മസ്കത്ത്: എയർബസ് എ 320 ശ്രേണിയിലെ വിമാനങ്ങളിലെ സോഫ്റ്റ് വെയർ അപ്ഡേഷൻ തകരാർ മൂലം ആഗോളതലത്തിൽ വിമാന ഷെഡ്യൂളുകളിലെ മാറ്റം സലാം എയർ സർവിസുകളെയും ബാധിച്ചു. സലാം എയറിന്റെ ഏതാനും വിമാന സർവിസുകൾക്ക് താൽക്കാലിക തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും ഞായറാഴ്ചയോടെ സർവിസുകൾ സാധാരണ നിലയിൽ തിരിച്ചെത്തുമെന്നും സലാം എയർ അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും തടസ്സം നേരിടുന്ന വിമാനങ്ങളിലെ യാത്രക്കാരെ വിവരങ്ങൾ നേരിട്ട് അറിയിക്കുമെന്നും സലാം എയർ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രമുഖ വിമാന നിർമ്മാതാക്കളായ എയർബസ് തങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റങ്ങളിൽ സാങ്കേതികപിഴവ് കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഏകദേശം 6000 എ320 വിമാനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചത്. ഒക്ടോബർ 30ന് ജെറ്റ്ബ്ലൂ വിമാനത്തിൽ ഉണ്ടായ ഒരു സംഭവത്തെ തുടർന്നാണ് ഈ തകരാർ പുറത്തുവന്നത്. ഇതിന്റെ ഫലമായി വിമാനം പെട്ടെന്ന് താഴ്ന്നുപറന്നത് യാത്രക്കാർക്ക് പരിക്കേൽക്കാനിടയാക്കി.
ഇത് അടിയന്തര ലാൻഡിങ്ങിനും യു.എസ് അന്വേഷണത്തിനും കാരണമായി. ലോകത്ത് ഇതേ മോഡലിലുള്ള ഏകദേശം 6000 വിമാനങ്ങളെ എയർ കമ്പനിയുടെ തിരിച്ചുവിളി ബാധിച്ചതായി റിപ്പോർട്ടുണ്ട്. ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക് ഏറ്റവും കൂടുതൽ ഡെലിവറി ചെയ്ത വിമാനമാണിത്. ഇത്രയും വിമാനങ്ങൾ അടിയന്തര അറ്റകുറ്റപ്പണികൾക്ക് തിരിച്ചുവിളിക്കുന്നത് അതിന്റെ ആഗോള ഫ്ലീറ്റിന്റെ പകുതിയിലധികത്തെയും ബാധിക്കുമെന്നും വ്യാപകമായ തടസ്സം സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തലുകളുമുണ്ട്.
എയർബസ് കമ്പനിയുടെ 55 വർഷത്തിലേറെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളികളിൽ ഒന്നാണിത്. ഏറ്റവും കൂടുതൽ ഡെലിവറികൾ നടത്തിയ മോഡലായി എ320 ബോയിങ് 737 നെ മറികടന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.