മസ്കത്ത്: ഒാഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി പ്രത്യേക നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. മസ്കത്തിൽനിന്നും സലാലയിൽനിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള വൺവേ ടിക്കറ്റുകൾക്കാണ് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മസ്കത്തിൽനിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് 30 റിയാലാണ് നിരക്ക്. മസ്കത്തിൽനിന്ന് മംഗലാപുരത്തേക്കും സലാലയിൽനിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും 40 റിയാലിന് ടിക്കറ്റുകൾ ലഭ്യമാകും. രണ്ട് വിഭാഗത്തിലും മൂന്ന് റിയാൽ സർവീസ് ചാർജ് കൂടി നൽകണമെന്ന് എയർഇന്ത്യ എക്സ്പ്രസ് വാർത്താകുറിപ്പിൽ അറിയിച്ചു. 30 കിലോ ലഗേജിന് ഒപ്പം ഏഴു കിലോയുടെ ഹാൻഡ് ബാഗേജും കൊണ്ടുപോകാം.
ഇൗ മാസം 31 വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിൽ നിന്നോ അംഗീകൃത ട്രാവൽ ഏജൻറുമാരിൽനിന്നോ വാങ്ങുന്ന ടിക്കറ്റുകൾക്കാകും ഇൗ പ്രത്യേക നിരക്ക് ലഭിക്കുക. സെപ്റ്റംബർ നാലുമുതൽ 2018 മാർച്ച് 24 വരെയുള്ള യാത്രകൾക്ക് ഇൗ ടിക്കറ്റുകൾ ഉപയോഗിക്കാം. 5.5 റിയാലും 11 റിയാലും മുൻകൂറായി അടച്ചാൽ യഥാക്രമം അഞ്ചു കിലോയുടെയും പത്തു കിലോയുടെയും അധിക ലഗേജ് ആനുകൂല്യവും ലഭ്യമാകും. നിശ്ചിത ശതമാനം സീറ്റുകൾക്കാണ് പ്രത്യേക നിരക്കുകളുടെ ആനുകൂല്യം ലഭിക്കുക.മസ്കത്തിൽനിന്ന് കേരളത്തിലേക്കും മംഗലാപുരത്തേക്കുമായി 24 പ്രതിവാര സർവിസുകളാണ് എയർഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. സലാലയിൽനിന്ന് കോഴിക്കോടിനും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഒാരോ പ്രതിവാര സർവിസുകളും നടത്തുന്നുണ്ട്.
അതിനിടെ, സെപ്റ്റംബർ നാലു മുതലുള്ള ടിക്കറ്റുകൾക്ക് പ്രത്യേക നിരക്ക് ലഭിക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അറിയിപ്പെങ്കിലും സെപ്റ്റംബർ രണ്ടാം വാരം മുതലുള്ള ടിക്കറ്റുകൾക്കാണ് വെബ്സൈറ്റിൽ ഇൗ നിരക്ക് കാണിക്കുന്നതെന്ന് ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഡിസംബറിലാകെട്ട 12ാം തീയതിവരെയാണ് ഇൗ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുക. അതിന് ശേഷം ടിക്കറ്റ് നിരക്ക് ഇരട്ടിയായി വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.