ്ചു വർഷത്തേക്ക് മൾട്ടി ഇയർ താരിഫ് പ്രൊപ്പോസൽ നിശ്ചയിക്കുന്നത്. 2021 മുതൽ 25 വരെയുള്ള സാമ്പത്തിക വർഷത്തെ താരിഫാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെ
മസ്കത്തിൽനിന്ന് കേരളത്തിലെ എല്ലാ സെക്ടറിലേക്കും ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. സ്കൂൾ അവധിയും പെരുന്നാൾ അവധിയും ഒന്നിച്ചെത്തിയത് മുതലാക്കി ജൂൺ ആദ്യവാരത്തിൽതന്നെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു.
ബജറ്റ് വിമാന കമ്പനികൾ പോലും വൺവേക്ക് 140 റിയാലിന് മേെലയാണ് ഈടാക്കുന്നത്. നിലവിലും ഇതിൽനിന്ന് മാറ്റങ്ങളൊന്നും വന്നിട്ടില്ല. കൊച്ചിയിലേക്ക് 165 റിയാൽ, കണ്ണൂർ 135 റിയാൽ, കോഴിക്കോട് 135, തിരുവനന്തപുരം 143 എന്നിങ്ങനെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിലവിലുള്ള ടിക്കറ്റ് നിരക്കുകൾ. ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം വേനലവധിക്ക് നാട്ടിൽ പോകുന്നത് മാറ്റിവെച്ച കുടുംബങ്ങളുമുണ്ട്.
സിവിൽ ഏവിയേഷൻ ഡിപ്പാർട്മെന്റുള്ള സംസ്ഥാനങ്ങൾ
ജമ്മു-കശ്മീർ, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, സിക്കിം, ഹരിയാന, ഹിമാചൽ പ്രദേശ്, ഛത്തിസ്ഗഢ്, ഉത്തരഖണ്ഡ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.